ലോക്സഭാ തെരഞ്ഞെടുപ്പ്; എസ് സോമനാഥ് തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായേക്കും

തിരുവനന്തപുരം: ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായേക്കും. ഇന്ത്യയ്ക്ക് നിർണായക നേട്ടങ്ങൾ സമ്മാനിച്ച ചന്ദ്രയാനും ആദിത്യയും വിജയിപ്പിച്ച താര പരിവേഷം, വ്യക്തിപ്രഭാവം തുടങ്ങിയവയാണ് അദ്ദേഹത്തിന് അനുകൂലമായ ഘടകങ്ങൾ. ശശി തരൂരിന് പറ്റിയ എതിരാളിയാണ് എസ് സോമനാഥെന്നാണ് ബിജെപി വിലയിരുത്തുന്നതെന്നാണ് വിവരം.

അതേസമയം, അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പ്രധാന അതിഥികളിലൊരാളായിരുന്നു സോമനാഥ്. സോമനാഥിന്റെ സ്ഥാനാർത്ഥിത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടങ്ങുന്ന ഉന്നതതല സമിതി ചർച്ച ചെയ്തിരുന്നു. കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കറിനെയും നിർമ്മല സീതാരാമനെയും തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കാൻ പരിഗണിക്കുന്നുവെന്ന വിവരവും പുറത്തു വന്നിരുന്നു.

ഐ.എസ്.ആർ.ഒ ചെയർമാനായി സോമനാഥ് 2022 ജനുവരിയിലാണ്. മൂന്ന് വർഷത്തേക്കാണ് അദ്ദേഹത്തിന് ചുമതല നൽകിയത്. നിലവിലെ കാലാവധി അടുത്തവർഷം ജനുവരിയിൽ അവസാനിക്കും.