Politics (Page 597)

കോഴിക്കോട്: മറ്റൊരു വഴിയുമില്ലാതെയാണ് കെ.ടി ജലീല്‍ മന്ത്രിസ്ഥാനം രാജി വയ്ക്കാന്‍ തയ്യാറായതെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. സ്റ്റേ ലഭിക്കില്ല എന്ന് ഉറപ്പായ ഘട്ടത്തില്‍ രാജിവെച്ചപ്പോളും നുണപറയാനാണ് മന്ത്രി ശ്രമിച്ചതെന്നും രാജിവെച്ചപ്പോഴെങ്കിലും അദ്ദേഹം സത്യസന്ധത പാലിക്കാന്‍ തയ്യാറാകേണ്ടിയിരുന്നുവെന്നും ഫിറോസ് പറഞ്ഞു.ധാര്‍മികതയുടെ പേരിലാണെങ്കില്‍ 2018 നവംബര്‍ 2ന് യൂത്ത് ലീഗ് ഈ ആരോപണം ഉന്നയിക്കുന്ന അന്ന് തന്നെ രാജിവെയ്ക്കണമായിരുന്നുവെന്നും ഫിറോസ് പറഞ്ഞു. കെ.ടി. ജലീലിന്റെ എല്ലാ സ്വജനപക്ഷപാതത്തിനും അധികാര ദുര്‍വിനിയോഗത്തിനും സത്യപ്രതിജ്ഞാ ലംഘനത്തിനും കൂട്ടുനിന്നത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും വിജിലന്‍്‌സിന് കൊടുത്ത പരാതിയില്‍ അന്വേഷണം പ്രഖ്യാപിക്കാന് ധൈര്യമുണ്ടോയെന്നും ഫിറോസ് ചോദിച്ചു.

k t jaleel

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ബന്ധു നിയമന വിവാദത്തിൽ മന്ത്രി സ്ഥാനം രാജിവെച്ചു. .ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് രാജി. ബന്ധുവായ കെ.ടി. അദീബിനെ സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഉത്തരവിറക്കിയത്.. മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം രാജിക്കത്ത് കൈമാറി.

എൻറെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാമെന്നും ,രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നതായും ജലീൽ ഫേസ്ബുക്കില്‍ കുറിച്ചു . കഴിഞ്ഞ രണ്ടു വർഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവർത്തകനാണ് താനെന്നും അദ്ദേഹം പറഞ്ഞു.

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

എൻറെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവർത്തകനാണ് ഞാൻ. കട്ടതിൻ്റെ പേരിലോ അഴിമതി നടത്തിയതിൻ്റെ പേരിലോ നയാപൈസയുടെ അവിഹിത സമ്പാദ്യം ഉണ്ടാക്കിയതിൻ്റെ പേരിലോ അന്യൻ്റെ പത്തുപൈസ അന്യായമായി വയറ്റിലാക്കിയതിൻ്റെ പേരിലോ പൊതുഖജനാവിന് ഒരു രൂപ നഷ്ടം വരുത്തിയതിൻ്റെ പേരിലോ ആർഭാട ജീവിതം നയിച്ചതിൻ്റെ പേരിലോ കള്ളപ്പണം സൂക്ഷിച്ചതിൻ്റെ പേരിലോ ‘ഇഞ്ചികൃഷി’ നടത്തി ധനസമ്പാദനം നടത്തിയതിൻ്റെ പേരിലോ ആരുടെയെങ്കിലും ഓശാരം പറ്റി വീടും കാറും മറ്റു സൗകര്യങ്ങളും അനുഭവിച്ചതിൻ്റെ പേരിലോ ദേശദ്രോഹ പ്രവർത്തനം നടത്തിയതിൻ്റെ പേരിലോ തൊഴിൽ നൽകാമെന്ന് പ്രലോഭിപ്പിച്ച് ഡൽഹിയിൽ കൊണ്ടുപോയി ആരെയെങ്കിലും ചൂഷണം ചെയ്തതിൻ്റെ പേരിലോ സുനാമി- ഗുജറാത്ത്-കത്വ- പ്രളയ ഫണ്ടുകൾ പിരിച്ച് മുക്കിയതിൻ്റെ പേരിലോ പാലാരിവട്ടം പാലം പണിയാൻ നീക്കിവെച്ച കോടികൾ അണ്ണാക്ക് തൊടാതെ വിഴുങ്ങിയതിൻ്റെ പേരിലോ സ്വന്തം മകന് സിവിൽ സർവീസ് പരീക്ഷക്ക് മുഖാമുഖത്തിൽ എഴുത്തു പരീക്ഷയിലെ ഒന്നാം റാങ്കുകാരനേക്കാൾ മാർക്ക് ഒപ്പിച്ചു കൊടുത്തതിൻ്റെ പേരിലോ ആയിരുന്നില്ല നിരന്തരമായ, മാപ്പർഹിക്കാത്ത ഈ വേട്ടയാടലുകൾ. ലവലേശം തെറ്റു ചെയ്തില്ലെന്ന ഉറച്ച ബോധ്യമാണ് വലതുപക്ഷത്തിൻ്റെയും മാധ്യമപ്പടയുടെയും ആക്രമണങ്ങളുടെ പത്മവ്യൂഹത്തിലും അണുമണിത്തൂക്കം കൂസാതെ പിടിച്ചു നിൽക്കാൻ ഈയുള്ളവന് കരുത്തായത്. മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ച് പെറുക്കി പരിശോധിച്ചിട്ടും തെറ്റിൻ്റെ ഒരു തുമ്പും കണ്ടെത്താനാകാതിരുന്നത് പൊതു ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഞാൻ കാണുന്നത്. മാധ്യമ അന്വേഷണ സംഘങ്ങൾ ഉൾപ്പടെ ഏത് അന്വേഷണ ഏജൻസികൾക്കും ഇനിയും ആയിരം വട്ടം എൻ്റെ വീട്ടിലേക്ക് സ്വാഗതം. ഇത് വെറുംവാക്കല്ല, ഉള്ളിൽ തട്ടിയുള്ള പറച്ചിലാണ്. ലീഗും കോൺഗ്രസ്സും മാധ്യമ സിൻഡിക്കേറ്റും തൊടുത്തുവിട്ട ശരവ്യൂഹം ഫലിക്കാതെ വന്നപ്പോൾ ഉണ്ടായ ജാള്യം മറച്ചുവെക്കാൻ കച്ചിത്തുരുമ്പ് തേടി നടന്നവർക്ക് ‘സകറാത്തിൻ്റെ ഹാലിൽ’ (മരണത്തിന് തൊട്ടുമുൻപ്) കിട്ടിയ ഒരേയൊരു പിടിവള്ളിയായിരുന്നു ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സംഭവിച്ചതായി അവർ കണ്ടെത്തിയ ബഹുമാനപ്പെട്ട ലോകായുക്തയുടെ ചില പരാമർശങ്ങൾ. അതുവെച്ചാണ് രണ്ടുമൂന്നു ദിവസങ്ങളായി മുസ്ലിംലീഗും കോൺഗ്രസ്സും വലതുപക്ഷ മാധ്യമ സേനയും ”കിട്ടിപ്പോയ്” എന്ന മട്ടിൽ തൃശൂർ പൂരത്തെ വെല്ലുന്ന വെടിക്കെട്ടുകൾക്ക് തിരികൊളുത്തിയിരിക്കുന്നത്. പ്രസ്തുത വിധി ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്ന സാഹചര്യത്തിലാണ് തത്സംബന്ധമായ വിഷയത്തിലെ വിധിക്ക് കാത്ത് നിൽക്കാതെ രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിച്ച് രാജിക്കത്ത് ബഹുമാനപ്പെട്ട മുഖ്യമന്തിക്ക് ഇന്ന് ഉച്ചക്ക് 12 മണിക്ക് കൈമാറിയത്. “ജലീൽവേട്ടക്ക്” തൽക്കാലത്തേക്കെങ്കിലും ഇതോടെ ശമനമാകുമെന്ന് പ്രതീക്ഷിക്കാം. ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന സമുദായ രാഷ്ട്രീയത്തിൻ്റെയും ചീഞ്ഞമുട്ട കണക്കെ കെട്ടുനാറുന്ന മത രാഷ്ട്ര വർഗീയ തത്വശാസ്ത്ര പ്രചാരകരുടെയും കുൽസിത തന്ത്രങ്ങൾക്കെതിരെയുള്ള പോരാട്ടം മേലിലും തുടർന്നുകൊണ്ടേയിരിക്കും. വലതുപക്ഷവും മാധ്യമപ്പടയുമുൾപ്പെടെ അങ്കത്തട്ടിൽ നിലയുറപ്പിച്ച ഇടതുപക്ഷ വിരുദ്ധ മഹാസഖ്യത്തിന് എന്നെ കൊല്ലാൻ കഴിഞ്ഞേക്കാം; തോൽപ്പിക്കാൻ കഴിയില്ല. ഇവിടെത്തന്നെയുണ്ടാകും. നല്ല ഉറപ്പോടെ.

കൊച്ചി: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായി പോസ്റ്റിട്ടതിനെതിരെ അഡ്വ. ഹരീഷ് വാസുദേവന്റെ ഓഫീസിലേക്ക് ദളിത് സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും പങ്കെടുത്ത മാര്‍ച്ച് ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു.

പ്രതിഷേധം നടക്കുമ്പോള്‍ ഹരീഷ് വാസുദേവന്‍ കൊച്ചിയില്‍ ഇല്ലായിരുന്നു. ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍, സി എസ് മുരളി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ സ്ഥാനാര്‍ഥിയായ സാഹചര്യത്തില്‍ വന്ന ഫേസ്ബുക്ക് പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്നും നിയമപരമായി നേരിടുമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു.

കോടതി രേഖകള്‍ ഉള്‍പ്പടെ ഉദ്ധരിച്ചാണ് വാളയാര്‍ സംഭവത്തില്‍ പെണ്‍കുട്ടികളുടെ അമ്മക്കും ഉത്തരവാദിത്തമുണ്ടെന്ന് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചത്.

election

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 30ന് നടക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് 2ന് മുൻപ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം കർശന നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

ഏപ്രിൽ 30ആം തീയതി രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. തുടർന്ന് അന്ന് തന്നെ വോട്ടെണ്ണലും നടക്കും. തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഇന്ന് പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പണം ചൊവ്വാഴ്‌ച മുതലാണ് ആരംഭിക്കുക. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 20 ആണ്. തുടർന്ന് ഏപ്രിൽ 21ആം തീയതി സൂക്ഷ്‌മപരിശോധന നടക്കും.ഏപ്രിൽ 23ആം തീയതി വരെയാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസരം ഉണ്ടായിരിക്കുക.

കൊല്‍ക്കത്ത : ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് 24 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇന്നലെ രാത്രി എട്ട് മണി മുതല്‍ തുടങ്ങിയ വിലക്ക് 24 മണിക്കൂറാണ് സമയം. പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ ഉത്തരവില്‍ പറഞ്ഞു. മുസ്ലിം വോട്ട്, കേന്ദ്ര സേന എന്നിവയെക്കുറിച്ചുള്ള പരാമര്‍ശം എന്നിവയ്ക്കാണ് നോട്ടിസ്. മാര്‍ച്ച് 27, ഏപ്രില്‍ 3, 7 എന്നീ തീയതികളിലായിരുന്നു പ്രസംഗം. എട്ടുഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ ഇനി നാല് ഘട്ടം കൂടി നടക്കാനുണ്ട്.തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിക്കെതിരെ മമത ചൊവ്വാഴ്ച ധര്ണ നടത്തും.

ആസൂത്രിതമായ വേട്ടയാടൽ ആണ് തനിക്കെതിരെ നടന്നതെന്ന് കെ.എം. ഷാജി മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ വിജിലന്‍സ് നടത്തിയ പരിശോധന ഇന്നലെ 11.30 ഓടെയാണ് അവസാനിച്ചത്. വിജിലൻസ് അമ്പത് ലക്ഷം രൂപയാണ് അദ്ദേഹത്തിൻറെ വീട്ടിൽ നിന്ന് കണ്ടെത്തിയത്.

ഈ രൂപയുടെ രേഖകകൾ കൈയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിജിലൻസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പക പോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. റെയ്ഡ് നടന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ്.പിണറായിക്ക് ന്നും തന്നെ പൂട്ടാന്‍ കഴിയില്ലെന്നും വിജിലന്‍സ് റെയ്ഡ് പ്രതീക്ഷിച്ച നാടകമാണെന്നും കെ.എം. ഷാജി പറഞ്ഞു.

അരക്കോടി രൂപ ബന്ധുവിന്റെ ഭൂമിയിടപാടിനായി കൊണ്ടുവന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വിജിലന്‍സിനോട് രേഖകള്‍ ഹാജരാക്കാന്‍ ഒരുദിവസത്തെ സമയം ഷാജി ആവശ്യപ്പെട്ടിട്ടുണ്ട്. ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്.

കൃത്യമായ സോഴ്സ് പണത്തിന് കാണിക്കാൻ സാധിച്ചില്ലെങ്കിൽ ഷാജിയെ അറസ്റ്റ് ചെയ്യും. റെയ്‌ഡ്‌ ഇന്നലെ രാവിലെ ഏഴ് മണിക്കാണ് ആരംഭിച്ചത്. ഷാജിയുടെ കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിലും, കണ്ണൂർ അഴീക്കോട്ടെ വീട്ടിലും ഒരേ സമയം ആണ് റെയ്‌ഡ്‌ നടത്തിയത്. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണതുടര്‍ച്ചയുണ്ടായാല്‍ സി പി എമ്മിന്റെ അഞ്ചാമത്തെ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍. ഇക്കാര്യത്തില്‍ താത്പര്യം പ്രകടിപ്പിച്ച് സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം. സംസ്ഥാനത്ത് ബ്രാഞ്ച് സമ്മേളനങ്ങള്‍ രണ്ട് മാസം കഴിഞ്ഞ് ആരംഭിക്കും.പാര്‍ട്ടി കോണ്‍ഗ്രസിന് വേദി കൂടിയൊരുക്കുമ്പോള്‍ കേരളത്തിലെ സംഘടനാപരമായ ശക്തിപ്പെടലും സി പി എം ലക്ഷ്യം വയ്ക്കുന്നുണ്ട്. പാര്‍്ട്ടി കോണ്‍ഗ്രസിനായി യാത്രാസൗകര്യവും മികച്ച സംഘടനാശേഷിയുമുളള ജില്ലക്കായിരിക്കും നറുക്കുവീഴുക.കൊല്ലം, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളെയാകും പ്രധാനമായും പരിഗണിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജൂലായ് ആദ്യവാരമാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുക.

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ നടപടി ആവശ്യപ്പെടുന്ന ലോകായുക്ത 85 പേജുള്ള ഉത്തരവ് തിങ്കളാഴ്ച വൈകീട്ടോടെ പ്രത്യേക ദൂതന്‍ വഴി സര്‍ക്കാരിന് കൈമാറി. ലോകായുക്ത നിയമപ്രകാരം റിപ്പോര്‍ട്ടിന്‍മേല്‍ മൂന്നുമാസത്തിനകം നടപടിയുണ്ടാകണമെന്നാണ് ചട്ടം.2016ല്‍ മന്ത്രിയായി ജലീല്‍ അധികാരമേറ്റ് രണ്ടുമാസത്തിനകം തന്നെ കെ.ടി അദീബിനെ നിയമിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നുവെന്നാണ് ഉത്തരവിലൂടെ വ്യക്തമാകുന്നത്. 2018 ഒക്ടോബറില്‍ അദീബിനെ നിയമിക്കുന്നതു വരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും അതിലെ ചട്ടലംഘനങ്ങളും എടുത്തപറഞ്ഞാണ് ഉത്തരവ്.

ഇതില്‍ സത്യപ്രതിജ്ഞ ലംഘനം അടക്കമുള്ള എല്ലാ കാര്യങ്ങളും വ്യക്തമാണെന്നും ലോകായുക്ത പറയുന്നു. നിയമന അധികാരിയായ ന്യൂനപക്ഷ ധനകാര്യ വികസന കേര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയാതെയാണ് അദീബിന്റെ അപേക്ഷ പോലും രണ്ടാമത് വരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നേരിട്ട് നിയമന ഉത്തരവിറക്കുകയായിരുന്നു. ഇത് നിലവിലുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാനാകില്ലെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം ജലീല്‍ തള്ളിയെന്നും ഉത്തരവില്‍ കണ്ടെത്തി.

ജലീലിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളും കണ്ടെത്തലുകളുമാണ് റിപ്പോര്‍ട്ടിലുള്ളത്. ജലീല്‍ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നാണ് കണ്ടെത്തല്‍. തനിക്കെതിരായ പരാതികള്‍ ഹൈക്കോടതി പരിശോധിച്ച് നിരാകരിച്ചതാണെന്ന് കെടി ജലീലിന്റെ വാദം തള്ളുന്ന കാര്യങ്ങളും ഉത്തരവിലുണ്ട്. അതേസമയം ലോകായുക്ത വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെടി ജലീല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

തിരുവനന്തപുരം: ബന്ധുനിയമനവിവാദത്തിൽ ലോകായുക്ത കുറ്റക്കാരനെന്ന് കണ്ടെത്തിയ കെ ടി ജലീൽ‌ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന മന്ത്രി എ കെ ബാലൻ്റെ പരാമർശം തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി പറഞ്ഞു. കോടതി വിധി വന്നാല്‍ ഉടന്‍ രാജിവയ്ക്കേണ്ടതില്ലെന്നായിരുന്നു ജലീലിന്റെ രാജിയെക്കുറിച്ചുള്ള എ കെ ബാലന്റെ പ്രതികരണം. ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ല.

വിധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജലീല്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ എന്തുചെയ്യണമെന്നുള്ളത് ആലോചിക്കുമെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു. രാജിക്കാര്യം സംബന്ധിച്ച് പാർട്ടി തീരുമാനമെടുത്തിട്ടില്ല. ബാലന്റേത് നിയമമന്ത്രി എന്ന നിലയിൽ നടത്തിയ അഭിപ്രായപ്രകടനമാണ്. പാർട്ടിയുടെ അഭിപ്രായം സെക്രട്ടറിയും കോടിയേരി ബാലകൃഷ്ണനും പറഞ്ഞു കഴിഞ്ഞു.

മഞ്ഞളാംകുഴി അലിയും അന്തരിച്ച കെ എം മാണിയും ഡെപ്യൂട്ടേഷനില്‍ ആളുകളെ നിയമിച്ചിരുന്നു. ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് ഒരു നിയമത്തിലും വ്യവസ്ഥയില്ല. നിയമിക്കുന്ന ആള്‍ക്ക് ആവശ്യമായ യോഗ്യത ഉണ്ടായിരിക്കണം എന്നതിലാണ് കാര്യം. ജലീല്‍ നിയോഗിച്ചയാള്‍ക്ക് യോഗ്യത ഉണ്ടെന്ന് ഹൈക്കോടതിയെയും ഗവര്‍ണറെയും ബോധ്യപ്പെടുത്തിയതാണ്. ലോകായുക്തയുടെ വിധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജലീല്‍ അറിയിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

കൊച്ചി: ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പിസി ജോർജ്ജ്. സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് ഇടതു വലത് മുന്നണികൾ തീവ്രവാദികളുമായി ചേർന്ന് 2030 ആകുമ്പോഴേക്ക് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി തീർക്കാനാണ് ശ്രമിക്കുന്നതെന്നും പിസി ജോർജ്ജ് ആരോപിച്ചു. തൊടുപുഴയിൽ എച്ച്ആർഡിഎസ് സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു പിസി ജോർജ്ജിന്റെ പരാമർശം.

ലവ് ജിഹാദ് ഇല്ലെന്ന് സുപ്രീംകോടതി പറയുന്നു. എന്നാൽ ലവ് ജിഹാദ് ഉണ്ടെന്ന് എനിക്ക് ഉറപ്പാണ്. മൂക്കിലിടുമോ കോടതി. ഈ പോക്ക് ഇല്ലാതാക്കാൻ മഹത്തായ ഭാരതത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം. അല്ലാതെ രക്ഷപെടില്ല

ഹിന്ദുരാഷ്ട്രമാക്കണമെന്ന് പിസി ജോർജ്ജ് പറഞ്ഞാൽ അത് വലിയ പ്രശ്നമാണ്. ആ പ്രശ്നം ഞാൻ നേരിട്ടോളാം. നമ്മുടേത് മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമാണ്.” അങ്ങനെയൊരു രാജ്യകത്താണ് ലവ് ജിഹാദ് നടക്കുന്നതെന്നും കേരളത്തിലാണ് കൂടുതൽ നടക്കുന്നതെന്നും പിസി ജോർജ്ജ് പറഞ്ഞു.