ഇതുപോലെ നാറിപ്പുളിച്ച ഇടതുപക്ഷ സർക്കാർ ഇതുവരെ സംസ്ഥാനത്ത് ഉണ്ടായിട്ടില്ല; കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇതുപോലെ നാറിപ്പുളിച്ച ഇടതുപക്ഷ സർക്കാർ ഇതുവരെ സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

അഴിമതിയുടെ കൂത്തരങ്ങായി സംസ്ഥാനം മാറിയെന്നും ഇതിലെ വില്ലൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം അറിയിച്ചു. മാസപ്പടി വിവാദത്തിൽ തൃപ്തികരമായ മറുപടി പറയാൻ സാധിക്കാത്ത മുഖ്യമന്ത്രിക്ക് ആ കസേരയിൽ ഇരിക്കാൻ ലജ്ജയില്ലേ. ഇങ്ങനെയൊരു മുഖ്യമന്ത്രി ഇന്ത്യയിൽ എവിടെയെങ്കിലുമുണ്ടോ. നാറിപ്പുളിച്ചിട്ടും ഒരു പ്രതികരണവുമില്ലാതെ ചടഞ്ഞുകൂടി മുഖ്യമന്ത്രികസേരയിൽ ഇരിക്കുന്ന മുഖ്യമന്ത്രി ഇന്ത്യയുടെ ചരിത്രത്തിലുണ്ടോ. മുഖ്യമന്ത്രിയെ തിരുത്താൻ പാർട്ടിയുടെ അഖിലേന്ത്യാ നേതാക്കൻമാർക്ക് പോലും നട്ടെല്ലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒന്നെങ്കിൽ അഖിലേന്ത്യാ നേതൃത്വം മുഖ്യമന്ത്രിയെ തിരുത്തണം. അല്ലെങ്കിൽ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം. കോൺഗ്രസിന് ഏറെ അനുകൂലമാണ് കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം. 2019-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് സമാനമായ ചരിത്ര വിജയം ഇത്തവണയും ആവർത്തിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. രാഷ്ട്രീയ സാഹചര്യം അത്രയും അനുകൂലമായതിനാൽ 20 സീറ്റും നേടാൻ സാധിക്കുമെന്നാണ് വിശ്വാസമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.