Politics (Page 599)

തിരുവനന്തപുരം: കേരളത്തില്‍ അധികാരം പിടിക്കുമെന്ന് ഡി സി സികള്‍ വഴി കിട്ടിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഉറപ്പിച്ച് കോണ്‍ഗ്രസ്.69 സീറ്റുകളില്‍ ഉറപ്പായും ജയിക്കുമെന്ന വിലയിരുത്തലിലേക്ക് നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നത്.കനത്ത മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളില്‍ കുറച്ചെങ്കിലും സ്വന്തമാക്കാന്‍ സാധിച്ചാല്‍ കേവല ഭൂരിപക്ഷത്തിലേക്ക് മുന്നണി എത്തിച്ചേരുമെന്നാണ് വിലയിരുത്തല്‍. കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, തൃശൂര്‍, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കഴിഞ്ഞ പ്രാവശ്യത്തതിനെക്കാള്‍ നേട്ടം കൊയ്യാം എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. കണ്ണൂരിലും കൂത്തുപറമ്പിലും അട്ടിമറിയുണ്ടാവുമെന്ന് സൂചനകളും നേതാക്കള്‍ നല്‍കുന്നുണ്ട്. ധര്‍മ്മടത്ത് ബി ജെ പി രണ്ടാം സ്ഥാനത്തേക്ക് വരുമോയെന്ന് കോണ്‍ഗ്രസ് ഭയക്കുന്നുണ്ട്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി വന്നത് ചലനമുണ്ടാക്കിയിട്ടുണ്ടെന്നാണ് ജില്ലയില്‍ നിന്ന് കെ പി സി സിക്ക് ലഭിച്ചിരിക്കുന്ന വിവരം. മലപ്പുറത്ത് പതിനൊന്ന് സീറ്റുകള്‍ യു ഡി എഫ് തന്നെ നിലനിര്‍ത്തും. പാലക്കാട് അഞ്ച് സീറ്റുകളിലാണ് യു ഡി എഫ് പ്രതീക്ഷ. തൃത്താലയില്‍ ചെറിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. പാര്‍ട്ടിയില്‍ നിന്നു തന്നെ പാലംവലി ഉണ്ടായിട്ടില്ലെങ്കില്‍ വന്‍ ഭൂരിപക്ഷത്തില്‍ ഷാഫി ജയിക്കും. പട്ടാമ്പി, ഒറ്റപ്പാലം, ചിറ്റൂര്‍, നെന്മാറ എന്നിവിടങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.ഇത് നാലും ഇടതിന്റെ സിറ്റിംഗ് സീറ്റുകളാണ്.കോട്ടയത്ത് പുതുപ്പളളി, കോട്ടയം, കടുത്തുരുത്തി, പാലാ, ചങ്ങനാശേരി എന്നീ സീറ്റുകളില്‍ യു ഡി എഫ് ജയം ഉറപ്പിക്കുന്നു. പത്തനംതിട്ടയില്‍ കോന്നി, റാന്നി, ആറന്മുള സീറ്റുകളില്‍ വിജയിക്കുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.അതേസമയം, തിരുവനന്തപുരത്ത് എല്ലാസീറ്റിലും മത്സരം കടുപ്പമാണ്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ച് തുടര്‍ഭരണം നേടും എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

കൊൽക്കത്ത:ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായി വിമർശിച്ച്
പ്രധാനമന്ത്രി നരേന്ദ്രമോദി.ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ പോളിംഗ് സ്‌റ്റേഷനിൽ കേന്ദ്ര സേനയുടെ വെടിയേറ്റ് നാലുപേർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.അതേസമയം കൂച്ച് ബെഹാറിലെ സിതാൽകുചി മണ്ഡലത്തിലെ 126ാം നമ്പർ ബൂത്തിൽ തിരഞ്ഞെടുപ്പ് നിർത്തി വച്ചിട്ടുണ്ട്.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.കൂച്ച് ബെഹാറിൽ 300-350തോളം വരുന്ന ആളുകൾ സി.ഐ.എസ്.എഫ് സൈനികരെ ആക്രമിക്കുകായിരുന്നു. സംഘം സൈനികരിൽ നിന്നും ആയുധങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചതായും സ്വയരക്ഷയ്ക്കായി വെടിവയ്‌ക്കേണ്ടിവരികയായിരുന്നെന്നുമാണ് കൂച്ച് ബെഹാർ എസ്.പി നൽകിയിരിക്കുന്ന വിശദീകരണം.

ഇന്ന് നടക്കുന്ന നാലാംഘട്ട തിരഞ്ഞെടുപ്പ് ബംഗാളിലെ പ്രമുഖ നേതാക്കൻമാരുടെ വിധി നിർണയിക്കുന്നതിൽ സുപ്രധാനമാണ്. ഇക്കൂട്ടത്തിൽ കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ, പശ്ചിമ ബംഗാൾ മന്ത്രിമാരായ പാർത്ത ചാറ്റർജി, അരൂപ് ബിശ്വാസ് എന്നിവരും ഉൾപ്പെടും.

ramesh chennithala

തിരുവനന്തപുരം: സ്പീക്കറെ ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ സ്പീക്കര്‍ തന്നെ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രതിപക്ഷം പറഞ്ഞു കൊണ്ടിരുന്ന ഓരോ കാര്യങ്ങളും ശരിയാണെന്ന് തെളിയുകയാണ് ഇതിലൂടെയെന്നും ചെന്നിത്തല പറഞ്ഞു. ഇന്നലെയാണ് ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉദ്യോഗസ്ഥര് ചോദ്യം ചെയ്തത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ 5 മണികൂറിലേറെയാണ് ചോദ്യം ചെയ്യല്‍ നടന്നത്.

തിരുവനന്തപുരം: ബന്ധുനിയമനത്തിൽ ജലീലിന്റെ രാജി സംബന്ധിച്ച എ കെ ബാലന്റെ പ്രസ്തവാന പരിഹാസ്യമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സിപിഎം. മുഖ്യമന്ത്രിക്കും ജലീലിനും ചില രഹസ്യബന്ധങ്ങളുണ്ടെന്നും അതിനാലാണ് സീനിയര്‍ നേതാക്കളെ പോലും സംരക്ഷിക്കാത്ത രീതിയില്‍ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നതെന്നും വി.മുരളീധരന്‍ പറഞ്ഞു.

ജലീലിന്റെ രാജി സംബന്ധിച്ച ബാലന്റെ പ്രസ്താവന പരിഹാസ്യമാണ്. ഗവര്‍ണറും ഹൈക്കോടതിയും പരിശോധിക്കുന്നതു പോലെയല്ല ലോകായുക്ത പരിശോധന. ഇത് പൊതുജനത്തിന് അറിയാത്തതുകൊണ്ടാണ് സിപിഎം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്കും ജലീലിനും ചില കാര്യങ്ങളില്‍ ബന്ധമുണ്ട്.

അതാണ് ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ മാത്രമല്ല സംസ്ഥാന അഴിമതി വിരുദ്ധ ഏജന്‍സികളേയും സിപിഎം തള്ളുകയാണ്. സ്വജന പക്ഷപാതം അഴിമതിയാണെന്നാണ് സിപിഎം നിലപാടാണെങ്കില്‍ അതിനെ ബാലന്‍ തള്ളുകയാണ് ചെയ്യുന്നത്. രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് കെ.ടി.ജലീല്‍.

സിപിഎന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് കിട്ടാത്ത പ്രിവിലേജാണ് മുഖ്യമന്ത്രി ജലീലിന് നല്‍കുന്നത്. ജലീലിനെ മുഖ്യമന്ത്രിക്ക് പേടിയാണ്. ജലീല്‍ കൂടി ഉള്‍പ്പെട്ട മുഖ്യമന്ത്രിയുടെ ഇടപാട് പുറത്തു വരുമെന്ന് പേടിച്ചാണിത്. പണ്ട് കുഞ്ഞാലിക്കുട്ടിയുടെ രഹസ്യ സൂക്ഷിപ്പുകാരനായിരുന്നു ജലീല്‍. എന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കില്ലെന്ന് എ.കെ ആന്റണിയുടെ മകന്‍ അനില്‍. കെ. ആന്റണി. സമൂഹമാദ്ധ്യമങ്ങളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി പാര്‍ട്ടി സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ഇപ്പോഴത്തെ ദൗത്യമെന്നും കോണ്‍ഗ്രസുമായുള്ളത് വൈകാരിക ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കെ.പി.സി.സി രൂപീകരിച്ച ഐ.ടി സെല്ലിന്റെ നേതൃത്വം അനിലിനായിരുന്നു. പ്രവര്‍ത്തനം ഫലപ്രദമായില്ലെന്ന് കുറ്റപ്പെടുത്തിയും കളിയാക്കിയും കഴിഞ്ഞദിവസം സൈബര്‍ കോണ്‍ഗ്രസ് എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് വന്നിരുന്നു. ആരോപണങ്ങളെ ഗൗരവമായി കാണുന്നില്ലെന്ന് അനില്‍ പറഞ്ഞു.

ആക്രമണത്തിനെതിരെ
അനിലിന്റെ പോസ്റ്റ്
ചില സൈബര്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ എനിക്കെതിരായി ദുരുദ്ദേശ്യപരമായി പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. കോണ്‍ഗ്രസ് സൈബര്‍ ടീം ഫേസ്ബുക്കിലെ നിരവധി കോണ്‍ഗ്രസ് അനുകൂല സംഘങ്ങളില്‍ ഒന്നു മാത്രമാണ്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജല്ല. ഇതിന്റെ അഡ്മിനായ ടോണി ഏതാനും ആഴ്ച മുമ്പ് എന്നെ ബന്ധപ്പെടുകയും പേജിന് ഔദ്യോഗിക അംഗീകാരം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയുമുണ്ടായി. കെ.പി.സി.സി നേതൃത്വം ചില മാനദണ്ഡങ്ങള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ എല്ലാവര്‍ക്കും അംഗീകാരം നല്‍കുക പ്രയാസമാണ്. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം അനൗദ്യോഗിക പേജുകളിലെ പോസ്റ്റുകള്‍ ചില മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ വലിയ നിരാശയുണ്ട്.

തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ തലസ്ഥാനത്തെ പേട്ടയിലെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന തുടങ്ങി. സ്വപ്ന നല്‍കിയ മൊഴിയനുസരിച്ച് ഈ ഫ്‌ളാറ്റില്‍ വച്ചാണ് ഡോളര്‍ കൈമാറിയതെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.കസ്റ്റംസ് സംഘം ഇന്നലെ അതീവ രഹസ്യമായി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വച്ച് ചോദ്യം ചെയ്തിരുന്നു. കസ്റ്റംസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. കഴിഞ്ഞ മാസമാണ് കസ്റ്റംസ് ഹാജരാകാന്‍ സ്പീക്കര്‍ക്ക് ആദ്യം നോട്ടീസ് നല്‍കിയത്. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ തിരക്ക് ചൂണ്ടിക്കാട്ടി സ്പീക്കര്‍ ഹാജരായില്ല. രണ്ടാമതും ഹാജരാകാത്തതിനെ തുടര്‍ന്നാണ് കസ്റ്റംസ് വസതിയിലെത്തി സ്പീക്കറെ ചോദ്യം ചെയ്തത്.

shibu

കൊല്ലം: ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിലെ രണ്ടാം പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ കൊലക്കേസുകളിലെ ദുരൂഹത എണ്ണിപ്പറഞ്ഞ് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്ത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലപാതകം മുതല്‍ മന്‍സൂര്‍ കൊലപാതകം വരെയുള്ള കേസുകള്‍ ഷിബു തന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

ഷിബു ബേബി ജോണിന്റെ കുറിപ്പ്

കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്. അടുത്ത കാലത്തായി സി.പി.എം സമ്മര്‍ദ്ദത്തിലാകുന്ന ഏത് കേസ് എടുത്താലും അതിലേ ഒരു മുഖ്യ പ്രതി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകും അതെങ്ങനെ സംഭവിക്കുന്നു…?

കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ്: ഒരു പ്രതി കൊല്ലപ്പെട്ടു.
ശുക്കൂര്‍ വധക്കേസ് : ഒരു പ്രതി ആത്മഹത്യ ചെയ്തു.
ഫസല്‍ വധക്കേസ് : മൂന്ന് പ്രതികള്‍ കൊല്ലപ്പെട്ടു.
വാളയാര്‍ ഇരട്ട കൊല : ഒരു പ്രതി ആത്മഹത്യ ചെയ്തു.
മന്‍സൂര്‍ വധക്കേസ് : ഒരു പ്രതി ആത്മഹത്യ ചെയ്തു.

സ്വന്തം അയല്‍ക്കാരനെയും സുഹൃത്തിനെയും പോലും ബോംബെറിഞ്ഞും ക്രൂരമായി വെട്ടിയും കുത്തിയും കൊല്ലാന്‍ ഒരു മടിയും ഇല്ലാത്തവര്‍ ആത്മഹത്യ ചെയ്യാന്‍ മാത്രം മനസ്സിന് ബലമില്ലാത്തവരാണെന്ന് വിശ്വസിക്കാന്‍ ആര്‍ക്ക് കഴിയും?
ഉന്നതങ്ങളിലേക്ക് അന്വേഷണം എത്തപ്പെടാതിരിക്കാനുള്ള ആസൂത്രിത കൊലപാതകങ്ങള്‍ ആണിതെല്ലാമെല്ലാം എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകുമോ?
പാര്‍ട്ടിയ്ക്ക് വേണ്ടി ക്വട്ടേഷന്‍ ഏറ്റെടുക്കുന്നവരെ, നിങ്ങള്‍ക്ക് പിന്നിലും പാര്‍ട്ടിയുടെ കൊലയാളിക്കണ്ണുകള്‍ കാത്തിരിപ്പുണ്ടെന്ന് ഓര്‍ക്കണം.

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. വ്യാഴാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിട്ടും അസുഖബാധിതനായതുകൊണ്ട് ഹാജരാകാതിരുന്ന സ്പീക്കറെ തിരുവനന്തപുരത്തെ ഔദ്യോഗികവസതിയിലെത്തിയാണ് മൊഴിയെടുത്തത്. കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യല്‍ നാല് മണിക്കൂറോളം നീണ്ടു. സ്പീക്കറുടെ ഭരണഘടനാ പദവി പരിഗണിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തതെന്നാണ് വിവരം.
യുഎഇ കോണ്‍സല്‍ ജനറല്‍ വഴി വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നും ഗള്‍ഫില്‍ നിക്ഷേപം നടത്തിയെന്നുമാണ് സ്പീക്കര്‍ക്കെതിരെയുള്ള കേസ്.

തിരുവനന്തപുരം: ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നത് സംബന്ധിച്ച് കെ.ടി ജലീല്‍ നിയമവിദഗ്ദ്ധരുമായി ആലോചന തുടങ്ങി. ഹൈക്കോടതി വെക്കേഷന്‍ ബെഞ്ചിലേക്ക് അടിയന്തിര പ്രാധാന്യത്തോടെ ഹര്‍ജി എത്തിക്കാനാണ് ശ്രമം.
ന്യൂനപക്ഷ കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നല്‍കിയ പരാതിയിലാണ് വിധി വന്നത്.ബന്ധുനിയമനത്തില്‍ ജലീലിന്റേത് അധികാര ദുര്‍വിനിയോഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചു.
ഇതോടെ ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കും. ജലീലിനെ പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആരോപണം ഉയര്‍ന്നപ്പോള്‍ ജലീലിനെ പിന്തുണച്ച മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയാന്‍ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

പാലക്കാട്: ഏതെങ്കിലുമൊരു കീഴ്കോടതിയിൽ നിന്ന് പ്രതികൂല വിധിയുണ്ടായാൽ അപ്പോൾ തന്നെ രാജിവെക്കുന്ന കീഴ്വഴക്കമില്ലെന്ന് മന്ത്രി എ.കെ. ബാലൻ. ബന്ധു നിയമനത്തിൽ മന്ത്രി കെ.ടി. ജലീലിനെതിരായ ലോകായുക്ത വിധിയുമായി ബന്ധപ്പെട്ട് ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജലീലിന്‍റെ ബന്ധു അദീബിനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമിച്ചത്. ബന്ധു നിയമപരമായി അർഹനാണോ എന്നുള്ളതേ പരിശോധിക്കേണ്ടതുള്ളൂ. ഡെപ്യൂട്ടേഷനിൽ ബന്ധു പറ്റില്ലെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ലെന്നും മന്ത്രി ബാലൻ പറഞ്ഞു

കെ.എം. മാണി ഉൾപ്പെടെ നിരവധി പേർ ഡെപ്യൂട്ടേഷനിൽ അർഹരായ ബന്ധുക്കളെ നിയമിച്ചിട്ടുണ്ട്. അദീബ് യോഗ്യനാണോയെന്നത് സംബന്ധിച്ച് ഗവർണറെയും ഹൈകോടതിയെയും ജലീൽ നേരത്തെ തന്നെ ബോധ്യപ്പെടുത്തിയതാണ്. ലോകായുക്തയുടെ വിധിയുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ജലീൽ തന്നെ വ്യക്തമാക്കിയതാണ്. കോടതി വിധി വന്നയുടൻ രാജിവെക്കുന്ന സ്ഥിതി എവിടെയുമുണ്ടായിട്ടില്ല.