ഗവർണർ പറയുന്നതെല്ലാം കള്ളം; പ്രതിഷേധങ്ങൾ അവസാനിക്കില്ലെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തെപ്പറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുന്നതെല്ലാം കള്ളമാണെന്ന് അദ്ദേഹം പറഞ്ഞു. നിലമേൽ സംഭവിച്ചത് എന്താണെന്ന് എല്ലാവരും കണ്ട് ബോധ്യപ്പെട്ട കാര്യമാണെന്നും കേന്ദ്ര ഇടപെടൽ ഉണ്ടാക്കുക എന്നതു മാത്രമാണ് ഗവർണറുടെ ലക്ഷ്യമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഗവർണർ കള്ളം പറയുകയാണ്, വിഡ്ഢിവേഷം കെട്ടിക്കൊണ്ടിരിക്കുകയാണ്. നടന്ന കാര്യങ്ങൾ പകൽവെളിച്ചം പോലെ വ്യക്തമാണ്. ശരിയായ രീതിയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തി മുന്നോട്ടുപോകുന്ന ജനങ്ങളുള്ള നാടാണ് കേരളം. അതുകൊണ്ടുതന്നെ ഇതൊന്നും കേരളീയ സമൂഹത്തിൽ ഏശാൻ പോകുന്നില്ല. സിആർപിഎഫ് വന്നതുകൊണ്ടൊന്നും പ്രതിഷേധങ്ങൾ അവസാനിക്കില്ല. എസ്എഫ്ഐ പ്രതിഷേധം മുന്നോട്ടുകൊണ്ടുപോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വിദ്യാർഥിനേതാക്കളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിഷേധക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് സംബന്ധിച്ച് കോടതി പരിശോധന നടത്തുമെന്നും റിമാൻഡിലായി എന്നു കരുതി എസ്എഫ്‌ഐക്കാർ രാഹുൽ മാങ്കൂട്ടത്തിലിനെ പോലെ അന്തംവിട്ട് നിക്കില്ല. ഇന്ത്യയിൽ ഏറ്റവും നന്നായി ക്രമസമാധാനം പാലിക്കപ്പെടുന്ന സംസ്ഥാനം കേരളമാണ്. സംസ്ഥാന സർക്കാരിനെ ഇത്രയധികം വിമർശിച്ചിട്ടും മിഠായിത്തെരുവിലും വഴിയരികിലുമൊക്കെ ഗവർണർക്ക് ഒരു പോറൽ പോലുമേൽക്കാതെ സുരക്ഷിതനായി നടക്കാനും ഇരിക്കാനുമൊക്കെ കഴിയുന്നില്ലേ, കേരളത്തിലല്ലാതെ വേറെ ഏതെങ്കിലും സംസ്ഥാനത്ത് അത് നടക്കുമോ. ഗവർണറെ തിരിച്ചുവിളിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ ചർച്ച നടന്നിട്ടില്ല. നിലനിലെ ഗവർണർ പോയാൽ പകരം വരുന്നത് ഇതിലും വലിയ ആർഎസ്എസ് അനുഭാവിയാണെങ്കിൽ ഇതുതന്നെ ആവർത്തിക്കില്ലേ. എക്സ് പോയാൽ വൈ വരും, അത് ഇതിലും മൂത്ത ആർഎസ്എസ് ആകാനാണ് സാധ്യതയെന്ന് എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.