മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം തയാറായി

കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം തയാറായി. സുരേഷ് ഗോപിക്കെതിരെ കൂടുതൽ വകുപ്പുകൾ ചേർത്തെന്നാണ് റിപ്പോർട്ട്.

ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം ഉണ്ടായത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതോടെ നവംബറിൽ സുരേഷ് ഗോപി നടക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു.

നവകേരള സദസ്സ് കഴിഞ്ഞതിനാൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് തീരുമാനം. സംഭവത്തിന്റെ വിഡിയോ ക്ലിപ്പുകൾ പൊലീസ് പരിശോധിച്ചു. 17 മാധ്യമപ്രവർത്തകരുടെ മൊഴിയും രേഖപ്പെടുത്തി. സ്വകാര്യ ഹോട്ടലിലെ ജീവനക്കാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്.