തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കൊല്ലം നിലമേലിൽ എസ്എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് റോഡരികിൽ കസേരയിലിരുന്ന് പ്രതിഷേധിച്ച ഗവർണറുടെ നടപടിക്കെതിരെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. ഗവർണറുടെ പെരുമാറ്റം വിചിത്രമെന്ന് വിശേഷിപ്പിച്ച മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവിൻറെ സ്ഥാനം തട്ടിയെടുക്കാൻ ഗവർണറുടെ ശ്രമം. ഗവർണർ കുട്ടി വാശിപിടിക്കുന്ന പോലെ കസേര ഇട്ടിരിക്കുന്നു. ഇത് കൗതുകമോ ശിശു സഹജമോ ആയി കാണാൻ കഴിയില്ല. ഗവർണറുടെ പ്രകടനത്തിന് കേന്ദ്രമന്ത്രി തൊട്ടു പിന്നാലെ പക്ക മേളം നടത്തി. ഇത് രാഷ്ട്രീയ അജണ്ടയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. ഗവർണർ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തട്ടിയെടുക്കാൻ ശ്രമിക്കുന്നു. ഇത് പ്രതിപക്ഷ നേതാവിനെ അവഹേളിക്കാനുള്ള ശ്രമമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊല്ലം നിലമേൽ ആയിരുന്നു ഗവർണർക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം നടത്തിയത്. ഗവർണർ കടന്നു പോകുന്ന വഴിയിൽ എസ്എഫ്‌ഐ പ്രവർത്തകർ കരിങ്കൊടിയും ബാനറുകളും ഉയർത്തി. തുടർന്ന് എസ്എഫ്‌ഐ പ്രവർത്തകർക്ക് മുൻപിലേക്ക് ഇറങ്ങിച്ചെന്ന് ഗവർണർ കുത്തിയിരുന്നു.
പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കാതെ പോകില്ലെന്ന നിലപാടിലായിരുന്നു ഗവർണർ. നാടകീയ രംഗങ്ങളാണ് ഇന്ന് നിലമേലിൽ അരങ്ങേറിയത്. തന്റെ പേഴ്സണൽ സെക്രട്ടറിയോട് അമിത് ഷായെ വിളിച്ച് സംസാരിക്കാനും ഗവർണർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയോട് തനിക്ക് സംസാരിക്കണമെന്നും പ്രതിഷേധത്തിനിടെ കുത്തിയിരുന്നു കൊണ്ട് ഗവർണർ വ്യക്തമാക്കിയിരുന്നു.
പൊലീസിനെതിരേയും ഗവർണർ ഗുരുതര ആരോപണം ഉന്നയിച്ചു. പ്രതിഷേധക്കാർക്ക് പൊലീസാണ് സംരക്ഷണമൊരുക്കുന്നതെന്നും പൊലീസ് സംക്ഷണത്തിലാണ് അവരെ അയക്കുന്നതെന്നും ഗവർണർ പറഞ്ഞു. ഗവർണറെ തിരികെ വാഹനത്തിൽ കയറ്റാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം പൊലീസിനു നേരെ ആക്രോശിച്ചുകൊണ്ട് തൊട്ടടുത്തുള്ള കടത്തിണ്ണിയിൽ കയറി കുത്തിയിരുന്നു. തുടർന്ന് കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെടുകയായിരുന്നു. വാഹനത്തിൽ തിരിച്ചുകയറാൻ കൂട്ടാക്കാതെ ഗവർണർ ഏറെനേരം റോഡിനു സമീപത്തെ ചായക്കടയുടെ മുന്നിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

