Politics (Page 50)

തിരുവനന്തപുരം: മുൻ എംഎൽഎ പിസി ജോർജും ജനപക്ഷം പാർട്ടിയും ബിജെപിയിലേക്ക് എന്ന് റിപ്പോർട്ട്. ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താനാണ് പിസി ജോർജിന്റെ തീരുമാനം. ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ടാണ് ബിജെപി കേന്ദ്ര നേതൃത്വവുമായി പിസി ജോർജ് നടത്തുന്നത്. ഇന്ന് ഡൽഹിയിൽ വച്ചായിരിക്കും ചർച്ച നടക്കുക.

ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട സീറ്റിൽ ആയിരിക്കും പിസി ജോർജ് മത്സരിക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി പി സി ജോർജും ജനപക്ഷം പാർട്ടിയും സ്വീകരിച്ചിരുന്നത് ബിജെപി അനുകൂല നിലപാടുകൾ ആയിരുന്നു. മെമ്പർഷിപ്പ് എടുത്ത് ബിജെപിയുടെ ഭാഗമാകാനുള്ള ഔദ്യോഗിക തീരുമാനമാണ് ജനപക്ഷം സ്വീകരിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പാർട്ടി ഒറ്റക്കെട്ടായി ആണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

1980, 1982, 1996, 2016 തുടങ്ങിയ വർഷങ്ങളിൽ പൂഞ്ഞാർ മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയ വ്യക്തിയാണ് പിസി ജോർജ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പിസി ജോർജ് പരാജയപ്പെടുകയായിരുന്നു.

കണ്ണൂർ: മോദി ഭരണത്തിൽ പ്രീണനവും ജാതിയുമില്ലെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. ഏക സിവിൽ കോഡ് രാജ്യത്ത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഏക സിവിൽ കോഡ് വാഗ്ദാനമായിട്ട് വരുമെന്നും അത് നടപ്പിലാക്കിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഏക സിവിൽ കോഡിനുവേണ്ടി നിലകൊള്ളുന്ന സർക്കാരാണ് രാജ്യത്തുള്ളത്. അടുത്ത തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ വാഗ്ദാനമായി ഏക സിവിൽ കോഡ് വരുമെങ്കിൽ, അത് നടപ്പിലാക്കിയെടുക്കുമെങ്കിൽ പിന്നെവിടെയാണ് ജാതിക്ക് സ്ഥാനം. നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത് അതല്ലേ. അത് സംഭവിച്ചിരിക്കുമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

കെ റെയിൽ വരും കേട്ടോ എന്ന് പറഞ്ഞത് പോലെയല്ല. ഏക സിവിൽ കോഡ് വന്നിരിക്കും. ഒരു പ്രത്യേക വിഭാഗത്തെ നശിപ്പിക്കാനുള്ള സംവിധാനമെന്ന് ആരും വിചാരിക്കേണ്ട. ഏറ്റവും കൂടുതൽ ഗുണം ചെയ്യാൻ പോകുന്നത് ആ വിഭാഗത്തിനുതന്നെയാണ്. സ്ത്രീകൾക്കും തുല്യത വേണം. സ്ത്രീ സമത്വത്തിന് വേണ്ടി 33.5 ശതമാനം എന്നുപറഞ്ഞ് ചുണ്ടനക്കിയതല്ലാതെ ഹൃദയം പ്രവർത്തിച്ചില്ല. അത് പ്രാവർത്തികമാക്കാൻ നരേന്ദ്ര മോദി വന്നിട്ടുണ്ടെങ്കിൽ സ്ത്രീ സമത്വം എന്നത് അടുത്ത പത്ത് വർഷത്തിനുള്ളിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പട്‌ന: ബിഹാറിൽ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ നിതിഷ് കുമാറിന് സത്യവാചകം ചൊല്ലി നൽകിയത്. നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ഇത് ഒൻപതാം തവണയാണ്. ആറു തവണ ബിജെപി സഖ്യത്തിലും മൂന്നു തവണ ആർജെഡി സഖ്യത്തിലും അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ സമ്രാട്ട് ചൗധരി, മുൻ പ്രതിപക്ഷ നേതാവ് വിജയ് കുമാർ സിൻഹ തുുടങ്ങിയവർ ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

ബിജെപി എംഎൽഎ പ്രേംകുമാർ, ജെഡിയു എംഎൽഎമാരായ വിജയ് കുമാർ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ്, ശ്രാവൺ കുമാർ, എച്ച്എഎം അധ്യക്ഷൻ സന്തോഷ് കുമാർ സുമൻ, സ്വതന്ത്ര എംഎൽഎ സുമിത് കുമാർ സിങ് തുടങ്ങിയവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഉൾപ്പെടെയുള്ളവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നു. ജെഡിയു- ആർജെഡി- കോൺഗ്രസ് മഹാസഖ്യ മുന്നണി വിട്ടാണ് ജെഡിയും വീണ്ടും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിനൊപ്പം ചേരുന്നത്.

ഇന്ത്യ സഖ്യത്തിലെ അഭിപ്രായ ഭിന്നതയെ തുടർന്നാണ് നിതിഷ് കുമാർ ജെഡിയു സഖ്യത്തിൽ നിന്നും പിന്മാറുന്നത്. മല്ലികാർജ്ജുൻ ഖാർഗെ അടക്കമുള്ള ദേശീയ നേതാക്കൾ ഇടപെട്ടിട്ടും തർക്കത്തിന് പരിഹാരം കാണാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിതിഷ് കുമാറിന്റെ പിന്മാറ്റം. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരാനാണ് ജെഡിയു- ബിജെപി ധാരണ.

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തെപ്പറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുന്നതെല്ലാം കള്ളമാണെന്ന് അദ്ദേഹം പറഞ്ഞു. നിലമേൽ സംഭവിച്ചത് എന്താണെന്ന് എല്ലാവരും കണ്ട് ബോധ്യപ്പെട്ട കാര്യമാണെന്നും കേന്ദ്ര ഇടപെടൽ ഉണ്ടാക്കുക എന്നതു മാത്രമാണ് ഗവർണറുടെ ലക്ഷ്യമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഗവർണർ കള്ളം പറയുകയാണ്, വിഡ്ഢിവേഷം കെട്ടിക്കൊണ്ടിരിക്കുകയാണ്. നടന്ന കാര്യങ്ങൾ പകൽവെളിച്ചം പോലെ വ്യക്തമാണ്. ശരിയായ രീതിയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തി മുന്നോട്ടുപോകുന്ന ജനങ്ങളുള്ള നാടാണ് കേരളം. അതുകൊണ്ടുതന്നെ ഇതൊന്നും കേരളീയ സമൂഹത്തിൽ ഏശാൻ പോകുന്നില്ല. സിആർപിഎഫ് വന്നതുകൊണ്ടൊന്നും പ്രതിഷേധങ്ങൾ അവസാനിക്കില്ല. എസ്എഫ്ഐ പ്രതിഷേധം മുന്നോട്ടുകൊണ്ടുപോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വിദ്യാർഥിനേതാക്കളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിഷേധക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് സംബന്ധിച്ച് കോടതി പരിശോധന നടത്തുമെന്നും റിമാൻഡിലായി എന്നു കരുതി എസ്എഫ്‌ഐക്കാർ രാഹുൽ മാങ്കൂട്ടത്തിലിനെ പോലെ അന്തംവിട്ട് നിക്കില്ല. ഇന്ത്യയിൽ ഏറ്റവും നന്നായി ക്രമസമാധാനം പാലിക്കപ്പെടുന്ന സംസ്ഥാനം കേരളമാണ്. സംസ്ഥാന സർക്കാരിനെ ഇത്രയധികം വിമർശിച്ചിട്ടും മിഠായിത്തെരുവിലും വഴിയരികിലുമൊക്കെ ഗവർണർക്ക് ഒരു പോറൽ പോലുമേൽക്കാതെ സുരക്ഷിതനായി നടക്കാനും ഇരിക്കാനുമൊക്കെ കഴിയുന്നില്ലേ, കേരളത്തിലല്ലാതെ വേറെ ഏതെങ്കിലും സംസ്ഥാനത്ത് അത് നടക്കുമോ. ഗവർണറെ തിരിച്ചുവിളിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ ചർച്ച നടന്നിട്ടില്ല. നിലനിലെ ഗവർണർ പോയാൽ പകരം വരുന്നത് ഇതിലും വലിയ ആർഎസ്എസ് അനുഭാവിയാണെങ്കിൽ ഇതുതന്നെ ആവർത്തിക്കില്ലേ. എക്സ് പോയാൽ വൈ വരും, അത് ഇതിലും മൂത്ത ആർഎസ്എസ് ആകാനാണ് സാധ്യതയെന്ന് എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. ഇന്ന് ജെഡിയു (ജനതാദൾ യുണൈറ്റ്ഡ്) നിയമസഭാകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഗവർണറുമായി കൂടിക്കാഴ്ച്ച നടത്താൻ നിതിഷ് കുമാർ സമയം ആവശ്യപ്പെട്ടിരുന്നു. ഇനി എൻഡിഎയ്ക്ക് ഒപ്പം ചേരാണ് നിതിഷ് കുമാറിന്റെ തീരുമാനം. ഇന്ന് വൈകിട്ടായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ്.

ഇന്ത്യ സഖ്യത്തിലെ അഭിപ്രായ ഭിന്നതയെ തുടർന്നാണ് ജെഡിയു സഖ്യത്തിൽ നിന്നും പിന്മാറുന്നത്. മല്ലികാർജ്ജുൻ ഖാർഗെ അടക്കമുള്ള ദേശീയ നേതാക്കൾ ഇടപെട്ടിട്ടും തർക്കത്തിന് പരിഹാരം കാണാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിതിഷ് കുമാർ പിന്മാറുന്നത്.

അതേസമയം, അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കുമെന്നാണ് ജെഡിയു- ബിജെപി ധാരണ. സുശീൽ മോദിയും രേണുദേവിയും ഉപമുഖ്യമന്ത്രിമാരാകാനാണ് സാധ്യത. സ്പീക്കർ പദവി ബി ജെ പിക്ക് നൽകാനും ധാരണയായതായെന്നാണ് വിവരം. ആർജെഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ബിജെപിക്ക് നൽകും. 2025 മുതൽ നിതീഷിന് എൻഡിഎ കൺവീനർ പദവി നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.

നിതിഷ് കുമാറിനെതിരെ പരിഹാസവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. നിറം മാറുന്ന നിതീഷ് ഓന്തിന് വെല്ലുവിളിയാണ് നിതീഷ് കുമാറെന്നായിരുന്നു കോൺഗ്രസിന്റെ പരിഹാസം. ബിഹാറിലെ ജനങ്ങൾ ഈ വഞ്ചന പൊറുക്കില്ല. ഭാരത് ജോഡോ ന്യായ് യാത്രയിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള മോദിയുടെയും ബിജെപിയുടെ ശ്രമമാണെന്ന് ജയ്‌റാം രമേശ് പറഞ്ഞു.

കൊൽക്കത്ത: ഭാരത് ജോഡോ ന്യായ് യാത്രയെ കുറിച്ച് തനിക്കറിവില്ലെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി. രാഹുൽ ഗാന്ധി, ജയറാം രമേഷ് തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ യാത്രയിൽ പങ്കാളിയാകണമെന്നു മമതാ ബാനർജിയോട് മാധ്യമങ്ങളിലൂടെ അഭ്യർഥിച്ചിരുന്നു. എന്നാൽ, ഇതിന് താത്പര്യമില്ലെന്ന് മമത അറിയിച്ചുവെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്.

ബംഗാളിൽ യാതൊരുവിധ സഖ്യത്തെ കുറിച്ചും ചിന്തിക്കുന്നില്ലെന്ന നിലപാടിലാണ് മമത ബാനർജി. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് മമത ബാനർജി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബംഗാളിൽ ബിജെപിയെ തോൽപ്പിക്കാൻ തന്റെ പാർട്ടിക്കാകുമെന്നും മമത അറിയിച്ചിരുന്നു. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി തുടരുമെന്നും മമത വ്യക്തമാക്കിയിരുന്നു.

താൻ കോൺഗ്രസുമായി ചർച്ച നടത്തിയിട്ടില്ല. ബംഗാളിൽ തങ്ങൾ ഒറ്റയ്ക്ക് പോരാടുമെന്ന് താൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. തങ്ങൾ ഒരു മതേതര പാർട്ടിയാണ്, ബംഗാളിൽ തങ്ങൾ ഒറ്റയ്ക്ക് ബിജെപിയെ പരാജയപ്പെടുത്തും. പശ്ചിമബംഗാളിലെ 42 സീറ്റുകളിലും ടിഎംസി തനിച്ചു മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ ചേർന്ന പാർട്ടി നേതൃയോഗത്തിൽ മമതാ ബാനർജി പ്രഖ്യാപിച്ചിരുന്നു. രണ്ട് സിറ്റിങ് സീറ്റുകൾ മാത്രം കോൺഗ്രസിന് വിട്ടുനൽകാമെന്നായിരുന്നു നേരത്തേ മമത സ്വീകരിച്ചിരുന്ന നിലപാട്.

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കൊല്ലം നിലമേലിൽ എസ്എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് റോഡരികിൽ കസേരയിലിരുന്ന് പ്രതിഷേധിച്ച ഗവർണറുടെ നടപടിക്കെതിരെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. ഗവർണറുടെ പെരുമാറ്റം വിചിത്രമെന്ന് വിശേഷിപ്പിച്ച മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിൻറെ സ്ഥാനം തട്ടിയെടുക്കാൻ ഗവർണറുടെ ശ്രമം. ഗവർണർ കുട്ടി വാശിപിടിക്കുന്ന പോലെ കസേര ഇട്ടിരിക്കുന്നു. ഇത് കൗതുകമോ ശിശു സഹജമോ ആയി കാണാൻ കഴിയില്ല. ഗവർണറുടെ പ്രകടനത്തിന് കേന്ദ്രമന്ത്രി തൊട്ടു പിന്നാലെ പക്ക മേളം നടത്തി. ഇത് രാഷ്ട്രീയ അജണ്ടയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. ഗവർണർ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തട്ടിയെടുക്കാൻ ശ്രമിക്കുന്നു. ഇത് പ്രതിപക്ഷ നേതാവിനെ അവഹേളിക്കാനുള്ള ശ്രമമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊല്ലം നിലമേൽ ആയിരുന്നു ഗവർണർക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം നടത്തിയത്. ഗവർണർ കടന്നു പോകുന്ന വഴിയിൽ എസ്എഫ്‌ഐ പ്രവർത്തകർ കരിങ്കൊടിയും ബാനറുകളും ഉയർത്തി. തുടർന്ന് എസ്എഫ്‌ഐ പ്രവർത്തകർക്ക് മുൻപിലേക്ക് ഇറങ്ങിച്ചെന്ന് ഗവർണർ കുത്തിയിരുന്നു.

പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കാതെ പോകില്ലെന്ന നിലപാടിലായിരുന്നു ഗവർണർ. നാടകീയ രംഗങ്ങളാണ് ഇന്ന് നിലമേലിൽ അരങ്ങേറിയത്. തന്റെ പേഴ്സണൽ സെക്രട്ടറിയോട് അമിത് ഷായെ വിളിച്ച് സംസാരിക്കാനും ഗവർണർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയോട് തനിക്ക് സംസാരിക്കണമെന്നും പ്രതിഷേധത്തിനിടെ കുത്തിയിരുന്നു കൊണ്ട് ഗവർണർ വ്യക്തമാക്കിയിരുന്നു.

പൊലീസിനെതിരേയും ഗവർണർ ഗുരുതര ആരോപണം ഉന്നയിച്ചു. പ്രതിഷേധക്കാർക്ക് പൊലീസാണ് സംരക്ഷണമൊരുക്കുന്നതെന്നും പൊലീസ് സംക്ഷണത്തിലാണ് അവരെ അയക്കുന്നതെന്നും ഗവർണർ പറഞ്ഞു. ഗവർണറെ തിരികെ വാഹനത്തിൽ കയറ്റാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം പൊലീസിനു നേരെ ആക്രോശിച്ചുകൊണ്ട് തൊട്ടടുത്തുള്ള കടത്തിണ്ണിയിൽ കയറി കുത്തിയിരുന്നു. തുടർന്ന് കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെടുകയായിരുന്നു. വാഹനത്തിൽ തിരിച്ചുകയറാൻ കൂട്ടാക്കാതെ ഗവർണർ ഏറെനേരം റോഡിനു സമീപത്തെ ചായക്കടയുടെ മുന്നിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

തിരുവനന്തപുരം: ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായേക്കും. ഇന്ത്യയ്ക്ക് നിർണായക നേട്ടങ്ങൾ സമ്മാനിച്ച ചന്ദ്രയാനും ആദിത്യയും വിജയിപ്പിച്ച താര പരിവേഷം, വ്യക്തിപ്രഭാവം തുടങ്ങിയവയാണ് അദ്ദേഹത്തിന് അനുകൂലമായ ഘടകങ്ങൾ. ശശി തരൂരിന് പറ്റിയ എതിരാളിയാണ് എസ് സോമനാഥെന്നാണ് ബിജെപി വിലയിരുത്തുന്നതെന്നാണ് വിവരം.

അതേസമയം, അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പ്രധാന അതിഥികളിലൊരാളായിരുന്നു സോമനാഥ്. സോമനാഥിന്റെ സ്ഥാനാർത്ഥിത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടങ്ങുന്ന ഉന്നതതല സമിതി ചർച്ച ചെയ്തിരുന്നു. കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കറിനെയും നിർമ്മല സീതാരാമനെയും തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കാൻ പരിഗണിക്കുന്നുവെന്ന വിവരവും പുറത്തു വന്നിരുന്നു.

ഐ.എസ്.ആർ.ഒ ചെയർമാനായി സോമനാഥ് 2022 ജനുവരിയിലാണ്. മൂന്ന് വർഷത്തേക്കാണ് അദ്ദേഹത്തിന് ചുമതല നൽകിയത്. നിലവിലെ കാലാവധി അടുത്തവർഷം ജനുവരിയിൽ അവസാനിക്കും.

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള നിയമസഭയെ ഗവർണർ അവഹേളിച്ചെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരും ഗവർണറും തമ്മിൽ കുറേക്കാലമായി നടക്കുന്ന രാഷ്ട്രീയനാടകത്തിന്റെ പരിതാപകരമായ അന്ത്യമാണ് ഇന്ന് നിയമസഭയിൽ നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ തയ്യാറാക്കി കൊടുത്ത നയപ്രഖ്യാപന പ്രസംഗത്തിൽ കാര്യമായ കേന്ദ്ര വിമർശനങ്ങളൊന്നുമില്ല. കേന്ദ്രത്തിനെതിരെ ഡൽഹിയിൽ സമരം പ്രഖ്യാപിച്ച മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളെ പേടിച്ച് പ്രക്ഷോഭം സമ്മേളനമാക്കി മാറ്റിയ ആളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തെ ക്ഷണിച്ചിരുന്നത് ഒരുമിച്ച് സമരം ചെയ്യാനാണ്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ അത് പൊതുസമ്മേളനമാക്കി മാറ്റി. നയപ്രഖ്യാപനത്തിൽ ഉൾക്കൊള്ളിച്ചത് സർക്കാരിന്റെ പൊള്ളയായ ചില വാഗ്ദാനങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവർണർക്കെതിരെ വിമർശനവുമായി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം വണങ്ങാനിരുന്ന പ്രതിപക്ഷത്തെ തിരിഞ്ഞുപോലും നോക്കാതെ വാണംവിട്ട പോലെയാണ് ഗവർണർ പോയതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘ഗവർണർ വരുന്നതും കണ്ടു വാണംവിട്ടപോലെ പോകുന്നതും കണ്ടു. പോകുമ്പോ തങ്ങളിരിക്കുന്ന ഭാഗത്തേക്ക് നോക്കി വണങ്ങുന്ന ഒരു പരിപാടിയൊക്കെ ഉണ്ടായിരുന്നു. തിരിച്ച് വണങ്ങാൻ തങ്ങൾ കാത്തിരിക്കുകയായിരുന്നു. എന്നാൽ, ഗവർണർ തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. ബജറ്റ് സമ്മേളനത്തിന്റെ തുടക്കം അപഹാസ്യമാക്കി അവസാനിപ്പിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ബംഗാളിൽ ബിജെപിയെ തോൽപ്പിക്കാൻ തന്റെ പാർട്ടിക്കാകുമെന്ന് മമത അറിയിച്ചു. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി തുടരുമെന്നും മമത അറിയിച്ചു.

താൻ കോൺഗ്രസുമായി ചർച്ച നടത്തിയിട്ടില്ല. ബംഗാളിൽ തങ്ങൾ ഒറ്റയ്ക്ക് പോരാടുമെന്ന് താൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. തങ്ങൾ ഒരു മതേതര പാർട്ടിയാണ്, ബംഗാളിൽ തങ്ങൾ ഒറ്റയ്ക്ക് ബിജെപിയെ പരാജയപ്പെടുത്തും. പശ്ചിമബംഗാളിലെ 42 സീറ്റുകളിലും ടിഎംസി തനിച്ചു മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ ചേർന്ന പാർട്ടി നേതൃയോഗത്തിൽ മമതാ ബാനർജി പ്രഖ്യാപിച്ചിരുന്നു. രണ്ട് സിറ്റിങ് സീറ്റുകൾ മാത്രം കോൺഗ്രസിന് വിട്ടുനൽകാമെന്നായിരുന്നു നേരത്തേ മമത സ്വീകരിച്ചിരുന്ന നിലപാട്.

അതേസമയം, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിൽ വരുന്ന കാര്യം തന്നെ അറിയിച്ചില്ലെന്ന് മമത പറഞ്ഞിരുന്നു. അവർ ബംഗാളിൽ റാലി നടത്തുന്നു, പക്ഷേ തന്നെ അറിയിച്ചില്ല. താൻ ഇന്ത്യ മുന്നണിയുടെ ഭാഗമല്ലേ, ദീദി താൻ നിങ്ങളുടെ സംസ്ഥാനത്തേക്ക് വരുന്നുവെന്ന് അവർ തന്നെ അറിയിക്കണമായിരുന്നു. താൻ മതേതര പാർട്ടിയാണ്. ബിജെപിയെ പരാജയപ്പെടുത്താൻ ആവുന്നതെല്ലാം ചെയ്യുമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.