എൻഡിഎയുടെ ഭാഗമാകാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ തള്ളി ജെഡിഎസ് കേരള ഘടകം

തിരുവനന്തപുരം: എൻഡിഎയുടെ ഭാഗമാകാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ തള്ളി ജെഡിഎസ് കേരള ഘടകം രംഗത്ത്. എൻഡിഎയിൽ ചേരുന്നുവെന്ന ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനം തള്ളിക്കളയുന്നുവെന്നാണ് പ്രസിഡന്റ് മാത്യു ടി തോമസ് അറിയിച്ചത്. കേരളത്തിലെ ജനതാദൾ എസ് ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുമെന്നും അദ്ദേഹം അറിയിച്ചു. പാർട്ടിയുടെ നേതൃയോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഒരു യോഗം പോലും ചേരാതെ, ഒരു തരത്തിലുള്ള ആലോചനയും ഇല്ലാതെയാണ് എൻഡിഎയുമായി സഖ്യമുണ്ടാക്കുമെന്നു ദേശീയ അധ്യക്ഷൻ പ്രഖ്യാപിച്ചത്. ഇതു സംഘടനാതത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. കേരളത്തിലെ ജനതാദൾ എസ് ദേശീയ നേതൃത്വത്തിന്റെ നീക്കത്തോടൊപ്പമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനം ജനതാദൾ എസ് സംസ്ഥാന നിർവാഹക സമിതിയോഗം സമ്പൂർണമായി തള്ളിക്കളയുന്നു. തങ്ങൾ ഇടതുപക്ഷത്തെ മതേതരകക്ഷികളുമായി കേരളത്തിൽ നാലു പതിറ്റാണ്ടിൽ അധികമായി തുർന്നുവരുന്ന മുന്നണി ബന്ധം അരക്കിട്ട് ഉറപ്പിച്ച് അവിടെത്തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.