തിരുവനന്തപുരത്ത് മത്സരിക്കാൻ താൽപര്യമുണ്ട്; അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്ന് ശശി തരൂർ

തിരുവനന്തപുരം: 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കുന്നതിനെ കുറിച്ചുള്ള സൂചന മുന്നോട്ടുവെച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. അടുത്ത തിരഞ്ഞെടുപ്പ് തന്റെ അവസാന മത്സരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന്റെ പ്രത്യേക അഭിമുഖ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.മോദി എതിരാളിയായി വന്നാൽ എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തിരുവനന്തപുരത്ത് എതിരാളിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നാൽ എന്ത് സംഭവിക്കുമെന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു അദ്ദേഹം മറുപടി നൽകിയത്.

തിരുവനന്തപുരത്ത് മത്സരിക്കാൻ താൽപര്യമുണ്ട്. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ തന്റെ സേവനം കണ്ടിട്ടുണ്ട്. തന്നെയും കണ്ടിട്ടുണ്ട്. തന്റെ ഗുണങ്ങളും കഴിവുകളും കഴിവില്ലായ്മയും എല്ലാം അവർക്കറിയാം. മതിയായി എന്നൊരു തോന്നലുണ്ടെങ്കിൽ അവരുടെ എംപിയെ മാറ്റാൻ അവർക്ക് അവകാശമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താൻ ആദ്യം രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ വിദേശകാര്യ മന്ത്രിയാവുക എന്നത് തന്റെ സ്വപ്നമായിരുന്നു. അത് യാഥാർത്ഥ്യമായില്ല. ഇനി അത് ആവാനുള്ള സാദ്ധ്യത ജനങ്ങളുടെ കയ്യിലാണ്. ഇപ്പോൾ തന്റെ ആഗ്രഹം പാർട്ടി തന്നോട് ആവശ്യപ്പെട്ടാൽ നാലാമത്തെ തവണ കൂടി മത്സരിക്കും. അത് അവസാനത്തെ മത്സരമായിരിക്കും. ഒരു തവണ കൂടി എംപിയാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.