Politics (Page 62)

കുഞ്ഞുങ്ങളുടെ മൃതദേഹമാണ് ഉണ്ണിയേശു കിടക്കേണ്ടിടത്ത് കണ്ടതെന്നും മനുഷ്യത്വത്തിനെതിരായ യുദ്ധമാണ് നടക്കുന്നതെന്നും പലസ്തീൻ വിഷയം പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമാധാനം എന്നത് യേശു ജനിച്ച മണ്ണിൽ മുങ്ങി മരിക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകൾ പാലായനം ചെയ്യുന്നതും പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതും വേദനാജനകമാണ്. അതിക്രൂരമായ ആക്രമണമാണ് ഇസ്രായേൽ പലസ്തീനിൽ നടത്തുന്നത്. ഇത് ആദ്യമാകാം ആഘോഷമില്ലാത്ത ഒരു ക്രിസ്മസ്. ആ മണ്ണിൽ ഗുരു സന്ദേശത്തിന്റെ വെളിച്ചം എത്തിയിരുന്നെങ്കിൽ ചോരപ്പാടുകൾ കാണില്ലായിരുന്നു. വംശ വിദ്വേഷത്തിന്റെ കലാപ തീയാണ് പടർന്ന് വ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാമക്ഷേത്ര ഉദ്ഘാടനം ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് വിലയിരുത്തി ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി യോഗം. ബിജെപിയുടെ മുതലെടുപ്പ് തന്ത്രം ജനം തിരിച്ചറിയണമെന്നും യോഗത്തിന് ശേഷം നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബിജെപി രാഷ്ട്രീയ നേട്ടത്തിനാണ് ഇത് ഉപയോഗിക്കുന്നതെന്ന് പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. എല്ലാ ആരാധനാലയങ്ങൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ആ നിലയിൽ മുസ്ലിംലീഗ് വിശ്വാസികൾക്കൊപ്പമാണ്. എന്നാൽ ബിജെപി ഇതിനെ രാഷ്ട്രീയ അജണ്ടയാക്കുന്നതിനോട് യോജിക്കാനാവില്ലെന്നും തങ്ങൾ വ്യക്തമാക്കി.

വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനമായി ബിജെപി ക്ഷേത്ര ഉദ്ഘാടനം മാറ്റുകയാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈന്ദവ സമുദായത്തിന്റെ വിശ്വാസത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും മുസ്ലിംലീഗ് അങ്ങേയറ്റം ബഹുമാനിക്കുന്നു. എന്നാൽ ഉദ്ഘാടന ചടങ്ങ് ബിജെപി കേവലം രാഷ്ട്രീയമാക്കി മാറ്റുകയാണ്. ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് എല്ലാവരും തിരിച്ചറിയണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വിവേകത്തോടെയാണ് ഈ വിഷയത്തെ സമീപിക്കുന്നത്. ഭരണഘടനാ ധാർമ്മികതയും മതനിരപേക്ഷ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് രാഷ്ട്രീയമായി ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നതിൽ ഒറ്റക്കെട്ടായി മതേതര ശക്തികൾക്ക് നിലയുറപ്പിക്കാനാകണം. മത വിശ്വാസത്തെ അധികാരത്തിനുള്ള മറയാക്കുന്ന ബി.ജെ.പിയെ വിശ്വാസി സമൂഹം തിരിച്ചറയിണം. ഇന്ത്യക്കാരുടെ വിശപ്പും, തൊഴിലില്ലായ്മയും മറ്റ് ജനകീയ പ്രശ്നങ്ങളുമാണ് രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്ര ബിന്ദുവാകേണ്ടത്. അതാണ് ശരിയായ ജനാധിപത്യം. രാമക്ഷേത്രത്തെ മറയാക്കി യഥാർത്ഥ പ്രശ്നങ്ങളെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ ഇന്ത്യൻ ജനത ജാതി മത വിത്യാസമില്ലാതെ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കുമെന്ന പ്രത്യാശയും മുസ്ലിംലീഗ് പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി യോഗം പങ്കുവെച്ചു. ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഭാരത് ജോഡോ യാത്ര നടത്താൻ കോൺഗ്രസ്. ഭാരത് ന്യായ് യാത്ര എന്ന പേരിലാണ് യാത്ര നടത്തുക. മണിപ്പുരിൽ നിന്ന് മുംബൈയിലേക്കാണ് യാത്രയെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ജനുവരി 14നാണ് യാത്ര ആരംഭിക്കുന്നത്. മാർച്ച് 20ന് മുംബൈയിൽ വെച്ച് യാത്ര അവസാനിക്കും.

85 ജില്ലകളിലൂടെയായിരിക്കും യാത്ര കടന്നുപോകുക. 14 സംസ്ഥാനങ്ങളിലൂടെ 65 ദിവസമെടുത്ത് 6200 കിലോമീറ്റർ ദൂരത്തിലായിരിക്കും യാത്ര. മണിപ്പുർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ഝാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഭാരത് ന്യായ് യാത്ര കടന്നുപോകുന്നത്.

അതേസമയം, ഭാരത് ജോഡോ യാത്ര പൂർണ്ണമായും പദയാത്രയായിരുന്നെങ്കിൽ ഭാരത് ന്യായ് യാത്ര ബസിലായിരിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. ബസ് യാത്രയ്ക്കിടെ നടത്തവും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തൃണമൂൽ ഭരണത്തിൽ ബംഗാൾ സ്തംഭനാവസ്ഥയിലായെന്ന് അദ്ദേഹം പറഞ്ഞു.

തൃണമൂൽ എംപിമാരുടേതു മോശം പെരുമാറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദീദിയുടെ (മമത) എംപി സമ്മാനങ്ങൾക്കായി ബിസിനസുകാരുമായി തന്റെ പാസ്‌വേഡ് പങ്കിടുന്നു. ഇപ്പോൾ അവർ ആ എംപിയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ബംഗാളിലെ പാവങ്ങളെക്കുറിച്ച് എത്ര ചോദ്യങ്ങൾ ചോദിച്ചു. അവർ ഒരിക്കലും അത് ചെയ്യില്ല, കാരണം പാവങ്ങൾക്ക് വിലകൂടിയ സമ്മാനങ്ങൾ നൽകാൻ കഴിയില്ലെന്ന് മഹുവ മൊയ്ത്രയെ ഉദ്ദേശിച്ച് അമിത് ഷാ വ്യക്തമാക്കി.

എല്ലാ സമൂഹമാധ്യമ പോരാളികളും തീരുമാനിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഏത് ചാനലിനേക്കാളും പത്രത്തേക്കാളും കൂടുതൽ പ്രചാരം നേടാനാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിജയിപ്പിക്കുന്നതിൽനിന്ന് നിങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്നും അതാണ് നിങ്ങളുടെ ഏറ്റവും വലിയ ഉത്തരവാദിത്തമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

മുംബൈ: ഇന്ത്യ മുന്നണിക്ക് പൊതുവായി പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി എൻസിപി ശരദ് വിഭാഗം അദ്ധ്യക്ഷൻ ശരദ് പവാർ. തിരഞ്ഞെടുപ്പിന് ശേഷമാകും അത്തരം ചർച്ചകൾ നടക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തവണ ഇന്ത്യ മുന്നണി കളത്തിലിറങ്ങുക 1977 ൽ പ്രതിപക്ഷ കക്ഷികൾ തിരഞ്ഞെടുപ്പിനെ നേരിട്ട മാതൃകയിലായിരിക്കും. 1977 ൽ എല്ലാ പ്രതിപക്ഷ പാർട്ടികളും മത്സരിച്ചത് ഒരു മുന്നണിയായിട്ടായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

അന്ന് ഒരു മുഖത്തെയും ഉയർത്തിക്കാട്ടിയല്ല തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പിന് ശേഷമാണ് ഒരു പാർട്ടിയായി മാറിയതും മൊറാൾജി ദേശായി പ്രധാനമന്ത്രിയായതും. 2024 ലും ആ മാതൃക തന്നെ ഇന്ത്യ സഖ്യം പിന്തുടരുമെന്ന് അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നാമനിർദ്ദേശം ചെയ്തു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് അദ്ദേഹത്തെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നാമനിർദ്ദേശം ചെയ്തത്.

കോൺഗ്രസ് വിട്ട കണ്ണൂരിൽ നിന്നുള്ള നേതാവ് സി രഘുനാഥിനെ ബിജെപി ദേശീയ കൗൺസിലിലേക്കും നാമനിർദ്ദേശം ചെയ്തു. കഴിഞ്ഞ ദിവസം ന്യൂഡൽഹിൽ വച്ചാണ് സി രഘുനാഥും മേജർ രവിയും ബിജെപി അംഗത്വം സ്വീകരിച്ചത്. ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് അംഗത്വം നൽകി ഇരുവരെയും പാർട്ടിയിലേക്ക് സ്വീകരിച്ചത്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണി. കരിങ്കൊടി പ്രതിഷേധത്തിനെതിരെയുള്ള ആക്രമണം രക്ഷാപ്രവർത്തനമാണെന്ന മുഖ്യമന്ത്രിയുടെ പദപ്രയോഗത്തിനെതിരെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.

ജീവൻ രക്ഷാപ്രവർത്തനത്തിന്റെ പ്രത്യാഘാതമാണ് കേരളത്തിലെ തെരുവുകളിൽ കണ്ടതെന്നും പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാർക്ക് നല്ല ബുദ്ധിയുണ്ടാവട്ടേയെന്നും ആന്റണി പറഞ്ഞു.

മുഖ്യമന്ത്രി കുറച്ചുകൂടി പക്വത കാണിച്ചിരുന്നെങ്കിൽ കേരളമാകെ ചെറുപ്പക്കാരുടെ ചോര വീഴില്ലായിരുന്നു. അവിടെയാണ് ഉമ്മൻ ചാണ്ടിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം. ഉമ്മൻ ചാണ്ടി ഒരിക്കലും രക്തം ചീന്തുന്നതിന് വേണ്ടി ആഗ്രഹിച്ചിരുന്നില്ല. അവിടെയാണ് അദ്ദേഹത്തിന്റെ മഹത്വം. അത് എല്ലാവരും കണ്ടുപഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കുന്നതിനെ കുറിച്ചുള്ള സൂചന മുന്നോട്ടുവെച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. അടുത്ത തിരഞ്ഞെടുപ്പ് തന്റെ അവസാന മത്സരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന്റെ പ്രത്യേക അഭിമുഖ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.മോദി എതിരാളിയായി വന്നാൽ എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തിരുവനന്തപുരത്ത് എതിരാളിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നാൽ എന്ത് സംഭവിക്കുമെന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു അദ്ദേഹം മറുപടി നൽകിയത്.

തിരുവനന്തപുരത്ത് മത്സരിക്കാൻ താൽപര്യമുണ്ട്. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ തന്റെ സേവനം കണ്ടിട്ടുണ്ട്. തന്നെയും കണ്ടിട്ടുണ്ട്. തന്റെ ഗുണങ്ങളും കഴിവുകളും കഴിവില്ലായ്മയും എല്ലാം അവർക്കറിയാം. മതിയായി എന്നൊരു തോന്നലുണ്ടെങ്കിൽ അവരുടെ എംപിയെ മാറ്റാൻ അവർക്ക് അവകാശമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താൻ ആദ്യം രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ വിദേശകാര്യ മന്ത്രിയാവുക എന്നത് തന്റെ സ്വപ്നമായിരുന്നു. അത് യാഥാർത്ഥ്യമായില്ല. ഇനി അത് ആവാനുള്ള സാദ്ധ്യത ജനങ്ങളുടെ കയ്യിലാണ്. ഇപ്പോൾ തന്റെ ആഗ്രഹം പാർട്ടി തന്നോട് ആവശ്യപ്പെട്ടാൽ നാലാമത്തെ തവണ കൂടി മത്സരിക്കും. അത് അവസാനത്തെ മത്സരമായിരിക്കും. ഒരു തവണ കൂടി എംപിയാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം തയാറായി. സുരേഷ് ഗോപിക്കെതിരെ കൂടുതൽ വകുപ്പുകൾ ചേർത്തെന്നാണ് റിപ്പോർട്ട്.

ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം ഉണ്ടായത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതോടെ നവംബറിൽ സുരേഷ് ഗോപി നടക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു.

നവകേരള സദസ്സ് കഴിഞ്ഞതിനാൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് തീരുമാനം. സംഭവത്തിന്റെ വിഡിയോ ക്ലിപ്പുകൾ പൊലീസ് പരിശോധിച്ചു. 17 മാധ്യമപ്രവർത്തകരുടെ മൊഴിയും രേഖപ്പെടുത്തി. സ്വകാര്യ ഹോട്ടലിലെ ജീവനക്കാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവിയും കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന സി രഘുനാഥും ബിജെപി അംഗത്വം സ്വീകരിച്ചു. ഡൽഹിയിൽ പാർട്ടി അദ്ധ്യക്ഷൻ ജെ പി നദ്ദയുമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തി. ഇരുവർക്കും ജെ പി നദ്ദ ആശംസകൾ നേർന്നു. കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖ വ്യക്തിത്വങ്ങൾ പാർട്ടിയിൽ ചേരാൻ സന്നദ്ധരാവുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സി രഘുനാഥ് കോൺഗ്രസ്സിന്റെ ഉന്നതനേതാക്കളിലൊരാളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കുകയും ചെയ്തിരുന്നു.

ദേശീയതയോട് ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹമെന്ന് മേജർ രവി വ്യക്തമാക്കി. കമ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും ദേശീയതക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ സി രഘുനാഥ് പ്രതികരിച്ചു.