Politics (Page 63)

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നവകേരള സദസ് കഴിഞ്ഞെന്നും ഇനി സമരസദസാണ് കേരളത്തിൽ നടക്കാൻ പോകുന്നതെന്നും കെ മുരളീധരൻ പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് കോൺഗ്രസ് മാർച്ചിന് നേരെ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചത്. നവ കേരള സദസ് പത്തുനിലയിൽ പൊട്ടിയതിന്റെ ക്ഷീണം തീർക്കാനാണ് ഇന്നലത്തെ പൊലീസ് നടപടിയെന്നും അദ്ദേഹം പരിഹസിച്ചു.

മുഖ്യമന്ത്രി യുഡിഎഫ് എംപിമാരെ നിരന്തരം കുറ്റപ്പെടുത്തുകയാണ്. ഇതെല്ലാം മോദി പിണറായി കൂട്ടുകെട്ടിന്റെ ഭാഗമാണ്. ഇടതുമുന്നണിയിൽ തിരുത്തൽ ശക്തിയായിരുന്ന സിപിഐ ദാസ്യവേല തുടങ്ങിയതാണ് കഷ്ടം. ഇന്നലെ സെക്രട്ടേറിയേറ്റ് മാർച്ചിൽ യുവമോർച്ച പ്രകോപനമുണ്ടാക്കിയിട്ടും ഒഴുക്കൻ മട്ടിലായിരുന്നു പൊലീസ് നടപടി. കേന്ദ്രത്തിൽ മോദി ചക്രവർത്തിയും ഇവിടെ പിണറായി തമ്പുരാനുമാണ്. രണ്ടുപേർക്കുമെതിരായാണ് യുഡിഎഫിന്റെ പ്രതിരോധമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മാധ്യമ പ്രവർത്തകക്കെതിരായ കേസിൽ മോദി ചെയ്യുന്നത് തന്നെയാണ് പിണറായിയും ചെയ്യുന്നത്. ദിവസവും നവകേരള സദസിൽ തള്ളുന്ന പിണറായി എംപിമാരുടെ സസ്‌പെൻഷനെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. നിയമസഭയിൽ എംഎൽഎമാരുടെ സസ്‌പെൻഷൻ കൂടിയേ ഇനി ബാക്കിയുള്ളൂ. എംപിമാർക്കെതിരെയുള്ള ആക്രമണത്തിൽ ലോക്‌സഭാ സ്പീക്കർക്ക് പരാതി നൽകുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിന്റെ വേദിക്കരികെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതിൽ പ്രതിഷേധവുമായി ഒറ്റയാൾ സമരം നടത്തി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിന് സമീപമാണ് കറുത്ത വസ്ത്രമണിഞ്ഞ് ചാണ്ടി ഉമ്മൻ പ്രതിഷേധം നടത്തിയത്.

നവകേരളസദസ്സിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുന്ന വഴിയരികിലാണ് കറുപ്പണിഞ്ഞ് കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ പ്രതിഷേധിച്ചത്. ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിന്റെ വേദിക്കരികെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതിനെതിരായ പ്രതിഷേധമാണ് താൻ നടത്തുന്നതെന്ന് ചാണ്ടി ഉമ്മൻ അറിയിച്ചു.

കറുപ്പ് വസ്ത്രം ധരിച്ച് വഴിയരികിൽ നിൽക്കാൻ പാടില്ലെന്ന് പൊലീസ് തന്റെ സഹപ്രവർത്തകനോട് പറഞ്ഞു. വാകത്താനത്ത് കറുപ്പ് വസ്ത്രം ധരിച്ച പഞ്ചായത്തംഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹപ്രവർത്തകരെ നവകേരളസദസ്സിന്റെ തുടക്കം മുതൽ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലടക്കമുള്ള പ്രതിഷേധമാണ് താനുയർത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: എഐസിസിയുടെ സംഘടനാ ചുമതലകളിൽ മാറ്റം. കേരളത്തിന്റെ ചുമതലയിൽ നിന്ന് താരിഖ് അൻവറിനെ മാറ്റി. അദ്ദേഹത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനവും എടുത്തുകളഞ്ഞു. കേരളത്തിന്റെ പുതിയ ചുമതല നൽകിയിരിക്കുന്നത് ദീപാ ദാസ് മുൻഷിക്കാണ്.

ദേശീയ ജനറൽ സെക്രട്ടറിയായ പ്രിയങ്കാഗാന്ധിയെ ഉത്തർപ്രദേശിന്റെ ചുമതലയിൽനിന്ന് മാറ്റി. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ചുമതലകളിലെ മാറ്റം വരുത്തിയിരിക്കുന്നത്. പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവായ രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല നൽകി. കെ സി വേണുഗോപാൽ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരും. സച്ചിൻ പൈലറ്റിന് ഛത്തീസ്ഗഢിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്.

അജയ് മാക്കൻ ട്രഷററായും ജയറാം രമേശ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ചുമതലയിലും തുടരും. എഐസിസി അധ്യക്ഷസ്ഥാനം മല്ലികാർജുൻ ഖാർഗെ ഏറ്റെടുത്തതിനുശേഷം പുതിയ വർക്കിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ ചുമതലകൾ നൽകിക്കൊണ്ടുള്ള പട്ടിക കോൺഗ്രസ് പുറത്തിറക്കിയത്.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ച‍ടങ്ങില്‍ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കില്ല. സീതാറാം യെച്ചൂരി പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചു. അതേസമയം, കൂടുതൽ പ്രതിപക്ഷ നേതാക്കളെ ച‍ടങ്ങിലേക്ക് ക്ഷണിക്കുകയാണ് ക്ഷേത്ര ട്രസ്റ്റ്. ചടങ്ങിലേക്ക് സോണിയ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ എൻ സി പി അധ്യക്ഷൻ ശരദ് പവാറിനും ക്ഷണം ലഭിച്ചിട്ടുണ്ട്. ചടങ്ങിലേക്ക് എല്ലാ പാർട്ടി അധ്യക്ഷന്മാരെയും ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയോ പ്രതിനിധി സംഘമോ ചടങ്ങിൽ പങ്കെടുക്കും എന്നതാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാര്‍ച്ചിനെതിരെ പൊലീസ് അതിക്രമം ഉണ്ടായ പശ്ചാത്തലത്തിൽ കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. പന്തം കൊളുത്തി എല്ലായിടത്തും മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരങ്ങളിൽ പ്രതിഷേധം നടക്കും. പൊലീസ് അതിക്രമം യൂത്ത് കോൺഗ്രസ് മാര്‍ച്ചിലും കെഎസ്‌യു മാര്‍ച്ചിലും നടത്തിയെന്ന് ആരോപിച്ചാണ് ഇന്ന് ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

പൊലീസ് ടിയര്‍ ഗ്യാസ് പൊട്ടിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രസംഗിച്ചതിന് പിന്നാലെ കെ സുധാകരൻ പ്രസംഗം ആരംഭിച്ചപ്പോഴാണ്. ഇതേത്തുടര്‍ന്ന് സംസ്ഥാന അധ്യക്ഷനടക്കമുള്ള നേതാക്കൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രസംഗത്തിനിടെ ഒരു വശത്ത് ബാരിക്കേഡിന് മുകളിൽ കയറിയതിന് പിന്നാലെയാണ് ജലപീരങ്കി പ്രയോഗവും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചത്.

ഒരു കണ്ണീര്‍ വാതക ഷെല്ല് പ്രതിപക്ഷ നേതാവിന്റെ തൊട്ടടുത്താണ് വീണത്. ഇതാണ് നേതാക്കൾക്കാകെ അസ്വാസ്ഥ്യം നേരിടാൻ കാരണം. നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പ്രവര്‍ത്തകര്‍ ഒന്നടങ്കം കെപിസിസി ഓഫീസ് സ്ഥിതി ചെയ്യുന്ന വെള്ളയമ്പലം ഭാഗത്തേക്ക് പോയി. ഇവിടെ റോഡ് ഉപരോധിച്ചത് വലിയ ഗതാഗത തടസം ഉണ്ടാകാൻ കാരണമായി.

മഹിളാ മോർച്ച പ്രവർത്തകർ പൊലീസ് മേധാവിയുടെ വസതിക്കുള്ളിൽ കയറി പ്രതിഷേധിച്ച സംഭവത്തിൽ പൊലീസുകാർക്ക് സസ്പെൻഷൻ. നടപടി മൂന്ന് പേർക്കെതിരെയാണ്. സസ്പെൻഷൻ,നിരുത്തരവാദപരവും അശ്രദ്ധവുമായ നടപടിയാണ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ്. സസ്പെൻഡ് ചെയ്തത് റാപ്പിഡ് റെസ്‌പോൺസ് ടീമിലെ മുരളീധരൻ നായർ, സജിൻ, മുഹമ്മദ് ഷെബിൻ എന്നിവരെയാണ്.

ഗേറ്റ് തുറന്ന് കൊടുത്തത് തെറ്റായ നടപടിയാണെന്നും പരാതി നൽകാനെന്ന വ്യാജേന എത്തിയവരെ തിരിച്ചറിഞ്ഞില്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.മഹിളാ മോർച്ച പ്രവർത്തകർ വണ്ടിപ്പെരിയാർ കേസിൽ വീഴ്ച ആരോപിച്ചാണ് ഡിജിപിയുടെ ഔദ്യോഗിക വസതിയിൽ തള്ളിക്കയറിയത്. പത്തോളം പ്രവർത്തകർ ഡിജിപി വീട്ടിലുള്ള സമയത്താണ് പൊലീസിനെ മറികടന്ന് അകത്തെത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയാണ് കേരളത്തിൽ നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി എന്നും പൊലീസിനെ മുഖ്യമന്ത്രി രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നെന്നും ​ഗവർണർ ആരോപിച്ചു. സ്വതന്ത്രമായി പൊലീസിനെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് ​ഗവർണർ പറഞ്ഞു. ക്രിമിനലുകളാണ് കേരളത്തിലെ സിപിഐഎമ്മിലും അതിന്റെ പോഷക സംഘടനകളിലും ഉള്ളതെന്ന് ​ഗവർണർ വിമർശിച്ചു.

കരുതി കൂട്ടിയുള്ള അക്രമമാണ് അവർ നടത്തുന്നത് എന്നും ​ഗവർണർ പറഞ്ഞു. സ്കൂളുകളുടെ മതിൽ നവ കേരള യാത്രയുടെ പേരിൽ തകർക്കുന്നു. ക്ഷേത്രങ്ങളുടെ പവിത്രത നശിപ്പിക്കാൻ ശ്രമിക്കുന്നു. പോലീസിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്കാകുന്നില്ലെന്ന് ​ഗവർണർ പറഞ്ഞു. മുഖ്യ മന്ത്രിയാണ് പോലീസിനെ രാഷ്ട്രീയവൽക്കരിക്കുന്നതെന്നും ​ഗവവർണർ‌ പറഞ്ഞു. കോടതിപോലും അത് പരാമർശിച്ചിരുന്നു. മുഖ്യമന്ത്രിയാണ് നിയമവാഴ്ച തകർക്കാൻ കൂട്ടുനിൽക്കുന്നതെന്ന് ​ഗവർണർ വിമർശിച്ചു.

​ഗവർണർ, ട്വന്റിഫോർ റിപ്പോർട്ടർ വിനീത് വിജിക്കെതിരായ പൊലീസ് നടപടിയിലും പ്രതികരിച്ചു. കേസ്, റിപ്പോർട്ടർക്കെതിരെ എടുത്തതിൽ പുതുമയില്ലെന്നും മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ആര് സംസാരിച്ചാലും അവർക്കെതിരെ കേസ് എടുക്കുമെന്നും ​ഗവർണർ കൂട്ടിച്ചേർത്തു.

കെപിസിസിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഡിജിപി ഓഫിസ് മാർച്ചിനെതിരെയുണ്ടായ പൊലീസ് നടപടിയെ വിമർശിച്ച് കെ സുധാകരൻ. മുഖ്യമന്ത്രി ബോഡി ​ഗാർഡ് എന്നു പറയുന്ന ​ഗുണ്ടകൾക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്ന് സുധാകരൻ വിമർശിച്ചു. എല്ലാം തീരുമാനിക്കുന്നത് ഈ ​ഗുണ്ടകളാണ് എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൊലീസ് നടപടി എന്നും അദ്ദേഹം ആരോപിച്ചു. ഒരു പ്രകോപനവും ഉണ്ടാക്കിയിരുന്നില്ല. ​

കെ സുധാകരൻ പൊലീസ് അതിക്രമത്തിനെതിരെ നോക്കിയിരിക്കില്ലെന്നും പ്രതികരിക്കുമെന്ന് വ്യക്തമാക്കി. പൊലീസ്, മാർച്ചിന് നേരെ ടിയർ ​ഗ്യാസും ജലപീരങ്കിയും പ്രയോ​ഗിച്ചിരുന്നു. കെ സുധാകരന് ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വേദിയിലേക്കാണ് ടിയർ ​ഗ്യാസ് വന്നതെന്നും ശ്വാസ തടസം ഉണ്ടായെന്നും സുധാകരൻ പറഞ്ഞു.

കോൺഗ്രസ് ഡിജിപിയുടെ ഓഫിസിലേക്ക് നവകേരള യാത്രയ്‌ക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർ‌ദിച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. പൊലീസ് ജലപീരങ്കി പ്രതിപക്ഷ നേതാവ് സംസാരിക്കാനാരംഭിച്ച് മിനിറ്റുകൾക്കകം പ്രയോഗിച്ചു. ഇതോടെ പ്രസംഗം തടസ്സപ്പെട്ടു. പൊലീസിന് നേരെ തിരിഞ്ഞ പ്രവർത്തകർ വലിയ രീതിയിലുള്ള കല്ലേറ് നടത്തി. ഇതോടെയാണ് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. പിണറായി വിജയന് ജനാധിപത്യത്തോട് ബാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. ധിക്കാരിയും മുൻവിധിയോടെ കാര്യങ്ങൾ കാണുന്നയാളുമാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം വ്യക്തമാക്കി.

കറുത്ത കൊടി കാണിച്ചവരെ വാഹനം കയറ്റി കൊല്ലാൻ നോക്കുന്നു. ജനങ്ങൾക്ക് സമാധാനമില്ല. പി ശശിയാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നുപോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തങ്ങൾ കലാപാഹ്വാനത്തിന് ഇല്ല. കോൺഗ്രസുകാർ ജനാധിപത്യ വിശ്വാസികളാണ്. തങ്ങളുടെ കുട്ടികൾ എന്താണ് ചെയ്തത്. കറുത്ത വസ്ത്രം ധരിച്ചതോ, കൊടി കാണിച്ചതോ. അതിനുള്ള സ്വാതന്ത്ര്യം ജനാധിപത്യ സംവിധാനത്തിൽ ഇല്ലേയെന്ന് കെ സുധാകരൻ ചോദിക്കുന്നു.

ഇടതുപക്ഷ മുഖ്യമന്ത്രി ആയത് പിണറായി വിജയൻ മാത്രം അല്ലല്ലോ. ഇതുവരെ ഇല്ലാത്ത രീതി അല്ലേ കാണുന്നത്. വളരെ സമാധാനപരമായ സമരമാണ് ഇന്ന് നടത്തുന്നത്. ഡിജിപിയുമായി സംസാരിക്കാൻ ശ്രമിക്കും .മുൻ ഹിറ്റ്‌ലറുടെ പുനർജന്മമാണ് പിണറായി വിജയൻ .മാധ്യമങ്ങൾക്ക് പിണറായി വിജയൻ ആരെന്ന് തുറന്ന് കാണിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ പി സി സിയുടെ ഡിജിപി ഓഫീസ് മാർച്ചിൽ പോലീസ് ടീയർ ഗ്യാസും ജലപീരങ്കിയും പ്രോയോഗിച്ച നടപടിക്കെതിരെ കോൺഗ്രസ് നേതാക്കൾ.ടീയർ ഗ്യാസും ജലപീരങ്കിയും വേദിയിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പ്രയോഗിക്കുന്ന കിരാത നടപടിയാണ് പോലീസ് കാണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. താൻ, കെ പി സി സി അധ്യക്ഷൻ അടക്കമുള്ള നേതാക്കൾ വേദിയിലിരിക്കെ, സംസാരിക്കുമ്പോഴാണ് ടീയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചത്. ഇതെല്ലം പോലീസിനെ നിയന്ത്രിക്കുന്ന മുഘ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ നിർദ്ദേശപ്രകാരമാണ് നടന്നത്. കോൺഗ്രസ്സ് ഇതുകൊണ്ടൊന്നും പിന്മാറില്ല കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്നും സംഭവത്തിന്റെ വിഡിയോ പങ്ക് വഹിച്ചു കൊണ്ട് സതീശൻ പറഞ്ഞു.