Politics (Page 91)

മൂന്നാറിൽ ഒഴിപ്പിക്കേണ്ട കയ്യേറ്റക്കാരുടെ സ്ഥലപരിധിയിൽ എംഎം മണിയുടെ സഹോദരൻ എംഎം ലംബോദരന്റെ കയ്യേറ്റവും. സർക്കാർ ഭൂമി കയ്യേറിയാണ് ലംബോധരൻ അഡ്വഞ്ചർ പാർക്ക് അടക്കം നിർമ്മിച്ചിരിക്കുന്നത്. എല്ലാ ചട്ടങ്ങളും മറികടന്നാണ് സർക്കാർ ഭൂമിയെ സ്വന്തമാക്കിയിരിക്കുന്നത്.അതേസമയം, മൂന്നാർ ഒഴിപ്പിക്കലിനായി മലകയറുന്ന ദൗത്യസംഘം എം എം മണിയുടെ സഹോദരൻ ലംബോധരന്‍റെ കയ്യേറ്റം ഒഴിപ്പിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

റിസോർട്ടുകൾക്കു പുറമേ വാട്ടർ തീം പാർക്കുകൾ അടക്കമുളളവയാണ് സർക്കാർ ഭൂമി കയ്യേറി വൻകിടക്കാൻ ഇവിടെ നിർമിച്ചിരിക്കുന്നത്.നിയമവിരുദ്ധ പ്രവർത്തങ്ങൾ അക്കമിട്ട് നിരത്തിയാണ് റിപ്പോർ്‌ട്ടുകൾ സർക്കാരിലേക്ക് റവന്യൂ വകുപ്പ് നൽകിയത്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കാൻ കാട്ടിയ മാന്യത മുഖ്യമന്ത്രി പിണറായി വിജയന് ഇല്ലാതെ പോയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തുറമുഖ പദ്ധതിയിൽ സംഭാവനകൾ നൽകിയ മുൻ മുഖ്യമന്ത്രിമാരായ കെ കരുണാകരൻ, ഇ കെ നായനാർ, വി എസ് അച്യുതാനന്ദൻ എന്നിവരെയും മന്ത്രി അനുസ്മരിച്ചു. എന്നാൽ പിണറായി വിജയൻ, സർക്കാർ പരസ്യം ഉൾപ്പെടെ എല്ലായിടത്തും മുൻ മുഖ്യമന്ത്രിമാരെ പൂർണമായി അവഗണിച്ചുവെന്ന് അദ്ദേഹം വിമർശിച്ചു.

അൽപത്തം മാത്രം ശീലമാക്കിയ മുഖ്യമന്ത്രിയിൽ നിന്ന് അതിൽ കൂടുതൽ പ്രതീക്ഷിച്ചിട്ടു കാര്യമില്ല. മുഖ്യമന്ത്രി ആരോപിക്കുന്നത് രാജ്യാന്തര ലോബിയും വാണിജ്യ ലോബിയുമൊക്കെ തുറമുഖ പദ്ധതിക്കെതിരെ പ്രവർത്തിച്ചെന്നാണ്. എന്നാൽ വിഴിഞ്ഞം തുറമുഖ പദ്ധതി ഏതു വിധേനയും ഇല്ലാതാക്കാൻ ശ്രമിച്ചത് പിണറായി വിജയനായിരുന്നു. 5000 കോടി രൂപയുടെ പദ്ധതിയിൽ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും ഉമ്മൻ ചാണ്ടിക്കെതിരെ അന്വേഷണ കമ്മിഷനെ വച്ച് വേട്ടയാടിയും കടൽക്കൊള്ളയെന്നു വിശേഷിപ്പിച്ചും പ്രക്ഷോഭങ്ങൾ നടത്തിയും പദ്ധതി ഇല്ലാതാക്കാൻ ശ്രമിച്ചുവെന്ന് കെ സുധാകരൻ ചൂണ്ടിക്കാട്ടി.

പിണറായി വിജയൻ രാജ്യാന്തര ലോബിയുടെയും വാണിജ്യ ലോബിയുടെയും ചട്ടുകമായി പ്രവർത്തിച്ചു എന്നു സംശയിക്കണം. ലോബി ഇടപാടിൽ ഒന്നാം പ്രതി പിണറായി വിജയനാണ്. അദാനിയുടെ ആളുകൾ ഉമ്മൻ ചാണ്ടിയെയും മറ്റു നേതാക്കളെയും വട്ടമിട്ടു പറന്നപ്പോൾ അതിൽ വീഴാതിരിക്കാൻ യുഡിഎഫ് നേതാക്കൾ ജാഗ്രത കാട്ടി. അങ്ങനെയൊരു ജാഗ്രത സിപിഎം കാട്ടിയോയെന്ന് അവരുടെ നേതാക്കൾ പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേരു നൽകണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. സ്വന്തമായി ഒരു പദ്ധതി പോലും ആവിഷ്‌കരിക്കാൻ ശേഷിയില്ലാതെ, ഉമ്മൻ ചാണ്ടി സർക്കാർ തുടങ്ങിവച്ച പദ്ധതികൾ മാത്രം ഉദ്ഘാടനം ചെയ്യാൻ വിധിക്കപ്പെട്ട കേരളം കണ്ട ഏറ്റവും ഹതഭാഗ്യനായ മുഖ്യമന്ത്രിയാണ് പിണറായി. ഉമ്മൻ ചാണ്ടി തുടങ്ങിവയ്ക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്തവയിൽ വീണ്ടും കല്ലിട്ട് സായൂജ്യമടയുന്ന മുഖ്യമന്ത്രിയാണ് അദ്ദേഹം. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികളെല്ലാം യുഡിഎഫിന്റേതാണ്. സ്വന്തമായി ഒരു പദ്ധതി ആവിഷ്‌കരിക്കാനോ നടപ്പാക്കാനോ പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിന് പിന്നിൽ പ്രതിപക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണെന്ന് അദ്ദേഹം പരിഹസിച്ചു. വായിൽ തോന്നുന്നതെന്തും വിളിച്ചു പറയാൻ പാർട്ടി സെക്രട്ടറി സ്ഥാനത്തല്ല മുഖ്യമന്ത്രി കസേരയിലാണ് ഇരിക്കുന്നതെന്ന് പിണറായി വിജയൻ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിന്റെ വില കളയുന്ന തരത്തിൽ ആവർത്തിച്ച് പച്ചക്കള്ളം വിളിച്ചു പറയുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ അധഃപതിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മാധ്യമങ്ങൾ ഉള്ളത് പറയുമ്പോൾ മറ്റെയാൾക്ക് തുള്ളൽ എന്നതു തന്നെയാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ അവസ്ഥ. മന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തിൽ ആരെയൊക്കെയാണ് നിങ്ങളുടെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രിക്ക് അറിയുമോ. അറസ്റ്റിലായ അഖിൽ സജീവും ബാസിതും നിങ്ങളുടെ പാളയത്തിൽ തന്നെയുള്ള ക്രിമിനലുകളല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. സിഐടിയു പത്തനംതിട്ട ഓഫീസ് സെക്രട്ടറിയായിരുന്നില്ലേ അഖിൽ സജീവ്. സിഐടിയു ഓഫീസ് കേന്ദ്രീകരിച്ചും ഇയാൾ തട്ടിപ്പ് നടത്തിയത് മുഖ്യമന്ത്രി അറിഞ്ഞില്ലേ. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിലെ ഫണ്ട് തട്ടിയെടുത്തെന്ന് നിങ്ങളുടെ നേതാക്കൾ തന്നെ പരാതിപ്പെട്ടിട്ടില്ലേ. എന്നിട്ടും നിങ്ങളുടെ പോലീസ് എപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിഐടിയു നൽകിയ പരാതിയിൽ പോലും നടപടിയെടുക്കാതെ, പത്തനംതിട്ടയിൽ നിന്നും മുങ്ങി കോഴിക്കോട് കേന്ദ്രീകരിച്ച് ഇത്രകാലവും തട്ടിപ്പ് നടത്താൻ അഖിൽ സജീവിന് അവസരമൊരുക്കിയത് മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പും പോലീസുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അഖിൽ സജീവിനൊപ്പമുള്ള മറ്റൊരു പ്രതി എഐഎസ്എഫിന്റെ മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയാണെന്നതും മുഖ്യമന്ത്രി മറന്നു പോയോ. മഞ്ചേരി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിച്ച തലാപ്പിൽ സജീറിന്റെ വീട്ടിൽ വച്ചല്ലേ ബാസിതിനെ പോലീസ് ചോദ്യം ചെയ്തതും പിന്നീട് അറസ്റ്റ് ചെയ്തതും. എന്നിട്ടും അങ്ങയുടെ മന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയ പ്രതിക്ക് അഭയം നൽകിയ തലാപ്പിൽ സജീറിനെതിരെ പോലീസ് കേസെടുത്തോ. താൻ നിങ്ങളുടെ പിഎസിനെ കണ്ട് കാര്യങ്ങൾ സംസാരിക്കാൻ പോകുകയാണെന്ന സന്ദേശം ബാസിത് അയച്ചത് മന്ത്രിയുടെ പി എ അഖിൽ മാത്യുവിന്റെ മൊബൈൽ നമ്പറിലേക്കാണ്. അത് ബാസിത് പുറത്ത് വിട്ടിട്ടുമുണ്ട്. കൈക്കൂലി ആരോപണത്തിൽ നിരപരാധിയാണെങ്കിൽ അന്ന് തന്നെ മന്ത്രിയുടെ പി എ ഇതിനെതിരെ പരാതി നൽകാതിരുന്നത് എന്തുകൊണ്ടാണ്. അതെല്ലാം മൂടി വച്ച് അന്വേഷണം വഴിതിരിച്ച് വിട്ടെന്നു വേണം കരുതാൻ. ഇപ്പോൾ അറസ്റ്റിലായ ബാസിത് ആണ് തട്ടിപ്പിന് പിന്നിലെങ്കിൽ അയാൾ തന്നെ പിഎയ്ക്ക് എതിരെ മന്ത്രി ഓഫീസിൽ പരാതി നൽകാൻ തയാറാകുമോയെന്ന സംശയം അരിയാഹാരം കഴിക്കുന്ന ആർക്കുമുണ്ടാകാമെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

പ്രിയപ്പെട്ട മുഖ്യമന്ത്രീ, നിങ്ങളുടെ പോലീസ് പുറത്തുവിട്ട വിവരങ്ങൾ ഇപ്പോഴും സംശയകരമാണ്. പല കണ്ണികളും തമ്മിൽ ചേരുന്നില്ല. ഒരു കള്ളം പറഞ്ഞാൽ അതിനെ മറയ്ക്കാൻ പല കള്ളങ്ങൾ വേണ്ടി വരുമെന്നാണല്ലോ. മന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന പേരിൽ നിങ്ങൾ അറസ്റ്റ് ചെയ്ത അഖിൽ സജീവും ബാസിതും നിങ്ങളുടെ കൂട്ടർ തന്നെയാണ്. നിങ്ങൾ ചെല്ലും ചെലവും നൽകി തട്ടിപ്പുകാരാക്കി വളർത്തിയെടുത്തവർ. കിഫ്ബിയുടെ പേരിൽ നടത്തിയ തട്ടിപ്പിൽ നിങ്ങളുടെ സഖാവിന്റെ ഒക്കച്ചങ്ങായിമാരായി യുവമോർച്ചാക്കാരുമുണ്ടല്ലോ. അതേക്കുറിച്ചും അങ്ങ് ഒന്നും പറഞ്ഞു കേട്ടില്ല. എന്നിട്ടും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും പഴിയ്ക്കുന്ന അങ്ങയുടെ തൊലിക്കട്ടിക്ക് മുന്നിൽ നല്ല നമസ്‌ക്കാരം. ഉള്ളത് പറയുമ്പോൾ മറ്റെയാൾക്കല്ല മുഖ്യമന്ത്രീ നിങ്ങൾക്ക് തന്നെയാണ് തുള്ളലെന്നും വി ഡി സതീശൻ അറിയിച്ചു.

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 6 ജില്ലകളിലെ കലക്‌ടർമാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കലക്ടര്‍മാര്‍ക്കാണ് മാറ്റം.പത്തനംതിട്ട കലക്ടര്‍ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡിയായി നിയമിച്ചു. എ. ഷിബുവാണ് പുതിയ പത്തനംതിട്ട കലക്ടര്‍. ‌ആലപ്പുഴ കലക്ടര്‍ ഹരിത വി കുമാറിനെ മൈനിംഗ് ആന്‍റ് ജിയോളജി ഡയറക്ടര്‍ ആയി നിയമിച്ചു.

ജോണ്‍ വി സാമുവല്‍ ആണ് പുതിയ ആലപ്പുഴ ജില്ലാ കലക്ടര്‍. മലപ്പുറം ജില്ലാ കലക്ടറായ വി.ആര്‍. പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. വി.ആര്‍. വിനോദ് ആണ് മലപ്പുറത്തിന്‍റെ പുതിയ കലക്ടര്‍.കൊല്ലം കലക്ടര്‍ അഫ്‌സാന പര്‍വീണിനെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ആയി നിയമിച്ചു. എല്‍. ദേവിദാസ് ആണ് കൊല്ലത്തെ പുതിയ കലക്ടര്‍.

സ്‌നേഹജ് കുമാറിനെ കോഴിക്കോട് കലക്ടറായും, അരുണ്‍ കെ വിജയനെ കണ്ണൂര്‍ കലക്ടറായും നിയമിച്ചു.

കോഴിക്കോട്: ലോക് താന്ത്രിക് ജനാദൾ പാർട്ടി രാഷ്ട്രീയ ജനതാദളിൽ ലയിച്ചു. കോഴിക്കോട് നടന്ന ലയന സമ്മേളനത്തിൽ ആർജെഡി ദേശീയ നേതാവും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവാണ് എം വി ശ്രേയാംസ്‌കുമാറിന് പാർട്ടി പതാക കൈമാറിയത്. പാർട്ടി സംസ്ഥാന പ്രസിഡന്റായി എം വി ശ്രേയാംസ്‌കുമാറിനെ പ്രഖ്യാപിക്കുകയും ചെയ്തു. ലാലു പ്രസാദ് യാദവ് വീഡിയോ സന്ദേശത്തിലൂടെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ ലയനം ശക്തിപ്പെടുത്തുമെന്ന് തേജസ്വി യാദവ് വ്യക്തമാക്കി. ഇന്ത്യയിൽ ഉടനീളം ബിജെപി പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്തുമ്പോൾ തങ്ങൾ അവസരത്തിനൊത്തുയർന്നുവെന്നും അങ്ങനെ ജെഡിയുവുമായി ചേർന്ന് ഭരിക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം അറിയിച്ചു. ഇനി കൊടി മാറില്ലെന്നും ലയനത്തിന് വൈകിയത് അപശബ്ദങ്ങൾ ഒഴിവാക്കാന്നെന്നും എം വി ശ്രേയാംസ്‌കുമാർ പറഞ്ഞു.

ഓരോ പാർട്ടിക്കാരുടേയും മനസ്സിനുള്ളിലെ അടങ്ങാത്ത ആവേശവും ആഗ്രഹവുമാണ് സോഷ്യലിസ്റ്റുകളുടെ ഏകീകരണം എന്നത്. അതിനുള്ള കാൽവെപ്പാണ് ആർജെഡിയുമായുള്ള ലയനം. നേരത്തെ ഉണ്ടായ കയ്പേറിയ അനുഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സമയമെടുത്ത് ആലോചിച്ചാണ് തീരുമാനമെടുത്തത്. അങ്ങനെയാണ് വർഗീയ ശക്തികളോട് ഒരിക്കലും ഒരുരീതിയിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ആർജെഡിയുമായി ലയിക്കാൻ തീരുമാനിച്ചതെന്നും എല്ലാ പാർട്ടി പ്രവർത്തകരും തീരുമാനം ഒരുപോലെ അനുകൂലിച്ചുവെന്നും ഒരു അപശ്ശബ്ദം പോലും ഉണ്ടായില്ലെന്നും എം വി ശ്രേയാംസ് കുമാർ വിശദമാക്കി.

വരാനിരിക്കുന്ന പാര്ലമെന്റ് തെരഞ്ഞെടുപ്പുകളിൽ ബിജെപി യ്ക്ക് എതിരെ പ്രയോഗിക്കാൻ ശക്തിയേറിയ ഒരു തന്ത്രം മെനയുന്ന പണിപ്പുരയിലാണ് കോൺഗ്രസ്. അതിനായി ഉത്തരേന്ത്യയിൽ ജാതി രാഷ്ട്രീയവുമായാണ് ഇനി കോൺഗ്രസ് അങ്കത്തിനിറങ്ങുക. എന്നാൽ ഒരുകാലത്ത് ഈ ജാതിരാഷ്ട്രീയത്തോട് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചവരായിരുന്നു കോൺഗ്രസ്.കഴിഞ്ഞ ദിവസത്തെ പ്രവർത്തക സമിതി യോഗത്തിൽ ജാതി സെൻസസിനെ അനുകൂലിക്കുന്നവർ എത്രത്തോളമുണ്ടെന്ന് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പരിശോധിച്ചപ്പോൾ കോൺഗ്രസ് നേതൃത്വം ഒന്നാകെ കൈകളുയർത്തി യോജിപ്പ് പ്രകടിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്. ഇതിലൂടെ കോൺഗ്രസ് രാഷ്ട്രീയ ചരിത്രത്തിലെതന്നെ സുപ്രധാനമായ ഒരു കളം മാറ്റത്തിനാണ് തയ്യാറെടുത്തിരിക്കുന്നത്.

ജാതി രാഷ്ട്രീയം എന്ന വിഷയം രാഹുൽ ഗാന്ധി ഏറ്റെടുത്തു എന്ന ഒരൊറ്റ കാരണം കൊണ്ടാണ് ഇതിന്റെ പ്രാധാന്യം കോൺഗ്രസിനിടയിൽ ശക്തമായി നിലകൊള്ളുന്നത്, അത് കൂടാതെ ഏതെങ്കിലും ഒരു വിഷയത്തിൽ ഉറച്ചാൽ അതിനുവേണ്ടി ഏതറ്റം വരെയും പോകുന്ന രാഹുലിന്റെ രീതിയും കോൺഗ്രെസ്സിന് ആവേശം പകരുന്നു എന്നതും എടുത്ത് പറയേണ്ടതാണ്. ഇതിനു മുൻപും ഇത്തരത്തിലുള്ള വിഷയങ്ങൾ രാഹുൽ ഏറ്റെടുത്തിട്ടുണ്ട്. റഫാൽ ക്രമക്കേട്, അദാനിയുമായി ബന്ധപ്പെട്ട അഴിമതി, ഭാരത് ജോഡോ പദയാത്ര എന്നിവയാണവ.

കോൺഗ്രസിന് ഏറെ ഗുണം ചെയ്യുമെന്ന് കരുതി ഇടപെട്ട റഫാൽ വിഷയം എന്നാൽ പരമാവധി ശക്തിയിൽ തിരിച്ചടിക്കുകയാണുണ്ടത്. കാര്യമായ ഒരു ഫലവുമുണ്ടാക്കാൻ അദാനി വിഷയത്തിന് കഴിഞ്ഞതുമില്ല. ആകെ കോൺഗ്രസിന് ഒരു ഉണർവുണ്ടാക്കിയത് ഭാരത് ജോടോ യാത്ര മാത്രമാണ്.സംസ്ഥാനങ്ങളിൽ ബിജെപി ഉണ്ടാക്കിയെടുത്ത വിജയത്തിന്റെ ആണിക്കല്ലായി കോൺഗ്രസ് കരുതുന്ന ജാതിരാഷ്ട്രീയത്തിന്റെ ചുക്കാൻ പിടിച്ച് ബിജെപി യെ പൊളിച്ചെഴുതാൻ പറ്റുമെന്ന് കോൺഗ്രസ് കണക്കു കൂട്ടുന്നു. ഹിന്ദുക്കളിലെ മേൽജാതിക്കാരെയും ഒബിസി വിഭാഗത്തിൽ യാദവരെ ഒഴിച്ചുള്ളവരെയും ഒപ്പം നിർത്തിയാണ് ബിജെപി യു പിയിലടക്കം പ്രബലന്മാരായി വർത്തിക്കുന്നത് എന്നതും കോൺഗ്രസ് നേതൃത്വം കണ്ടറിഞ്ഞതാണ്.
എന്നാൽ ജാതിരാഷ്ട്രീയത്തെ മുൻനിർത്തി തങ്ങളുടെ വോട്ട് ബാങ്കിലേക്ക് കടന്നുകയറ്റം നടത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന ആശങ്ക സമാജ് വാദി പാർട്ടി മുന്നോട്ടു വയ്ക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനത്തി നിശ്ചയത്തത്തിൽ ഇതൊരു കല്ലുകടിയായും വന്നേയ്ക്കാം.എന്നാൽ അങ്ങനെയൊരു ആശങ്കയ്ക്കും വഴിതെളിക്കാതെ ഒരു വിട്ടുവീഴ്ചാമനോഭാവം തങ്ങൾ കാട്ടുമെന്നു കോൺഗ്രസ്സ് ഉറപ്പു നാലുന്നുമുണ്ട്.അതോടൊപ്പം ബിജെപി കോട്ടയായ യു പിയിൽ എൻ ഡി എ മുന്നണിയിൽ ഒരു വിള്ളലുണ്ടാക്കാൻ ജാതി സെൻസസ് വഴി തെളിച്ചു എന്നതിലൂടെ അതിന്റെ രാഷ്ട്രീയ പ്രാധാന്യം കോൺഗ്രസ് കാണുന്നു .
കാര്യം എന്തു തന്നെയായാലും നാനാത്വത്തിൽ ഏകത്വം വാഴ്ത്തിപ്പാടി, മതേതരത്വം വിളിച്ചോതിയ ഇന്ത്യൻ സമൂഹത്തിൽ നേതൃനിരയിൽ വർത്തിക്കേണ്ടവർ തന്നെ ഇങ്ങനെയൊരു തുറപ്പു ചീട്ടുമായി രാഷ്ര്ട്രീയ പോരിനിറങ്ങുന്നത് എത്രത്തോളം പൊതു സമൂഹത്തിനു ഉൾക്കൊള്ളാനാവും എന്നത് കണ്ടുതന്നെ അറിയണം. ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്ന ആപ്തവാക്യം ഇനി കടലിലെറിയേണ്ടി വരുമോ എന്ന ആശങ്കയും ജനങ്ങളിൽ ഉടലെടുക്കും എന്നതും വ്യക്തം..

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ്, കില.കിലയിൽ പിൻവാതിൽ നിയമനം നേടി, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി, പാര്‍ട്ടിതലത്തില്‍ നിയമനങ്ങള്‍ നടത്തിയും സര്‍ക്കാര്‍ തലത്തില്‍ സാധൂകരണം നല്‍കിയുമുള്ള തൊഴില്‍വകുപ്പിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. തൊഴില്‍വകുപ്പിലെ പിന്‍വാതില്‍ നിയമനത്തില്‍ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെയാണ് പ്രതിപക്ഷം ആഞ്ഞടിക്കുന്നത്. അധികാര ദുര്‍വിനിയോഗം നടത്തിയ മന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് യുഡിഎഫും ബിജെപിയും വ്യക്തമാക്കി. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമനടപടിക്ക് നീങ്ങുകയാണ് യുവജനസംഘടനകള്‍.

കിലെയിലേതിന് സമാനമായി തൊഴില്‍വകുപ്പിന് കീഴിലെ മറ്റ് സ്ഥാപനങ്ങളിലും സിപിഎം നേതൃത്വം പാര്‍ട്ടിക്കാരെ തിരികെക്കയറ്റിയിരിക്കുകയാണെന്നും അധികാര ദുര്‍വിനിയോഗമാണ് മന്ത്രി വി ശിവന്‍കുട്ടിയുടേതെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.ഉദ്യോഗാര്‍ഥികളുടെ തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കി, പാര്‍ട്ടിക്കാര്‍ക്ക് മാത്രം തൊഴില്‍നല്‍കുന്ന മന്ത്രി രാജിവച്ചൊഴിയണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. അനധികൃത നിയമനം റദ്ദാക്കിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും സംസ്ഥാന പ്രസിഡന്‍റ് പ്രഫുല്‍കൃഷ്ണ പറഞ്ഞു. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ഉള്‍പ്പടെ 11 പേരെയാണ് തൊഴില്‍വകുപ്പിന് കീഴിലുള്ള കിലെയില്‍ കരാറടിസ്ഥാനത്തില്‍ ഉള്‍പ്പടെ നിയമിച്ചത്. മന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ലോകായുക്തയെ സമീപിക്കുമെന്നും യുവജനനേതാക്കള്‍ അറിയിച്ചു.

കിലെയിൽ പബ്ലിസിറ്റി അസിസ്റ്റൻ്റായി സൂര്യ ഹേമനെ നിയമിക്കാൻ മന്ത്രി വി ശിവൻകുട്ടി നിരന്തര ഇടപെടൽ നടത്തിയതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ആദ്യം എതിർത്ത ധനവകുപ്പാകട്ടെ, മന്ത്രിയുടെ നിർബന്ധത്തിന് വഴങ്ങി ഒടുവിൽ നിയമനം സാധൂകരിക്കുകയും ചെയ്തു. തൊഴില്‍ മേഖലയിലെ പഠനം, ഗവേഷണം, പരിശീലനം എന്നിവ ലക്ഷ്യമിടുന്ന തിരുവനന്തപുരത്തെ കിലെയില്‍ 2021 ജനുവരി നാലിനാണ് സൂര്യ ഹേമന്‍ ദിവസവേതനക്കാരിയായി എത്തുന്നത്. ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്ക് കരാര്‍ നിയമനമായി. രണ്ടരമാസം കഴിഞ്ഞ് നിയമനം സാധൂകരിക്കണമെന്നാവശ്യപ്പെട്ട് കിലെയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തൊഴില്‍വകുപ്പിന് കത്ത് നല്‍കി. സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുവാദമില്ലാതെയുള്ള നടപടി അംഗീകരിക്കാനാകില്ലെന്ന് വകുപ്പ്. മന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ അപേക്ഷ ധനവകുപ്പിലേക്കെത്തി. ജൂലൈ ഏഴിന് നടപടി സാധൂകരിക്കാനാകില്ലെന്നും സൂര്യഹേമനെ പിരിച്ചുവിടണമെന്നും ധനവകുപ്പ് വീണ്ടും മറുപടി നല്‍കി.

പബ്ലിസിറ്റി അസിസ്റ്റന്റ്, പ്രോജക്ട് കോ-ഓർഡിനേറ്റർ, പ്യൂൺ തസ്തികകളിലേക്കായി 10 പേരുടെ നിയമനമാണ് വിവാദമായത്. നിയമനം ലഭിച്ചവരിൽ ഭൂരിഭാഗവും മന്ത്രിയുമായി അടുത്തബന്ധമുള്ള പാർട്ടി അനുഭാവികളാണ്.സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് അടക്കമുള്ളവർക്ക് ലഭിച്ച കരാർനിയമനങ്ങൾ വിവാദമായപ്പോൾ താത്കാലിക നിയമനങ്ങൾക്ക് തന്റെ വകുപ്പിന് കീഴിലുള്ള എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനെത്തന്നെ സമീപിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചിരുന്നു. എതെങ്കിലും സ്ഥാപനങ്ങളിൽ അനധികൃത നിയമനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അത്‌ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ, കിലയിലെ നിയമനങ്ങൾ മന്ത്രി കണ്ടില്ലെന്നാണ് ശക്തമായി ഉയരുന്ന ആരോപണം.

സമസ്തയിലെ ചില നേതാക്കളുടെ സിപിഎം ബന്ധം ചൂണ്ടിക്കാട്ടി മുസ്ലിം ലീഗിൽ രൂപപ്പെട്ട അസ്വസ്ഥത ഇരു സംഘടനകളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ വഷളാക്കുകയാണ്. മുസ്‌ലിം ലീഗ്‌ ജനറല്‍ സെക്രട്ടറി പി.എം.എ. സലാം സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ മുന്നോട്ട് നടത്തിയ പരാമർശവും അതിനോടുള്ള സമസ്തയുടെ പ്രതികരണവും മുൻകാല അനുഭവങ്ങളിൽ ഇല്ലാത്തതാണ്. സലാമിന്റെ പ്രസ്താവന അതിര് കടന്നതാണെന്ന് സമസ്ത വിലയിരുത്തുന്നു.

തങ്ങളും പോഷക സംഘടന നേതാക്കളും പ്രതിഷേധം അറിയിച്ചിട്ടും തിരുത്തൽ നടപടികൾക്ക് ലീഗ് തയ്യാറായിട്ടില്ല. സലാമിനെ പാണക്കാട് ശിഹാബ് തങ്ങൾ തിരുത്തുമെന്നും അല്ലെങ്കിൽ സലാം തന്നെ തെറ്റ് ഏറ്റുപറയും.സമസ്ത നേതാക്കൾ വിചാരിച്ചിട്ട് ഒന്നും നടന്നില്ലെന്ന് മാത്രമല്ല, തലയുള്ളപ്പോള്‍ വാല് ആടേണ്ടെന്ന സാദിഖലി തങ്ങളുടെ പ്രതികരണം വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപനം കൂടിയായി. സലാമിനെതിരെ സമസ്തയില്‍ ഉയര്‍ന്ന പ്രതിഷേധം ഇപ്പോള്‍ സാദിഖലി തങ്ങള്‍ക്കെതിരെ കൂടി തിരിയുകയാണ്. സമസ്ത കേന്ദ്രങ്ങളില്‍നിന്നു സമൂഹമാധ്യമങ്ങള്‍ വഴി വ്യാപക വിമർശനം ഉയരുന്നു.

വൈദ്യുതി നിരക്കിൽ ചെറിയ വർദ്ധന വേണ്ടി വരുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. വൈദ്യുതി പുറത്തുനിന്ന് വാങ്ങുമ്പോൾ അവരാണ് വില നിശ്ചയിക്കുന്നത്. വൈദ്യുതി തരുന്ന ആളുകളാണ് വില പറയുന്നത്, വൈദ്യുതി നിരക്ക് കൂട്ടണമെന്ന് തീരുമാനം റെഗുലേറ്റർ കമ്മീഷൻ ഏറ്റെടുക്കുമെന്ന് വൈദ്യുത മന്ത്രി പറഞ്ഞു.

ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശമാണ് നിലവിൽ 17 പൈസ വർധിപ്പിക്കാൻ കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വലിയ നിരക്ക് വർദ്ധനവ് വരില്ല ചെറിയ രീതിയിൽ വർദ്ധിപ്പിക്കുകയുള്ളൂ എന്നും അതിനിടയിൽ മഴപെയ്യുകയാണെങ്കിൽ നിരക്ക് വർദ്ധനവിൽ നിന്ന് രക്ഷപ്പെടാനും സാധിക്കുമെന്നും വൈദ്യുത മന്ത്രി പറഞ്ഞു.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം കൂടാതെ ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് മാണി വിഭാഗം കോൺഗ്രസ്.

മാണി വിഭാഗം യുഡിഎഫ് വിട്ടതിനു ശേഷമുള്ള ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ കോട്ടയം തന്നെയാവണം ഇടതുമുന്നണിയും കോൺഗ്രസിന് നൽകുക. ഈ സാഹചര്യത്തിൽ ഒരു സീറ്റ് കൂടി ഇടുക്കിയിലോ പത്തനംതിട്ടയിലോ ചോദിക്കാനാവും പാർട്ടി ഉദ്ദേശിക്കുന്നതെന്നാണ് പൊതുവെ റിപ്പോർട്ടുകൾ പറയുന്നത്.

ഇടതു മുന്നണി പാർട്ടി വിഭജന ചർച്ചയിൽ ഇക്കാര്യം ചർച്ചചെയ്യാനുള്ള ഉദ്ദേശത്തിലാണ് പ്രവർത്തകർ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണക്കു മധ്യകേരളത്തിൽ നേട്ടമുണ്ടായതിന്റെ പ്രധാന കാരണം കേരളാകോണ്ഗ്രെസ്സിന്റെ വരവാണെന്നാണ് പാർട്ടി വിലയിരുത്തുന്നത്. അതിനാൽ തന്നെ കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്നാണ് പാർട്ടി യോഗത്ത്ന്റെ അഭിപ്രായവും.കേരള കോൺഗ്രസിനെ യുഡിഎഫിലേക്ക് മടക്കികൊണ്ടുവരണമെന്ന ആവശ്യം ഉയർന്നിരിക്കുമ്പോൾ വീണ്ടുമൊരു സീറ്റ് എന്നത് യുഡിഎഫ് ന്റെ സമ്മർദ തന്ത്രമായാണ് എതിർ കക്ഷികൾ വിലയിരുത്തുന്നത്.