സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി യുഡിഎഫ്; 18ന് സെക്രട്ടേറിയറ്റ് ഉപരോധം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി യുഡിഎഫ്. ഒക്ടോബർ 18ന് സെക്രട്ടേറിയറ്റ് ഉപരോധിക്കാനാണ് സെക്രട്ടറിയേറ്റിന്റെ തീരുമാനം. റേഷൻ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുമാണ് ഉപരോധം സംഘടിപ്പിക്കുന്നത്.

യുഡിഎഫിന്റെ നേതൃത്വത്തിൽ ‘റേഷൻകട മുതൽ സെക്രട്ടേറിയറ്റ് വരെ ഉപരോധം’ എന്ന പേരിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായി നടക്കുന്ന ഉപരോധത്തിൽ എല്ലാ ജില്ലകളിൽ നിന്നുമായി അരലക്ഷം പ്രവർത്തകർ പങ്കെടുക്കും. യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

എ.ഐ ക്യാമറ അഴിമതി, മാസപ്പടി തുടങ്ങിയ ആരോപണങ്ങളിൽ അന്വേഷണം നടത്തുക, കൊവിഡ് കാലത്ത് സൗജന്യക്കിറ്റ് വിതരണം ചെയ്ത ഇനത്തിൽ റേഷൻകടക്കാർക്ക് നൽകാനുള്ള 48 കോടിയുടെ കമ്മീഷൻ കുടിശിക ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും യുഡിഎഫ് മുന്നോട്ടുവെച്ചിട്ടുണ്ട്. 140 അസംബ്ലി മണ്ഡലങ്ങളിലും യുഡിഎഫിന്റെ നേതൃത്വത്തിൽ കുറ്റവിചാരണ ജനകീയ സദസുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.

കേരളത്തിന്റെ യഥാർത്ഥ ചിത്രം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫിന്റെ നീക്കം.