ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു; സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം

പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. ഇന്ന് ജെഡിയു (ജനതാദൾ യുണൈറ്റ്ഡ്) നിയമസഭാകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഗവർണറുമായി കൂടിക്കാഴ്ച്ച നടത്താൻ നിതിഷ് കുമാർ സമയം ആവശ്യപ്പെട്ടിരുന്നു. ഇനി എൻഡിഎയ്ക്ക് ഒപ്പം ചേരാണ് നിതിഷ് കുമാറിന്റെ തീരുമാനം. ഇന്ന് വൈകിട്ടായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ്.

ഇന്ത്യ സഖ്യത്തിലെ അഭിപ്രായ ഭിന്നതയെ തുടർന്നാണ് ജെഡിയു സഖ്യത്തിൽ നിന്നും പിന്മാറുന്നത്. മല്ലികാർജ്ജുൻ ഖാർഗെ അടക്കമുള്ള ദേശീയ നേതാക്കൾ ഇടപെട്ടിട്ടും തർക്കത്തിന് പരിഹാരം കാണാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിതിഷ് കുമാർ പിന്മാറുന്നത്.

അതേസമയം, അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കുമെന്നാണ് ജെഡിയു- ബിജെപി ധാരണ. സുശീൽ മോദിയും രേണുദേവിയും ഉപമുഖ്യമന്ത്രിമാരാകാനാണ് സാധ്യത. സ്പീക്കർ പദവി ബി ജെ പിക്ക് നൽകാനും ധാരണയായതായെന്നാണ് വിവരം. ആർജെഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ബിജെപിക്ക് നൽകും. 2025 മുതൽ നിതീഷിന് എൻഡിഎ കൺവീനർ പദവി നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.

നിതിഷ് കുമാറിനെതിരെ പരിഹാസവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. നിറം മാറുന്ന നിതീഷ് ഓന്തിന് വെല്ലുവിളിയാണ് നിതീഷ് കുമാറെന്നായിരുന്നു കോൺഗ്രസിന്റെ പരിഹാസം. ബിഹാറിലെ ജനങ്ങൾ ഈ വഞ്ചന പൊറുക്കില്ല. ഭാരത് ജോഡോ ന്യായ് യാത്രയിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള മോദിയുടെയും ബിജെപിയുടെ ശ്രമമാണെന്ന് ജയ്‌റാം രമേശ് പറഞ്ഞു.