ഭാരത് ന്യായ് യാത്ര; മണിപ്പുരിൽ നിന്ന് മുംബൈയിലേക്ക് യാത്ര നടത്താൻ കോൺഗ്രസ്

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഭാരത് ജോഡോ യാത്ര നടത്താൻ കോൺഗ്രസ്. ഭാരത് ന്യായ് യാത്ര എന്ന പേരിലാണ് യാത്ര നടത്തുക. മണിപ്പുരിൽ നിന്ന് മുംബൈയിലേക്കാണ് യാത്രയെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ജനുവരി 14നാണ് യാത്ര ആരംഭിക്കുന്നത്. മാർച്ച് 20ന് മുംബൈയിൽ വെച്ച് യാത്ര അവസാനിക്കും.

85 ജില്ലകളിലൂടെയായിരിക്കും യാത്ര കടന്നുപോകുക. 14 സംസ്ഥാനങ്ങളിലൂടെ 65 ദിവസമെടുത്ത് 6200 കിലോമീറ്റർ ദൂരത്തിലായിരിക്കും യാത്ര. മണിപ്പുർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ഝാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഭാരത് ന്യായ് യാത്ര കടന്നുപോകുന്നത്.

അതേസമയം, ഭാരത് ജോഡോ യാത്ര പൂർണ്ണമായും പദയാത്രയായിരുന്നെങ്കിൽ ഭാരത് ന്യായ് യാത്ര ബസിലായിരിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. ബസ് യാത്രയ്ക്കിടെ നടത്തവും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.