Politics (Page 49)

തിരുവനന്തപുരം: മുസ്ലിം ലീഗിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് നൽകില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ്. സീറ്റ് വിട്ടുതരാൻ കഴിയുന്ന സാഹചര്യമല്ലെന്ന് കോൺഗ്രസ് നേതൃത്വം ലീഗ് നേതാക്കളെ അറിയിച്ചു. ഇക്കാര്യം നേതാക്കളെ കോൺഗ്രസ് ബോധ്യപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ, കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കോട്ടയം സീറ്റ് നൽകാൻ ധാരണയായി. സീറ്റുകളുടെ കാര്യത്തിൽ ഒന്നിച്ചുള്ള പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇത്തവണ പറയുന്ന പോലെയല്ലെന്നും, നിർബന്ധമായും മൂന്നാം സീറ്റ് വേണമെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. മൂന്നു സീറ്റിന് അർഹതയുണ്ടെങ്കിലും രണ്ടിൽ തൃപ്തിപ്പെടണമെന്ന് രാഷ്ട്രീയ സാഹചര്യങ്ങൾ നിരത്തിയാണ് കോൺഗ്രസ് ലീഗ് നേതാക്കളെ ബോധ്യപ്പെടുത്തിയത്.

കോർ കമ്മിറ്റിയിൽ ചർച്ചചെയ്‌തേ തീരുമാനം പറയാനാകൂവെന്ന് ലീഗ് അറിയിച്ചുവെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി പതിനാലിന് യുഡിഎഫ് വീണ്ടും യോഗം ചേരും. അടുത്തയാഴ്ച കോട്ടയത്ത് സ്ഥാനാർഥിയെ പ്രഖ്യാപിക്കും. കൊല്ലത്ത് ആർഎസ്പിക്ക് വേണ്ടി എൻകെ പ്രേമചന്ദ്രൻ വീണ്ടും മൽസരിക്കും. അതേസമയം, കോൺഗ്രസിൻറെ പതിമൂന്ന് സിറ്റിങ് എംപിമാരോടും അതാത് മണ്ഡലങ്ങളിൽ കൂടുതൽ സജീവമാകാനാണ് യുഡിഎഫ് നേതൃത്വം ആവശ്യപ്പെടുന്നത്.

തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി സർക്കാരിന്റെ നയങ്ങൾ ന്യൂനപക്ഷങ്ങളേയും വനിതകളേയും ബാധിച്ചുവെന്ന് ഖാർഗെ വ്യക്തമാക്കി. തൃശ്ശൂരിൽ ബൂത്ത് പ്രസിഡന്റുമാരുടേയും വനിതാ നേതാക്കളുടേയും സമ്മേളനമായ ജനമഹാസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കേന്ദ്രസർക്കാർ ശ്രമിക്കുന്നത് ഫെഡറലിസത്തെ തകർക്കാനാണ്. സംസ്ഥാനങ്ങളെ ഞെരുക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്നു. മോദി സാഹോദര്യം, പരസ്പര വിശ്വാസം എന്നീ ആശയങ്ങളിൽ വിശ്വസിക്കുന്നില്ല. സ്വകാര്യമേഖലയെ മാത്രം മോദി സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. മറ്റ് മേഖലകളെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കുന്നു. ജാതിയുടേയും മതത്തിന്റേയും പേരിൽ വോട്ട് തേടിയെത്തുന്ന ബിജെപിയുടെ തന്ത്രങ്ങളെ തിരിച്ചറിയണമെന്നാണ് സഹോദരിമാരോട് പറയാനുള്ളതെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിലും യുവാക്കൾക്കും എതിരായി അതിക്രമങ്ങൾ വർധിച്ചുവരുന്നു. കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർഥി സംഘടനയിൽനിന്നും ആളുകൾക്ക് നേരെ അതിക്രമം ഉണ്ടാവുന്നു. കേന്ദ്ര സർക്കാർ രാജ്യത്തെ എല്ലാ ജനാധിപത്യസ്ഥാപനങ്ങളേയും ദുർബലപ്പെടുത്തുന്നു. ഇഡിയേയും സിബിഐയേയും ആദായ നികുതി വകുപ്പിനേയും ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളെ വേട്ടയാടുന്നു. കേരളത്തിലെ ജനങ്ങൾ എല്ലാ കാലത്തും പാവപ്പെട്ട ജനങ്ങൾക്കും മൂല്യങ്ങൾക്കും ജനാധിപത്യത്തിനും ഭരണഘടനാ സംരക്ഷണത്തിനും വേണ്ടി നിലകൊണ്ടു. കേരളത്തിൽ ജയിച്ചാൽ ഇന്ത്യയിൽ തന്നെ ജയിക്കാൻ കഴിയുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: അയോധ്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ വെള്ളത്തിന് തീപിടിപ്പിക്കുന്ന തരത്തിൽ പലരും സംസാരിക്കുമ്പോൾ ആ തീ കെടുത്താനാണ് സാദിഖലി തങ്ങൾ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഘർഷങ്ങൾ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നത്. എതിരാളികളുടെ ലക്ഷ്യം വിദ്വേഷത്തിന്റെ കാമ്പയിനാണ്. ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഇരുവശങ്ങളിലുമുള്ള തീവ്രവാദ സ്വഭാവമുള്ള ആളുകളിലേക്ക് വിഷയം എത്തിക്കാതിരിക്കാനുള്ള ശ്രമമാണ് ഞങ്ങൾ നടത്തുന്നത്. വെള്ളത്തിന് തീ പിടിപ്പിക്കാൻ തീവ്രവാദ സ്വഭാവമുള്ള ആളുകൾ ശ്രമിക്കുന്ന കാലത്ത് സമാധാനത്തിനുവേണ്ടി സംസാരിക്കുന്നതുതന്നെ വലിയ കാര്യമാണെന്ന് അദ്ദേഹം അറിയിച്ചു.

കോൺഗ്രസിനൊപ്പം ആത്മാർത്ഥമായി നിൽക്കുന്ന ഘടകകക്ഷിയാണ് ലീഗ്. യുഡിഎഫിന്റെ നട്ടെല്ലായി നിൽക്കുന്ന ലീഗുമായി ആലോചിച്ചാണ് എല്ലാം ചെയ്യുന്നത്. അവരുമായുള്ള സഹോദര ബന്ധത്തിന് ഒരു പോറൽ പോലും ഏൽക്കില്ല. മെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് സീറ്റ് എന്നത് ലീഗിന്റെ അർഹതപ്പെട്ട ആവശ്യമാണ്. അതിനെ ഒരിക്കലും കോൺഗ്രസ് ചോദ്യംചെയ്യില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ മുതിർന്ന സാഹിത്യകാരന്മാർ സാഹിത്യ അക്കാദമിക്കെതിരേ ഉയർന്ന ആരോപണം സർക്കാർ ഗൗരവത്തോടെ കാണണം. തങ്ങൾ എല്ലാവരും ബഹുമാനിക്കുന്ന സച്ചിദാനന്ദനാണ് അക്കാദമിയുടെ തലപ്പത്ത് ഇരിക്കുന്നത്. അദ്ദേഹമല്ല പ്രശ്‌നം. അക്കാദമിയെ സിപിഎം രാഷ്ട്രീയവത്ക്കരിച്ച് പാർട്ടി ഓഫീസ് പോലെ കൈകാര്യം ചെയ്യാൻ ശ്രമിച്ചു. സച്ചിദാനന്ദനെ ആലങ്കാരിക സ്ഥാനത്ത് ഇരുത്തി വേറെ ചില ആളുകൾ അക്കാദമിയെ രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിക്കുകയാണ്. ആ രാഷ്ട്രീയവത്ക്കരണത്തിന്റെ അനന്തരഫലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന വിഷയം. ഇത് സർക്കാർ തന്നെ പരിഹരിക്കണം. സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങളെ സ്വതന്ത്രമായി വിടണം. സർക്കാരും സിപിഎമ്മും എല്ലായിടത്തും കൈകടത്തുന്ന ഡീപ്പ് സ്റ്റേറ്റായി മാറിയിരിക്കുകയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

തിരുവനന്തപുരം: അയോധ്യാ രാമക്ഷേത്രത്തിൽ സാദിഖലി തങ്ങൾ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സാദിഖലി തങ്ങളുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കെണിയിൽ വീഴേണ്ടതില്ല എന്നാണ് തങ്ങൾ പറഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപി കലക്ക് ഉണ്ടാക്കാനാണ് നോക്കുന്നത്. ബാബരി തകർന്ന സമയത്ത് ശിഹാബ് തങ്ങൾ എടുത്ത നിലപാടാണ് ഇപ്പോൾ സാദിഖലി തങ്ങളും എടക്കുന്നത്. അന്ന് ശിഹാബ് തങ്ങൾക്ക് എതിരെ വിമർശനം ഉയർന്നിരുന്നു. പിന്നീട് അത് ശരിയാണെന്ന് തെളിഞ്ഞു. അതു പോലെയാണ് ഇപ്പോഴും. മൂന്നാം സീറ്റ് പാർട്ടി ചർച്ച ചെയ്‌തെന്നും ബജറ്റിനു ശേഷം ചർച്ച തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അയോധ്യയിലെ രാമക്ഷേത്രവും തകർക്കപ്പെട്ട പള്ളിക്ക് പകരം പണികഴിപ്പിക്കാനിരിക്കുന്ന ബാബരി മസ്ജിദും ഒരേപോലെ മതേതരത്വത്തിന്റെ പ്രതീകങ്ങളാണെന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ പരാമർശമാണ് വിവാദത്തിലായത്. ജനുവരി 24ന് തങ്ങൾ നടത്തിയ പ്രസംഗമാണ് വിവാദത്തിലായത്. മഞ്ചേരിക്കടുത്ത് പുൽപറ്റയിലാണ് തങ്ങൾ വിവാദ പരാമർശം നടത്തിയത്.

രാമക്ഷേത്രം രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെ ആവശ്യമായിരുന്നുവെന്ന് സാദിഖലി തങ്ങൾ അറിയിച്ചു. അതിൽ നിന്ന് പുറകോട്ട് പോകാനാവില്ല. അതൊരു യാഥാർത്ഥ്യമാണ്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉള്ള നിർമ്മിതിയാണ് രാമക്ഷേത്രം. അങ്ങിനെ തന്നെയാണ് ബബരി മസ്ജിദും. രണ്ടും ഇന്ത്യയുടെ ഭാഗമാണ്. മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത് കർസേവകർ നടത്തുന്നതാണ്. തകർത്തതും അവരാണെന്ന് നമുക്കറിയാം. അതിൽ അക്കാലത്ത് നമുക്ക് പ്രതിഷേധം ഉണ്ടായിരുന്നു. അതിനെ സഹിഷ്ണുതയോടെ നേരിടാനും നമുക്ക് സാധിച്ചുവെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എക്‌സാലോജിക്ക് കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങിയ കേസിൽ വീണാ വിജയനെതിരെ എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അദ്ദേഹം ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.

നിയമസഭയിൽ അടിയന്തര പ്രമേയത്തിന് സർക്കാർ അനുമതി നിഷേധിച്ചത് ജനാധിപത്യവിരുദ്ധമാണെന്നും മടിയിൽ കനമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി നിയമസഭയിൽ എത്താതെ ഒളിച്ചോടിയതെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താക്കുറിപ്പിലൂടെയാണ് കെ സുരേന്ദ്രന്റെ പ്രതികരണം. മകൾ മാത്രമല്ല മുഖ്യമന്ത്രിയും മാസപ്പടി വാങ്ങിയിട്ടുണ്ട്. വീണയുടെ കമ്പനിക്ക് കെഎംആർഎൽ മാസപ്പടി കൊടുക്കാൻ കാരണം മുഖ്യമന്ത്രിയുടെ വഴിവിട്ട സഹായം ലഭിക്കാനാണെന്നും അദ്ദേഹം വിശദമാക്കി.

മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും കരിമണൽ കമ്പനിക്ക് ചെയ്ത് കൊടുത്ത സഹായങ്ങളെല്ലാം പുറത്തുവരുകയും ചെയ്തതാണ്. ഈ സാഹചര്യത്തിൽ ഇനിയും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അർഹതയില്ല. പ്രതിപക്ഷത്തിന് മുഖ്യമന്ത്രിക്കെതിരായ ആരോപണം ഉന്നയിക്കുന്നതിൽ ആത്മാർത്ഥതയില്ല. വിഡി സതീശൻ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. യുഡിഎഫിന്റെ പ്രമുഖ നേതാക്കളും മാസപ്പടി വാങ്ങിയിട്ടുണ്ട്. എന്നാൽ കേന്ദ്രത്തിലുള്ള നരേന്ദ്രമോദി സർക്കാർ അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കും. ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്ര ബഡ്ജറ്റിനെതിരെ രംഗത്ത് വന്നത് ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മാത്രമാണ്. 15ാം ധനകാര്യ കമ്മീഷൻ ഏറ്റവും കൂടുതൽ റവന്യു ഡെഫിസിറ്റി ഗ്രാന്റ്‌കൊടുത്തത് കേരളത്തിനാണ്. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാളും 2220 കോടി രൂപ നികുതി വിഹിതത്തിൽ മാത്രം കേരളത്തിന് കൂടുതൽ ലഭിക്കും. റെയിൽവെ വികസനത്തിൽ യുപിഎ സർക്കാരിനേക്കാൾ ഏഴിരട്ടി അധികമാണ് ഇത്തവണത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. എന്നിട്ടും കേന്ദ്രത്തെ പഴിചാരുന്നത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: എക്‌സാലോജിക് കേസിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മകളുടെ പേരിൽ കേസെടുത്ത് അച്ഛനെ കുടുക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എക്‌സാലോജിക് കേസുമായി ഹൈക്കോടതിയിൽ പോയ ഷോൺ ജോർജ്ജിന് ബിജെപി ഭാരവാഹിത്വം നൽകിയെന്നും കേസിന് പിന്നിൽ ആരാണെന്നതിന് ഇതിൽ കൂടുതൽ തെളിവ് വേണോയെന്നും അദ്ദേഹം ചോദിക്കുന്നു. വാർത്താ സമ്മേളനത്തിവൂടെയായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.

ബിജെപി കേസുകൾ പലതും കൈകാര്യം ചെയ്യുന്ന ഒരു എംഎൽഎ തന്നെയാണ് നിയമസഭയിൽ ഇത്തരം പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ ഒരാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കും. എക്‌സാലോജിക്ക് മൈനസ് പിണറായി വിജയൻ എന്നായാൽ പിന്നെ കേസുണ്ടാവില്ല. കേന്ദ്ര ഏജൻസികൾ കോൺഗ്രസിനെതിരെയാണെങ്കിൽ മാത്രം എതിർക്കുകയെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത്. ബിജെപി കേസുകൾ പലതും കൈകാര്യം ചെയ്യുന്ന ഒരു എംഎൽഎ തന്നെയാണ് നിയമസഭയിൽ ഇത്തരം പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതെന്നും അത് പിന്നീട് യുഡിഎഫ് ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എക്‌സാലോജിക് കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. പിണറായി വിജയനെ എങ്ങനെ കുടുക്കാം എന്ന് മാത്രമാണ് കേസിന് പിന്നിൽ. ഏത് ഏജൻസി വേണമെങ്കിലും വന്ന് അന്വേഷണം നടത്തട്ടെ, ബാക്കി അതിന് ശേഷം പറയാമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവവുമായി ബന്ധപ്പെട്ട് യുഡിഎഫിലെ ഘടക കക്ഷികളുമായി ആദ്യഘട്ട ചർച്ചകൾ ചർച്ചകൾ നടത്തി കോൺഗ്രസ്. കോൺഗ്രസ് നേതൃത്വം അവസാനമായി സംസാരിച്ചത് മുന്നണിയിലെ ചെറുപാർട്ടികളായ സിഎംപി, ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികളുമായാണ്. ലോക്‌സഭാ സീറ്റ് വേണ്ടെന്നും രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നുമുള്ള ആവശ്യമാണ് ഇരുവരും ചർച്ചകളിൽ ഉന്നയിച്ചത്.

തിരഞ്ഞെടുപ്പിന് ശേഷം രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ചർച്ച നടത്താമെന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ഒന്നാം ഘട്ട ആശയവിനിമയം ഇതോടെ പൂർത്തിയായിരിക്കുകയാണ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് അധിക സീറ്റ് ആവശ്യപ്പെടുന്ന മുസ്ലിം ലീഗുമായും സീറ്റ് മാറ്റ ചർച്ചകൾ കേരള കോൺഗ്രസുമായും നടക്കും. മലബാർ മേഖലയിൽ ലീഗ് ഒരുസീറ്റ് അധികം ആവശ്യപ്പെടുന്നുണ്ട്. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ മൂന്നാം സീറ്റ് ആണ് ലീഗിന്റെ ആവശ്യം. രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റ് വേണമെന്ന് ആവശ്യപ്പെടാനാണ് ലീഗ് ഉദ്ദേശിക്കുന്നത്.

കേരള കോൺഗ്രസ്, കേരള കോൺഗ്രസ് ജേക്കബ്, ആർഎസ്പി നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളിലായി കോൺഗ്രസ് ചർച്ച നടത്തിയിരുന്നു. കൊല്ലം സീറ്റ് ആർഎസ്പിക്ക് നൽകാനാണ് ധാരണ. അഞ്ചാം തീയതി അടുത്ത ഘട്ട ചർച്ച നടക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

റാഞ്ചി: ജെഎംഎം നേതാവ് ചംപായ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ അഴിമതി കേസിൽ ഇ ഡി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ രാജിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചംപായ് സോറൻ സത്യപ്രതിജ്ഞ ചെയ്തത്. ഹേമന്ത് സോറൻ മന്ത്രിസഭയിൽ ഗതാഗത, എസ് സി-എസ്ടി വകുപ്പ് മന്ത്രിയായിരുന്നു ചംപായ് സോറൻ.

ചംപായ് സോറൻ സരായ്‌കേല മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. ആദിവാസി-പിന്നാക്ക വിഭാഗങ്ങളിൽ സ്വാധീനമുള്ള നേതാവായ ഇദ്ദേഹം ഹേമന്ത് സോറന്റെ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധമുള്ള വ്യക്തിയാണ്. ബിജെപി സ്വാധീനമുള്ള കൊൽഹാൻ മേഖലയിൽ നിന്നുള്ള നേതാവ് കൂടിയാണ് ഇദ്ദേഹം.

അതേസമയം, മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കോൺഗ്രസ് എംഎൽഎ ആലംഗിർ ആലം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആർജെഡി എംഎൽഎ സത്യനാന്ദ് ഭോക്തയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് ജെഎംഎം വ്യക്തമാക്കി.

കൊൽക്കത്ത: കോൺഗ്രസിന് മുന്നറിയിപ്പുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കിൽ സംസ്ഥാനത്തെ ഒരു സീറ്റ് പോലും കോൺഗ്രസിന് വിട്ടുനൽകില്ലെന്ന് മമത പറഞ്ഞു. സംസ്ഥാനത്ത് ബിജെപിയെ ശക്തിപ്പെടുത്താൻ കോൺഗ്രസ് സിപി.എമ്മുമായി കൂട്ടുകൂടുകയാണെന്നും മമത കുറ്റപ്പെടുത്തി.

സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും വിട്ട് നൽകില്ലെന്ന് പറഞ്ഞിട്ടുണ്ട്. സിപിഎം തങ്ങളുടെ ജനങ്ങളെ ബുദ്ധിമുട്ടിച്ചത് ഞാൻ മറന്നിട്ടില്ല. സിപിഎമ്മിനോടും അവരെ പിന്തുണക്കുന്നവരോടും ക്ഷമിക്കില്ലെന്നും മമത ബാനർജി മുന്നറിയിപ്പ് നൽകി.രാഹുൽ ഗാന്ധിയുടെ കാറിന് നേരെ കല്ലേറുണ്ടായതറിഞ്ഞ് എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചെന്നും സംഭവം നടന്നത് പശ്ചിമ ബംഗാളിലല്ല ബിഹാറിലെ കതിഹാറിലാണ് എന്ന് കണ്ടെത്തിയതായും മമത അറിയിച്ചു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 42 ലോക്‌സഭാ സീറ്റുകളിലും ടി.എം.സി ഒറ്റക്ക് മത്സരിക്കുമെന്ന് നേരത്തെ മമത ബാനർജി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന നിയമ സഭയിൽ ഒരംഗം പോലുമില്ലാത്ത കോൺഗ്രസിന് താൻ രണ്ട് ലോക്സഭ സീറ്റ് വാഗ്ദാനം ചെയ്തു. എന്നാൽ അത് നിരസിച്ച് അവർ കൂടുതൽ സീറ്റ് ആവശ്യപ്പെട്ടു. അവർ 42 സീറ്റിലും മത്സരിച്ച് പരാജയപ്പെട്ടാൽ ബിജെപി സംസ്ഥാനത്ത് സ്ഥാനം പിടിക്കും. അതിന് അനുവദിക്കില്ലെന്നായിരുന്നു മമത അറിയിച്ചിരുന്നത്.

കോഴിക്കോട്: ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ പോവുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ചെലവ് എകെജി സെന്ററിൽ നിന്ന് എടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് രാഷ്ട്രീയം കളിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ മകളെ രക്ഷിക്കാൻ കെഎസ്‌ഐഡിസി 25 ലക്ഷം രൂപ കൊടുത്ത് അഭിഭാഷകനെ വെക്കുകയാണ്. ഖജനാവിലെ പണമാണിത്. സർക്കാർ അഭിഭാഷകരുള്ളപ്പോൾ പുറത്ത് നിന്നും ലക്ഷങ്ങൾ പൊടിച്ച് വക്കീലുമാരെ ഇറക്കുന്നത് എന്തിനാണ്. കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന പ്രചരണം ഇനി വിലപ്പോവില്ല. കൃത്യമായ കണക്കുകൾ ഇല്ലാതെ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് സർക്കാരെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പദയാത്രയോട് അനുബന്ധിച്ച് വടകരയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കേരളത്തിന് എത്ര കേന്ദ്ര ഫണ്ട് ലഭിച്ചുവെന്ന് സംസ്ഥാന സർക്കാർ പറയുന്നില്ല. കേന്ദ്രം അനുവദിച്ച റെവന്യൂ ഡെഫിസിറ്റി ഗ്രാൻഡിനെ കുറിച്ചോ ജിഎസ്ടി നഷ്ടപരിഹാരത്തെ കുറിച്ചോ സംസ്ഥാനം പറയുന്നില്ല. നിയമസഭയിൽ വ്യാജ പ്രചരണമാണ് നടക്കുന്നത്. കേന്ദ്രം ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ നൽകിയ സംസ്ഥാനമാണ് കേരളം. യുപിഎ സർക്കാരിനേക്കാൾ അഞ്ചിരട്ടി അധികം തുക മോദി സർക്കാർ കേരളത്തിന് നൽകി. വടകര റെയിൽവെ സ്റ്റേഷനിൽ കോടികളുടെ വികസനമാണ് നടക്കുന്നത്. യശ്വന്ത്പൂർ എക്‌സ്പ്രസ് കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് നീട്ടിയതും വടകരയിലും കൊയിലാണ്ടിയിലും സ്റ്റോപ്പ് അനുവദിച്ചതും വടകര പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ്. കേന്ദ്രഫണ്ട് വിഷയത്തിൽ സത്യം അറിഞ്ഞിട്ടും പ്രതിപക്ഷം ഭരണപക്ഷത്തിന് മൗനസമ്മതം കൊടുക്കുകയാണ്. മാസപ്പടി കേസ് നിയമസഭയിൽ പരാമർശിക്കാൻ പോലും ആഗ്രഹിക്കാത്തയാളാണ് വിഡി സതീശനെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

വി ഡി സതീശൻ പെരുമാറുന്നത് മന്ത്രിസഭയിലെ അംഗത്തെ പോലെയാണ് പിണറായി വിജയന്റെ പെട്ടി തൂക്കാനല്ല സതീശനെ നിയമസഭയിലേക്ക് അയച്ചത്. ഡൽഹിയിലെ സമരം ജനവഞ്ചനയാണ്. 25,000 കോടി സംസ്ഥാനം നികുതി പിരിച്ചെടുക്കാനുണ്ടെന്നാണ് സിഎജി റിപ്പോർട്ട്. ഇവരൊക്കെ സർക്കാരിന് മാസപ്പടി കൊടുക്കുന്നവരാണ്. നികുതി പിരിച്ചെടുക്കുന്നതിൽ പരാജയപ്പെട്ട സർക്കാർ കുറ്റം കേന്ദ്രത്തിന്റെ തലയിൽ കെട്ടിവെക്കുകയാണ്. ദേവസ്വം മന്ത്രി ശബരിമലയിലെ അയ്യപ്പഭക്തൻമാരെ അവഹേളിക്കുകയാണ്. സർക്കാരിന്റെ കഴിവുകേട് മറയ്ക്കാൻ ഭക്തരെ നിയമസഭയിൽ അവഹേളിക്കുന്ന ദേവസ്വം മന്ത്രി മാപ്പ് പറയണം. സർക്കാർ ശബരിമലയിൽ നടത്തിയത് കടുത്ത മനുഷ്യാവകാശലംഘനമാണ്. മണിക്കൂറുകളോളം ഭക്തർ ക്യൂ നിന്നത് സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും ഭക്തരെയാണ് ദേവസ്വം മന്ത്രി കളിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരും മുഖ്യമന്ത്രിയും ആവർത്തിച്ച് കള്ളം പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.