തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള നിയമസഭയെ ഗവർണർ അവഹേളിച്ചെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരും ഗവർണറും തമ്മിൽ കുറേക്കാലമായി നടക്കുന്ന രാഷ്ട്രീയനാടകത്തിന്റെ പരിതാപകരമായ അന്ത്യമാണ് ഇന്ന് നിയമസഭയിൽ നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ തയ്യാറാക്കി കൊടുത്ത നയപ്രഖ്യാപന പ്രസംഗത്തിൽ കാര്യമായ കേന്ദ്ര വിമർശനങ്ങളൊന്നുമില്ല. കേന്ദ്രത്തിനെതിരെ ഡൽഹിയിൽ സമരം പ്രഖ്യാപിച്ച മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളെ പേടിച്ച് പ്രക്ഷോഭം സമ്മേളനമാക്കി മാറ്റിയ ആളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തെ ക്ഷണിച്ചിരുന്നത് ഒരുമിച്ച് സമരം ചെയ്യാനാണ്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ അത് പൊതുസമ്മേളനമാക്കി മാറ്റി. നയപ്രഖ്യാപനത്തിൽ ഉൾക്കൊള്ളിച്ചത് സർക്കാരിന്റെ പൊള്ളയായ ചില വാഗ്ദാനങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവർണർക്കെതിരെ വിമർശനവുമായി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം വണങ്ങാനിരുന്ന പ്രതിപക്ഷത്തെ തിരിഞ്ഞുപോലും നോക്കാതെ വാണംവിട്ട പോലെയാണ് ഗവർണർ പോയതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
‘ഗവർണർ വരുന്നതും കണ്ടു വാണംവിട്ടപോലെ പോകുന്നതും കണ്ടു. പോകുമ്പോ തങ്ങളിരിക്കുന്ന ഭാഗത്തേക്ക് നോക്കി വണങ്ങുന്ന ഒരു പരിപാടിയൊക്കെ ഉണ്ടായിരുന്നു. തിരിച്ച് വണങ്ങാൻ തങ്ങൾ കാത്തിരിക്കുകയായിരുന്നു. എന്നാൽ, ഗവർണർ തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. ബജറ്റ് സമ്മേളനത്തിന്റെ തുടക്കം അപഹാസ്യമാക്കി അവസാനിപ്പിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

