ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ഓഫീസിന്റെ പേരിൽ നടന്ന നിയമന തട്ടിപ്പ് കേസിൽ അഖിൽ മാത്യുവിന്റെ പേരിൽ ആൾമാറാട്ടം നടന്നുവെന്ന് റിമാൻഡ് റിപ്പോർട്ട്. നിയമന തട്ടിപ്പിന്റെ ഭാഗമായി വ്യാജ ഇ മെയിൽ ഉണ്ടാക്കിയത് റഹീസ് ആണെന്ന് ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്. റഹീസിന്റെ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതുപോലെ തന്നെ പരതിക്കാരനായ ഹരിദാസും പ്രതികളും അഖിൽ മാത്യുവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഹരിദാസിനെ വഞ്ചിച്ച് പ്രതികൾ ഒന്നേ മുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തു എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
അഖിൽ സജീവനും സംഘവും ഇതിനു മുൻപും ഇത്തരത്തിൽ നിരവധി നിയമന തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി റഹീസിനെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായിട്ടുണ്ട്. കൂടുതൽ പേർ ഈ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും കൂടുതൽ നിയമന തട്ടിപ്പുകൾ നടന്നോ എന്നും പോലീസുകാർ അന്വേഷിച്ചു വരികയാണ്

