Politics (Page 93)

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ബിജെപി നടത്തിയ പദയാത്ര വിജയകരമെന്ന് മുൻ എംപി സുരേഷ് ഗോപി. സഹകരണ മേഖലയിലെ ഭരണാധികാരികൾക്ക് സത്ബുദ്ധി ഉദിക്കുമ്പോൾ യാത്ര പൂർണ അർത്ഥത്തിൽ എത്തും. ബിജെപി നേതാക്കൾ പദയാത്ര നല്ല രീതിയിൽ ഏകോപിപ്പിച്ചു. മാധ്യമങ്ങൾ ഒരു ദുഷ്പ്രചരണവും നടത്തിയില്ല. പൊലീസിന്റെ സാന്നിധ്യവും നീതിനിർവഹണവും പ്രശംസനീയമെന്നും സുരേഷ് ഗോപി പറഞ്ഞു.

എല്ലാ പാർട്ടിക്കാരും യാത്രയിൽ അണിനിരന്നു. സംഘശക്തിയല്ല, ഉദ്ദേശശുദ്ധിയാണ് പ്രധാനം. സഹകരണ ബാങ്കുകളിലെ തട്ടിപ്പിൽ അധികാരികൾ പ്രതിവിധി കാണണം. പദയാത്ര ലോക്സഭാ പ്രാചാരണമെന്ന ആരോപണം അവരുടെ പ്രത്യയശാസ്ത്രമാണ്. പദയാത്ര നടത്തിയത് മനുഷ്യർക്ക് വേണ്ടിയാണ്, യാത്രയ്ക്ക് രാഷ്ട്രീയമില്ല. ലോകത്തിന് ആവശ്യം സോഷ്യലിസമാണ്, അല്ലാതെ കമ്യൂണിസമല്ലഎന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏഴ് മെഗാ പദ്ധതികള്‍ക്ക് തുടക്കമായി. ഭാവിയിലെ ട്രാഫിക്, കാര്‍ഗോ വളര്‍ച്ച, സുരക്ഷാനവീകരണം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഏഴ് പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിനാകെ ഉപകരിക്കുന്ന വ്യവസായങ്ങള്‍ നടത്തുന്നതോ കമ്പോളത്തില്‍ ഇടപെടുന്നതോ ഒന്നും സര്‍ക്കാരിന്റെ കടമയല്ല എന്ന ഉദാരവത്കരണ ചിന്തയ്ക്ക് ബദലാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.’

വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ പൊതുമേഖലയിലുള്ള തന്ത്രപ്രധാന സ്ഥാപനങ്ങളെപ്പോലും സ്വകാര്യവത്ക്കരിക്കുന്ന കാലമാണിത്. വന്‍തോതിലുള്ള മൂലധനനിക്ഷേപവും ഭാവിയെ മുന്‍കൂട്ടിക്കണ്ടുകൊണ്ടുള്ള വികസന കാഴ്ചപ്പാടും നടത്തിപ്പിലെ പ്രൊഫഷണല്‍ മികവും ആവശ്യമായതിനാല്‍ സ്വകാര്യമേഖലയില്‍ മാത്രമേ ഇത്തരം സ്ഥാപനങ്ങള്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ എന്ന ചിന്തയാണ് ഇതിനുപിന്നില്‍. സമൂഹത്തിനാകെ ഉപകരിക്കുന്ന വ്യവസായങ്ങള്‍ നടത്തുന്നതോ കമ്പോളത്തില്‍ ഇടപെടുന്നതോ ഒന്നും സര്‍ക്കാരിന്റെ കടമയല്ല എന്ന ഉദാരവത്ക്കരണ ചിന്തയും ഇതിന് പിന്നിലുണ്ട്. എന്നാല്‍ ഇത്തരം ചിന്താഗതിക്കുള്ള ബദലാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ കാണാന്‍ കഴിയുക. ഇവിടെ അവയെ സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നു.

കേന്ദ്രം വില്‍പ്പനയ്ക്ക് വെക്കുന്ന സ്ഥാപനങ്ങളെ വരെ കേരളം ഏറ്റെടുത്തു പ്രവര്‍ത്തിപ്പിക്കുന്നു. ആ ബദലിന്റെ മികച്ച ദൃഷ്ടാന്തമാണ് കേരളസര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്’ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പിന്റെ പേരിലെ നിയമന തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തതോടെ അന്വേഷണം പുതിയ ദിശയിലേക്ക്. വ്യാജനിയമന ഉത്തരവ് അയച്ചത് അഖില്‍ സജീവ്. തട്ടിപ്പ് നടന്നത് ബാസിതിന്റെ അറിവോടെയെന്ന് നിഗമനം. ഹരിദാസിന്റെ മൊഴി പൂര്‍ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കേസില്‍ പൊലീസ് ഗൂഢാലോചന അന്വേഷിക്കും.
ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഏതെങ്കിലും ഗൂഢാലോചന നടന്നോ എന്നതാണ് പൊലീസ് പരിശോധിച്ചുവരുന്നത്. അഖില്‍ മാത്യുവിന് പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്. അഖില്‍ മാത്യു ഹരിദാസനെ സമീപിക്കുന്ന ദൃശ്യങ്ങള്‍ ഒന്നും സിസിടിവിയില്‍ നിന്ന് ലഭ്യമായിട്ടില്ല. ആള്‍മാറാട്ടം അടക്കം പൊലീസ് അന്വേഷിക്കും. വിശദമായ അന്വേഷണത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഹരിദാസില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അഖില്‍ സജീവിനേയും, ലെനിന്‍ രാജിനെയും കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ലെനിന്‍രാജ് 50,000 രൂപയും അഖില്‍ സജീവ് 25,000 രൂപയും ആണ് കോഴപ്പണമായി ഹരിദാസില്‍ നിന്ന് കൈപ്പറ്റിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരു ആരോപണവിധേയനായ ബാസിത് പണം വാങ്ങിയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലാത്തതിനാല്‍ പ്രതി ചേര്‍ത്തിട്ടില്ല.

തട്ടമിടല്‍ പരാമര്‍ശത്തില്‍ സിപിഐഎം നേതാവ് അനില്‍കുമാറിനെതിരെ സമസ്ത. തട്ടം മാറ്റലാണ് പുരോഗതിയെന്ന് വിശ്വസിക്കുന്നില്ലെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ശിരോവസ്ത്രവും ഹിജാബും ധരിച്ച് ലോകത്ത് ഉന്നത സ്ഥാനങ്ങളില്‍ എത്തുന്നവരുണ്ടെന്ന് സമസ്ത നേതാവ് പറഞ്ഞു. . ഇന്ത്യയില്‍ മതം ഉള്‍ക്കൊള്ളാനും നിഷേധിക്കാനും അവകാശമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

ഇസ്ലാമിക ചിട്ടകള്‍ക്കെതിരെയുള്ള ഒളിയമ്പാണ് സിപിഐഎം നേതാവിന്റെ പ്രസ്താവനയെന്ന് അബ്ദു സമദ് പൂക്കോട്ടൂര്‍ വിമര്‍ശിച്ചു. വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചുളള സിപിഎം നീക്കത്തിന്റെ ഇരട്ടത്താപ്പ് പുറത്തായി എന്നും അദ്ദേഹം പറഞ്ഞു. തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്മ്യൂണിസ്റ്റ് കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടാണെന്നായിരുന്നു അനില്‍കുമാറിന്റെ പ്രസ്താവന.
യുക്തിവാദ സംഘടനയായ എസ്സന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ് നാസ്തിക സമ്മേളനത്തിലായിരുന്നു അനില്‍കുമാറിന്റെ പരാമര്‍ശം ഉണ്ടായത്.

തിരുവനന്തപുരം: വ്യക്തിപരമായ അഭിപ്രായം പാർട്ടിയുടേതാക്കി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണക്ക് ഇടവരുത്തുമെന്ന് മുൻമന്ത്രി കെ ടി ജലീൽ. തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി വന്നതിൻറെ ഭാഗമായാണെന്ന സിപിഎം നേതാവ് അഡ്വ. കെ അനിൽകുമാറിന്റെ പ്രസ്താവനയിലാണ് കെ ടി ജലീലിന്റെ പ്രതികരണം.

കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലിം പെൺകുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല. പർദ്ദയിട്ട മുസ്ലിം സഹോദരിയെ വർഷങ്ങളായി തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിലറാക്കിയ പാർട്ടിയാണ് സിപിഎം. സ്വതന്ത്രചിന്ത എന്നാൽ തട്ടമിടാതിരിക്കലാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചതിനെ പഴിചാരി കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രതിക്കൂട്ടിലാക്കാൻ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു വ്യക്തിയുടെ അബദ്ധം ഒരു പാർട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേടാണ്. കാളപെറ്റു എന്ന് കേൾക്കുമ്പോഴേക്ക് കയറെടുക്കുന്ന പ്രവണത ശരിയല്ല. ലീഗ് നേതാവ് അബ്ദുറഹിമാൻ കല്ലായി മന്ത്രി റിയാസിനെ കുറിച്ച് ആക്രോശിച്ച ജൽപ്പനങ്ങൾ മുസ്ലിംലീഗിന്റെ നിലാപാടല്ലാത്തത് പോലെ, മന്ത്രി വീണാ ജോർജിനെതിരെ കെ എം ഷാജി ഉപയോഗിച്ച സംസ്‌കാരശൂന്യ വാക്കുകൾ ലീഗിന്റെ നയമല്ലാത്തത് പോലെ, അഡ്വ അനിൽകുമാറിന്റെ അഭിപ്രായം സിപിഎമ്മിന്റേതുമല്ലെന്ന് തിരിച്ചറിയാൻ വിവേകമുള്ളവർക്കാവണമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ 26% വരുന്ന മുസ്ലിം സമൂഹത്തെ കുറിച്ച് അത്യാവശ്യത്തിന് പോലുമുള്ള അറിവ് വലിയൊരു ശതമാനം പൊതുപ്രവർത്തകർക്കും സാഹിത്യ-കലാ -സാംസ്‌കാരിക നായകർക്കും പത്രമാധ്യമ പ്രവർത്തകർക്കും മത-സാമുദായിക നേതാക്കൾക്കുമില്ലെന്നത് ഒരു വസ്തുതയാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള പിശകുകൾ പലപ്പോഴും സംഭവിക്കുന്നത്. അവർ ഏത് രാഷ്ട്രീയ ചേരിയിൽ പെട്ടവരാണെങ്കിലും ശരി. ഒരു ജനവിഭാഗത്തിന്റെ വൈകാരിക പ്രശ്‌നങ്ങളിലും ശരിയായ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലല്ലാതെ രാഷ്ട്രീയ നേതാക്കളും പൊതുപ്രവർത്തകരും പ്രതികരിക്കരുത്. സ്വന്തം അഭിപ്രായങ്ങൾ പറയുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ തന്റെ നിരീക്ഷണങ്ങൾ താൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടേതാണെന്ന് വ്യംഗ്യമായിപ്പോലും സൂചിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. അല്ലെങ്കിൽ വർഗ്ഗീയ മനോഭാവമുള്ളവരും രാഷ്ടീയ വൈരികളും അത് വ്യാപകമായി ദുരുപയോഗം ചെയ്യുമെന്ന് ജലീൽ ചൂണ്ടിക്കാട്ടി.

തന്റെ സുഹൃത്തും സിപിഎം ആലപ്പുഴ ജില്ലാകമ്മിറ്റി അംഗവുമായ എ എം ആരിഫ് എംപിയുടെ വന്ദ്യ മാതാവ് ഒരാഴ്ച മുമ്പാണ് മരണപ്പെട്ടത്. ഞാൻ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചിരുന്നു. തന്റെ ഉമ്മയുടെ മയ്യത്ത് നമസ്‌കാരത്തിന് നേതൃത്വം നൽകിയത് ആരിഫാണ്. മതാചാരപ്രകാരം ജീവിക്കുന്ന ലക്ഷക്കണക്കിന് സഖാക്കൾ ഉള്ള നാടാണ് കേരളം, ബഹുജന പാർട്ടിയാണ് സിപിഎം. അത് മറന്ന് ചില തൽപരകക്ഷികൾ അഡ്വക്കേറ്റ് അനിൽകുമാറിന്റെ വ്യക്തിപരമായ നിരീക്ഷണം സിപിഎമ്മിന്റേതാണെന്ന വരുത്തിത്തീർത്ത് വിശ്വാസികളായ മുസ്ലിം വിഭാഗത്തിനിടയിൽ പ്രചരിപ്പിക്കുന്നത് മാന്യതക്ക് ചേർന്നതല്ല.
തങ്ങളുടെ മകൾ സുമയ്യ ബീഗം എംബിബിഎസ് പൂർത്തിയാക്കി ഡോക്ടറായി. ആൻഡമാനിലെ പോർട്ട്ബ്ലയറിലെ കേന്ദ്രസർക്കാർ മെഡിക്കൽ കോളേജിലാണ് അവൾ പഠിച്ചത്. നല്ല മാർക്കോടെ വിജയിച്ചു. ഞാനും ഭാര്യയും സുമയ്യയെ കൂട്ടാനും, 2017 ബാച്ചിന്റെ ‘ഫെയർവെൽ സെറിമണി’യിൽ പങ്കെടുക്കാനുമാണ് പോർട്ട്ബ്ലയറിൽ എത്തിയത്. ചടങ്ങിൽ സ്വാഗതം പറഞ്ഞത് സുമയ്യയാണ്. തട്ടമിട്ട അവൾ പുരോഗമന ചിന്തയിൽ ഒട്ടും പിന്നിലല്ല. വിദ്യാഭ്യാസമുള്ള തട്ടമിട്ട തലമുറയാണ് മലപ്പുറത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്തെന്നും കെ ടി ജലീൽ കൂട്ടിച്ചേർത്തു.

രാഷ്ട്രീയ ജാഥകളെ കള്ളപ്പണം ചെലവഴിക്കാനുള്ള മാർഗമാക്കുന്നത് സിപിഐഎം രീതിയാണെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി കള്ളപ്പണം ഒഴുക്കിയെങ്കിൽ സിപിഐഎം എന്തുകൊണ്ട് അന്ന് പരാതി കൊടുത്തില്ലെന്നും മുരളീധരൻ ചോദിച്ചു. ഇഡി അന്വേഷണം സുരേഷ് ഗോപിക്ക് വേദിയൊരുക്കുന്നതിനല്ലെന്നും അദ്ദേഹം പ്രതികരിച്ചു. എം വി ഗോവിന്ദൻ പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. കണ്ടലയിൽ സംസ്ഥാന സർക്കാർ അന്വേഷണം നടത്തിയാൽ പൂഴ്ത്തിവെപ്പുണ്ടാകും.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പിആർ അരവിന്ദാക്ഷൻ എ സി മൊയ്തീൻ എന്നിവരുടെ സ്വത്തുക്കളിൽ നിന്നാണ് പണം തിരിച്ചു പിടിക്കേണ്ടത്. റിസർവ് ബാങ്ക് നിയമം അനുവദിക്കുന്നുണ്ടെങ്കിൽ കരുവന്നൂർ സഹകരണ ബാങ്കിനെ കേരള ബാങ്ക് സഹായിക്കുന്നതിൽ തെറ്റില്ല. എന്നാൽ കേരള ബാങ്ക് പണം നൽകണോ എന്ന് തീരുമാനിക്കേണ്ടത് സിപിഐഎം അല്ല, റിസർവ്ബാങ്ക് ആണെന്നും മുരളീധരൻ പറഞ്ഞു.

ആര് കുറ്റം ചെയ്താലും നിയമപരമായ നടപടി എടുക്കുന്നതിന് എതിരല്ലെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്‍റ് എം കെ കണ്ണന്‍. കുറ്റകൃത്യം ശ്രദ്ധയില്‍പ്പെട്ട സന്ദര്‍ഭത്തില്‍ ഉടനടി ഉചിതമായ നടപടിയെടുത്തിട്ടുണ്ട്. കുറച്ചുകൂടി കാര്യക്ഷമമായ രീതിയില്‍ 2022-23ല്‍ ഓഡിറ്റിങ് നടന്നുകഴിഞ്ഞു. നല്ലൊരു ടീമാണ് ഓഡിറ്റിനായിട്ടുള്ളത്. നിയമത്തിന് എന്തെങ്കിലും പഴുതുണ്ടെങ്കില്‍ അത് അടച്ച് കുറച്ചുകൂടി കാര്യക്ഷമമാക്കുന്നത് തെറ്റാണോ. ഇതിനെ സ്വാഗതം ചെയ്യുകയല്ലെ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. വിശ്വാസം വീണ്ടെടുക്കാനും പ്രവർത്തനങ്ങള്‍ കുറെകൂടി കാര്യക്ഷമമാക്കാനുമുള്ള നടപടി ഈ നിയമത്തോട് കൂടി വന്നുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനെ പാര്‍ട്ടി നേതാവ് എന്ന നിലയില്‍ കണ്ടതാണ്. അദ്ദേഹവുമായി ഞാന്‍ ഷെയര്‍ ചെയ്ത എല്ലാ കാര്യങ്ങളും പറയണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെ നടക്കുന്ന മീറ്റിങ്ങില്‍ കരുവന്നൂരിന്റെ പാക്കേജുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി സർക്കാർ കാര്യങ്ങൾ രാജ്ഭവനെ അറിയിക്കുന്നില്ല. രാജ്ഭവനിലേക്ക് മന്ത്രിമാരും ഉദ്യോഗസ്ഥരും വന്നിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി നേരിട്ട് എത്തണമെന്നും ഗവർണർ പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.

നിയമപരമല്ലാതെ എന്തെങ്കിലും നടന്നാൽ പുറത്ത് വരണം. സർക്കാർ പ്രവർത്തിക്കുന്നത് പാർട്ടി പറയും പോലെയാണ്. ഒരാൾക്കും പ്രത്യേക അനുകമ്പ ഉണ്ടാകരുതെന്നാണ് പ്രതിജ്ഞ ചെയ്യുന്നത്, അത് ലംഘിക്കുകയാണെന്നും ഗവർണർ തുറന്നടിച്ചു. ‘വി സിമാരെ നിയമിക്കുന്നതിനുള്ള ബിൽ നിയമപരമല്ല. എന്താണ് അതിൽ ന്യായമുള്ളത്. നിയമോപദേശത്തിനായി സർക്കാർ 40 ലക്ഷം ചെലവാക്കുന്നു. എന്തിനാണ് ഇത്രയധികം പണം ചെലവഴിക്കുന്നതെന്നും ഗവർണർ ചോദിച്ചു.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പ്രാഥമിക സഹകരണ ബാങ്കുകളുടെ സഹായത്തോടെ പ്രത്യേക പാക്കേജ് ഉണ്ടാക്കാനാണ് സിപിഐഎമ്മും സര്‍ക്കാരും ശ്രമിക്കുന്നതെങ്കില്‍ യുഡിഎഫ് സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്നാല്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയില്‍ ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനാകില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ബാങ്ക് കൊള്ളയ്ക്ക് നല്‍കിയ ഉന്നത സിപിഐഎം നേതാക്കളെ രക്ഷപ്പെടുത്തുക മാത്രമാണ് കരുവന്നൂര്‍ പാക്കേജിലൂടെ സിപിഐഎമ്മും സര്‍ക്കാരും ലക്ഷ്യമിടുന്നത്.

നിക്ഷേപകര്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നത് കരുവന്നൂരില്‍ മാത്രമല്ല. തിരുവനന്തപുരത്തെ കണ്ടലയിലും മുട്ടത്തറയിലും തൃശൂരിലെ അയ്യന്തോളിലും ഉള്‍പ്പെടെ നൂറുകണക്കിന് നിക്ഷേപകര്‍ വേറെയുമുണ്ട്. നിക്ഷേപകരെ സംരക്ഷിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ ഈ ബാങ്കുകളിലും പാക്കേജ് നടപ്പാക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

സർക്കാർ പദ്ധതികളുടെ കുടിശ്ശിക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ കരാറുകാർ സമരത്തിലേക്ക്. വാട്ടർ അതോറിറ്റിയിൽ അറ്റകുറ്റപ്പണി നടത്തിയ വകയിൽ 16 മാസത്തെ കുടിശ്ശികയാണ് കരാറുകാർക്ക് കിട്ടാനുള്ളത്. പണി പൂർത്തിയായാലും ഉദ്യോഗസ്ഥർ ഫയലുകളിൽ തീരുമാനമെടുക്കുന്നില്ല എന്നാണ് ഇവരുടെ പരാതി. നാളെ കോഴിക്കോട് മാനാഞ്ചിറ സബ് ട്രഷറി ഓഫീസിനു മുന്നിൽ ഗവൺമെൻറ് കോൺട്രാക്ടേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തും.

കിഫ്ബി പ്രവർത്തികൾ ഏറ്റെടുത്തവർക്കും രണ്ടുവർഷം മുൻപുള്ള കുടിശ്ശിക കൊടുത്തുതീർത്തിട്ടില്ലെന്ന് കരാറുകൾ പറയുന്നു. ഇതോടെ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനാണ് ഗവൺമെൻറ് കരാറുകാരുടെ തീരുമാനം.സംസ്ഥാനത്ത് സർക്കാരിന്റെ വിവിധ വകുപ്പുകളിലായി പി.ഡബ്ല്യു.ഡി, എൽ.എസ്.ജി.ഡി, കെ.ഡബ്ല്യു.എ ഗവൺമെൻറ് കരാറുകാർക്ക് കോടികളുടെ കുടിശ്ശികയാണുള്ളത്. കഴിഞ്ഞ മാർച്ചിൽ എൽ.എസ്.ജി.ഡിയിൽ പൂർത്തീകരിച്ച കരാറുകാരുടെ ബില്ലുകൾ ഇപ്പോഴും ട്രഷറിയിൽ നിന്ന് ലഭിച്ചിട്ടില്ല എന്നാണ് പരാതി.