നിർമ്മല സീതാരാമൻ ആദായനികുതി നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് അറിയാം

കാലതാമസം നേരിട്ട ഐടിആർ അല്ലെങ്കിൽ പുതുക്കിയ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള കാലാവധി കുറച്ച് ഫെബ്രുവരി ഒന്നിന് 2021ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചപ്പോൾ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻമാറ്റം വരുത്തിയിരുന്നു. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ചില ആദായനികുതി നിയമ മാറ്റങ്ങളെക്കുറിച്ച് പ്രഖ്യാപനം നടത്തിയിരുന്നത്. മുമ്പ് ജൂലൈ 31 ന് നിങ്ങളുടെ ഐടിആർ ഫയൽ ചെയ്യാൻ സാധിക്കാതെ വന്നാൽ മാർച്ച് 31 നകം ഐടിആർ ലേറ്റ് ഫീസ് സഹിതം ഫയൽ ചെയ്യാൻ സാധിക്കുമായിരുന്നു.

എന്നാൽ 2021-2022 ലെ ധനകാര്യ ബില്ലിൽ ഈ സമയപരിധി മൂന്ന് മാസമായി കുറയ്ക്കാനാണ് നിർദ്ദേശം. അതിനാൽ നിങ്ങളുടെ കാലതാമസം നേരിട്ട ഐടിആർ ഫയൽ ചെയ്യാൻ അതേ സാമ്പത്തിക വർഷം ഡിസംബർ 31 വരെ മാത്രമേ സമയമുണ്ടാകൂ.2020-21 ബജറ്റിൽ പുതിയ നികുതി സമ്പ്രദായം നിലവിൽ വന്നു. പഴയ നികുതി വ്യവസ്ഥയിൽ തുടരണോ അതോ പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറണോ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണ്ട ആദ്യ വർഷമാണിത്.

2021 ഏപ്രിൽ 1 മുതൽ ഇപിഎഫിലേക്കുള്ള ജീവനക്കാരുടെ വിഹിതത്തിന്റെ പലിശ, 2.5 ലക്ഷം കവിഞ്ഞാൽ പിൻവലിക്കൽ ഘട്ടത്തിൽ നികുതി ചുമത്തപ്പെടും. ഇത് അധിക നികുതി ബാധ്യതയിലേക്ക് നയിക്കും. പ്രത്യേകിച്ചും ഉയർന്ന സംഭാവന നൽകുന്ന എച്ച്എൻ‌ഐകൾക്ക്. കൂടാതെ ഇവരുടെ വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് (വിപിഎഫ്) സംഭാവനകളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും.

ഒരു നികുതിദായകന്റെ തൊഴിലുടമ ജീവനക്കാരന്റെ പ്രൊവിഡന്റ് ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നില്ലെങ്കിൽ നികുതി രഹിത പരിധി 5 ലക്ഷം രൂപയായിരിക്കും.ഇന്ത്യൻ കമ്പനികളിൽ നിന്നും മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിന്നും ലഭിക്കുന്ന ലാഭ വിഹിതം ഇതുവരെ നിങ്ങളുടെ കൈകളിൽ നികുതിരഹിതമായിരുന്നു. ലാഭവിഹിതം അല്ലെങ്കിൽ വിതരണം ചെയ്യുന്ന വരുമാനം കമ്പനി അല്ലെങ്കിൽ മ്യൂച്വൽ ഫണ്ട് ആണ് 2020 മാർച്ച് 31 വരെ അടച്ചിരുന്നത്.

എന്നാൽ 2020ലെ ബജറ്റിൽ ഡിവിഡന്റ് വരുമാനത്തിനുള്ള ഇളവ് നീക്കം ചെയ്യുകയും നികുതി നിങ്ങളിൽ നിന്ന് ഈടാക്കാനും തീരുമാനിച്ചു. നിങ്ങൾക്ക് നൽകുന്ന ലാഭവിഹിത തുക 5,000 രൂപ കവിയുന്നുവെങ്കിൽ, കമ്പനികളിൽ നിന്നോ ഫണ്ട് ഹൌസുകളിൽ നിന്നോ നിങ്ങളുടെ അക്കൗണ്ടിൽ ഡിവിഡന്റ് ക്രെഡിറ്റ് ചെയ്യുമ്പോൾ നികുതി കുറയ്ക്കും. ഫോം 26 എഎസിൽ ഇനി നിങ്ങളുടെ നികുതി ലാഭവിഹിത വരുമാനം കൃത്യമായി വെളിപ്പെടുത്തണം.