Politics (Page 598)

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് മന്ത്രി കെടി ജലീല്‍ ബന്ധുനിയമനം നടത്തിയതെന്ന് വ്യക്തമാകുന്ന രേഖകള്‍ പുറത്ത്. അദീപിന്റെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരെ നിയമിക്കുന്നതിന് നേരത്തെ അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ചിലര്‍ ആ അഭിമുഖത്തില്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ ജലീലിന്റെ ബന്ധുവായ അദീപ് അഭിമുഖത്തില്‍ പങ്കെടുത്തിരുന്നില്ല. പിന്നീട് ഈ പോസ്റ്റിന് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയായിരുന്നു. ബിരുദവും മാര്‍ക്കറ്റിങ് ആന്‍ഡ് ഫിനാന്‍സില്‍ സ്‌പെഷ്യലൈസേഷനുള്ള എം ബി എ അല്ലെങ്കില്‍ എച്ച് ആര്‍/സി എസ്/സിഎ/ഐസിഡബ്ല്യുഎഐ/ബിടെക് വിത്ത് പിജിഡിബിഎയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും എന്ന് മാറ്റി ഉത്തരവിറക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇത് ബന്ധുവിന് വേണ്ടിയായിരുന്നു എന്നാണ് ആരോപണം.

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെക്കുറിച്ച് പ്രതികരിച്ച് കാനം രാജേന്ദ്രന്‍. ലോകായുക്ത വിധിയില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കുമെന്നും മാധ്യമങ്ങളില്‍ വന്ന വിവരം മാത്രമാണ് വിധിയെ കുറിച്ചുള്ളതെന്നും വിധി ഔദ്യോഗിക രൂപത്തില്‍ മുഖ്യമന്ത്രിയ്ക്ക് കിട്ടട്ടെയെന്നും കാനം പറഞ്ഞു. കെ.ടി ജലീലിനെ പ്രതിരോധിക്കാതെയായിരുന്നു കാനത്തിന്റെ പ്രതികരണം. ബന്ധുനിയമന ആരോപണത്തില് മന്ത്രി കെ.ടി. ജലീല് കുറ്റക്കാരനാണെന്നായിരുന്നു ലോകായുക്ത വിധി. ബന്ധുവായ കെ.ടി. അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്.

തൃശൂര്‍: പൂരത്തിന്റെ പതിവ് ചടങ്ങുകള്‍ അതുപോലെ തന്നെ നടത്തുമെന്നും തിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ മാത്രമാണ് പരിഗണനയിലുള്ളതെന്നും മന്ത്രി വി എസ് സുനില്‍ കുമാര്‍.പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് പൂരം നടത്തുന്നതിനെതിരെ ആരോഗ്യവകുപ്പ് നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ദേവസ്വം ഇക്കാര്യത്തില്‍ രൂക്ഷമായാണ് പ്രതികരിച്ചത്. പൂരത്തെ തകര്‍ക്കാനാണ് ഡിഎം ഒയുടെ ശ്രമമെന്നും, കൊവിഡ് മരണം പെരുകുമെന്ന ഡിഎംഒയുടെ കണക്ക് ഊതിപ്പെരുപ്പിച്ചതാണെന്നുമാണ് ദേവസ്വങ്ങള്‍ പ്രതികരിച്ചത്.

കണ്ണൂര്‍: കോണ്‍ഗ്രസില്‍ അഴിച്ചുപണി വേണമെന്ന് കെ സുധാകരന്‍ എം.പി. തിരഞ്ഞെടുപ്പിന് ശേഷം സംഘടന തലത്തില്‍ അഴിച്ചുപണി വേണം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ചവരുത്തിയവരെ കണ്ടെത്തി നേതൃസ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും സുധാകരന്‍ പറഞ്ഞു. പലയിടത്തും നേതാക്കളുടെ ഇഷ്ടക്കാരെ തിരഞ്ഞെടുപ്പ് ചുമതലക്കാരാക്കിയെന്ന ആക്ഷേപമുണ്ട്.

കെ.പി.സി.സി പ്രത്യേക സമിതിയെ നിയോഗിക്കണം. ആജ്ഞാശക്തിയുള്ളവര്‍ നേതാക്കളാകണമെന്നും സുധാകരന്‍ പ്രതികരിച്ചു. യുഡിഎഫിന്റെ പ്രചാരണത്തില്‍ പോരായ്മ ഉണ്ടായി. മലബാറില്‍ കുഞ്ഞാലിക്കുട്ടിയൊഴിച്ച് മറ്റ് മുസ്ലീം ലീഗ് നേതാക്കളാരും വന്നില്ല. ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്നവരെ പ്രചാരണത്തിന് കിട്ടിയില്ലെന്നും രാഹുല്‍ഗാന്ധിയുടെ വരവ് മാത്രമാണ് യു.ഡി.എഫിന് അവസാനനിമഷം മേല്‍ക്കൈ നേടിത്തന്നതെന്നും സുധാകരന്‍ പറഞ്ഞു.

ചില പത്രങ്ങളുടെ പ്രാദേശിക എഡിഷനുകളിൽ വന്ന വാർത്തയ്ക്കെതിരെ ജി സുധാകരൻ. ചില ആളുകൾ പെയ്ഡ് റിപ്പോർട്ടർമാരെ പോലെ പെരുമാറുന്നു, ഒരു വിവാദവും ഇല്ല തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ ഒരു പ്രശ്നങ്ങളുമില്ല സുധാകരൻ പറയുന്നു. ആരിഫിന്റെ പ്രസംഗം ബോധപൂർവം ഈ സമയത്ത് ഉയർത്തി എന്ന് സെക്രട്ടറിയേറ്റിൽ ആരോപണം ഉയർന്നിട്ടില്ല, ജി സുധാകരന്റെ പോസ്റ്റർ കീറി ആരിഫിന്റെ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ ആരിഫിന് ഉത്തരവാദിത്വം ഇല്ല. ഇത് അന്വേഷിക്കണം എന്ന ആവശ്യവും സെക്രട്ടറിയേറ്റിൽ ഉയർന്നിട്ടില്ല – സുധാകരൻ വിശദീകരിക്കുന്നു.

തെരഞ്ഞെടുപ്പിന് പിന്നാലെ ചില മാധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് ജി സുധാകരൻ. രാഷ്ട്രീയ ക്രിമിനൽ സ്വഭാവത്തിലാണ് വാർത്ത വരുന്നതെന്നും സുധാകരൻ പറയുന്നു. എല്ലാവർക്കും കൊട്ടേണ്ട ചെണ്ടയാണോ ഞാൻ, 55 വർഷമായി പാ‍ർട്ടിയിൽ പ്രവർ‍ത്തിക്കുന്നു. കക്ഷി വ്യത്യാസമില്ലാതെ രാത്രി പരസ്പരം ബന്ധപ്പെടുന്ന പൊളിറ്റിക്കൽ ക്രിമിനൽസ് ഉണ്ട്.

അതൊന്നും ഞങ്ങടെ പാർട്ടിയിൽ നടക്കില്ല, അവരുടെ പേര് ഒന്നും പറയുന്നില്ല, എല്ലാവർക്കും അറിയാം. എല്ലാം കഴിഞ്ഞ് വോട്ടു പെട്ടിയിൽ കയറിയ ശേഷം പറയുന്നു ഞാൻ പ്രവർത്തിച്ചില്ലെന്ന് എന്തൊരു രീതിയാണ്. അരൂരിൽ ജയിക്കുമായിരുന്നു, തോറ്റതല്ല, അതിന്റെ പിന്നിൽ ശക്തികൾ ഉണ്ടായിരുന്നുവെന്നും സുധാകരൻ പറയുന്നു.വേണ്ടത്ര പ്രവർത്തിച്ചില്ല എന്ന് മാധ്യമപ്രവർത്തകരാണോ വിലയിരുത്തുന്നതെന്ന് ചോദിച്ച സുധാകരൻ താൻ വിശ്രമിച്ചിട്ടില്ലെന്നും 65 യോഗങ്ങളിൽ പ്രസംഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കാലതാമസം നേരിട്ട ഐടിആർ അല്ലെങ്കിൽ പുതുക്കിയ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള കാലാവധി കുറച്ച് ഫെബ്രുവരി ഒന്നിന് 2021ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചപ്പോൾ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻമാറ്റം വരുത്തിയിരുന്നു. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ചില ആദായനികുതി നിയമ മാറ്റങ്ങളെക്കുറിച്ച് പ്രഖ്യാപനം നടത്തിയിരുന്നത്. മുമ്പ് ജൂലൈ 31 ന് നിങ്ങളുടെ ഐടിആർ ഫയൽ ചെയ്യാൻ സാധിക്കാതെ വന്നാൽ മാർച്ച് 31 നകം ഐടിആർ ലേറ്റ് ഫീസ് സഹിതം ഫയൽ ചെയ്യാൻ സാധിക്കുമായിരുന്നു.

എന്നാൽ 2021-2022 ലെ ധനകാര്യ ബില്ലിൽ ഈ സമയപരിധി മൂന്ന് മാസമായി കുറയ്ക്കാനാണ് നിർദ്ദേശം. അതിനാൽ നിങ്ങളുടെ കാലതാമസം നേരിട്ട ഐടിആർ ഫയൽ ചെയ്യാൻ അതേ സാമ്പത്തിക വർഷം ഡിസംബർ 31 വരെ മാത്രമേ സമയമുണ്ടാകൂ.2020-21 ബജറ്റിൽ പുതിയ നികുതി സമ്പ്രദായം നിലവിൽ വന്നു. പഴയ നികുതി വ്യവസ്ഥയിൽ തുടരണോ അതോ പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറണോ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണ്ട ആദ്യ വർഷമാണിത്.

2021 ഏപ്രിൽ 1 മുതൽ ഇപിഎഫിലേക്കുള്ള ജീവനക്കാരുടെ വിഹിതത്തിന്റെ പലിശ, 2.5 ലക്ഷം കവിഞ്ഞാൽ പിൻവലിക്കൽ ഘട്ടത്തിൽ നികുതി ചുമത്തപ്പെടും. ഇത് അധിക നികുതി ബാധ്യതയിലേക്ക് നയിക്കും. പ്രത്യേകിച്ചും ഉയർന്ന സംഭാവന നൽകുന്ന എച്ച്എൻ‌ഐകൾക്ക്. കൂടാതെ ഇവരുടെ വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് (വിപിഎഫ്) സംഭാവനകളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും.

ഒരു നികുതിദായകന്റെ തൊഴിലുടമ ജീവനക്കാരന്റെ പ്രൊവിഡന്റ് ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നില്ലെങ്കിൽ നികുതി രഹിത പരിധി 5 ലക്ഷം രൂപയായിരിക്കും.ഇന്ത്യൻ കമ്പനികളിൽ നിന്നും മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിന്നും ലഭിക്കുന്ന ലാഭ വിഹിതം ഇതുവരെ നിങ്ങളുടെ കൈകളിൽ നികുതിരഹിതമായിരുന്നു. ലാഭവിഹിതം അല്ലെങ്കിൽ വിതരണം ചെയ്യുന്ന വരുമാനം കമ്പനി അല്ലെങ്കിൽ മ്യൂച്വൽ ഫണ്ട് ആണ് 2020 മാർച്ച് 31 വരെ അടച്ചിരുന്നത്.

എന്നാൽ 2020ലെ ബജറ്റിൽ ഡിവിഡന്റ് വരുമാനത്തിനുള്ള ഇളവ് നീക്കം ചെയ്യുകയും നികുതി നിങ്ങളിൽ നിന്ന് ഈടാക്കാനും തീരുമാനിച്ചു. നിങ്ങൾക്ക് നൽകുന്ന ലാഭവിഹിത തുക 5,000 രൂപ കവിയുന്നുവെങ്കിൽ, കമ്പനികളിൽ നിന്നോ ഫണ്ട് ഹൌസുകളിൽ നിന്നോ നിങ്ങളുടെ അക്കൗണ്ടിൽ ഡിവിഡന്റ് ക്രെഡിറ്റ് ചെയ്യുമ്പോൾ നികുതി കുറയ്ക്കും. ഫോം 26 എഎസിൽ ഇനി നിങ്ങളുടെ നികുതി ലാഭവിഹിത വരുമാനം കൃത്യമായി വെളിപ്പെടുത്തണം.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലേത് ഇടത്-കോണ്‍ഗ്രസ് സഖ്യം മാത്രമല്ലെന്നും വിവിധ സാമൂഹ്യ ഗ്രൂപ്പുകളെ ഉള്‍പ്പെടുത്തിയുള്ള വിശാല സഖ്യമാണെന്നും ബൃന്ദ കാരാട്ട്. ബിജെപിയേയും ടിഎംസിയേയും പ്രതിരോധിക്കാന്‍ വലിയ രീതിയില്‍ എല്ലാ സാമൂഹ്യ ഗ്രൂപ്പുകളെയും നമ്മള്‍ ഒന്നിച്ചു കൊണ്ടു വന്നു. ബംഗാളിനെ ബിജെപിയില്‍ നിന്ന് രക്ഷിക്കാനും തൃണമൂല്‍ ഭരണം അവസാനിപ്പിക്കാനുമാണ് എല്ലാവരും ശ്രമിക്കുന്നത്.കേരളത്തില്‍ സിപിഎമ്മിന് മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച അവര്‍, സ്ത്രീകളായിരുന്നു പാര്‍ട്ടിയുടെ നട്ടെല്ലെന്നും കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വട്ടിയൂര്‍ക്കാവില്‍ നേതാക്കളുടെ അസാന്നിദ്ധ്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും അതുകൊണ്ട് തന്നെ അവിടെ അട്ടിമറി നടന്നുവെന്ന് സംശയിക്കുന്നതായും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യു ഡി എഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ ഉപയോഗിക്കാത്ത പോസ്റ്റര്‍ ആക്രിക്കടയില്‍ കണ്ടെത്തിയതോടെയാണ് വട്ടിയൂര്‍ക്കാവില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചപറ്റിയെന്ന ആക്ഷേപം ഉണ്ടായത്. അന്വേഷണം നടത്തിയ ഡിസിസി, പോസ്റ്റര്‍ വിറ്റ മണ്ഡലം ട്രഷററെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

കണ്ണൂര്‍ : കൊലപാതകികളുടെ ആരാധനാലയത്തിലെ ദൈവമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഷാഫി പറമ്പിൽ എംഎൽഎ. ഖജനാവിലെ പണം ചെലവഴിച്ചാണ് ഓരോ കേസിലേയും കൊലയാളികളെ സംരക്ഷിക്കാനായി വക്കീലൻമാരെ ഇറക്കുന്നതെന്നും ഷാഫി വിമര്‍ശിച്ചു.കൊന്നാൽ സംരക്ഷിക്കാമെന്നതാണ് പിണറായി വിജയന്‍, കൊലയാളി സംഘത്തിന് നൽകുന്ന ഉറപ്പ്.പാനൂരിൽ യു ഡി എഫ് പ്രതിഷേധ സംഗമത്തിനിടെ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.മുസ്ലീം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട പാനൂരിൽ യു.ഡി.എഫ് നടത്തിയ പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊന്നവർക്കും കൊല്ലിച്ചവർക്കുമായി കേസ് നടത്താൻ സർക്കാരിന്റെ പണം ചെലവഴിക്കുമെന്ന് നിയമസഭയിൽ പ്രസംഗിച്ച കേരളത്തിന്റെ മുഖ്യമന്ത്രിയാണ് ഈ കൊലപാതകികളുടെ ആരാധനാലയത്തിലെ ദൈവം. വേണ്ടിവന്നാൽ ഇനിയും സർക്കാറിന്റെ പണം ക്രിമിനലുകൾക്ക് വേണ്ടി ചെലവഴിക്കുമെന്നാണ് മുഖ്യമന്ത്രി മുമ്പ് പറഞ്ഞത്. കൊലപാതകത്തിന് പ്രേരണ നൽകുന്ന പ്രസ്താവനയാണിത്. സംരക്ഷിക്കാനും ചേർത്തുപിടിക്കാനും പാർട്ടിയുണ്ടെന്ന പ്രചോദനമാണ് കൊലയാളികൾക്കെന്നും ഷാഫി ആരോപിച്ചു.

bengal

കൊൽക്കത്ത: നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളിൽ വ്യാപക ആക്രമണം.കൂച്ച്ബിഹാർ ജില്ലയിലുണ്ടായ ബിജെപി-തൃണമൂൽ സംഘർഷത്തിലും വെടിവെപ്പിലും അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. ഇതിന് ശേഷം കേന്ദ്രസേനയുടെ വെടിവെപ്പുണ്ടായതായാണ് വിവരം.

അതേസമയം ബംഗാളിൽ അമിത് ഷായുടെ നേതൃത്വത്തിൽ രാഷ്ട്രപതി ഭരണമാണ് നടക്കുന്നതെന്നായിരുന്നു അക്രമണസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മമത ബാനർജിയുടെ പ്രതികരണം.

ഹൂഗ്ളിയിലും വോട്ടെടുപ്പിനിടെ സംഘർഷമുണ്ടായി. ബിജെപി എംപിയും സ്ഥാനാർത്ഥിയുമായ ലോക്കറ്റ് ചാറ്റർജിയുടെ വാഹനത്തിനു നേരെ ആക്രമണം നടന്നു. ചിലയിടങ്ങളിൽ മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി. നോര്‍ത്ത് ഹൗറയില്‍ ബോംബ് സ്ഫോടനമുണ്ടായെങ്കിലും ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.