Politics (Page 46)

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 100 സീറ്റ് പോലും തികയ്ക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ. 400 സീറ്റ് നേടുകയെന്ന ബിജെപിയുടെ പദ്ധതി നടക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുടെ അമേഠിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നിരവധി തവണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച മണ്ഡലങ്ങളാണ് അമേഠിയും റായ്ബറേലിയും. എന്നാൽ ഇവിടെ ജനങ്ങളിൽ ശത്രുത വിതയ്ക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസിന്റെ കാലത്ത് അമേഠിയിൽ കോടികളുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും അവയിൽ ഭൂരിഭാഗവും പൂർത്തിയായിരുന്നില്ല. എന്തുകൊണ്ടാണ് ആ പദ്ധതികൾ ഇപ്പോഴും പൂർത്തിയാകാത്തതെന്ന് ബിജെപിയോടു ചോദിക്കാൻ തനിക്ക് ആഗ്രഹമുണ്ട്. അമേഠിയിലും റായ്ബറേലിയിലും പ്രവർത്തിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങൾക്കു ഗാന്ധി കുടുംബവുമായി ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും ഖാർഗെ അഭിപ്രായപ്പെട്ടു.

രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കഠിനമായി ജോലിയെടുത്ത മണ്ണാണ് ഇതെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു. 100 സീറ്റു പോലും നേടാനാകാതെ ബിജെപി അധികാരത്തിൽ നിന്നും പുറത്തുപോകുമെന്നും അദ്ദേഹം അറിയിച്ചു.

തൃശ്ശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാർലമെന്റ് തിരഞ്ഞെടുപ്പ് പിണറായിയുടെ രാഷ്ട്രീയ ജീവിതത്തിലെ വാർട്ടർ ലൂ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാസപ്പടി കേസിലെ സിപിഎം നേതാക്കളുടെ മൗനം ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃശ്ശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മാസപ്പടി കേസിലെ സിപിഎം നേതാക്കളുടെ മൗനം ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ കുടുംബം നടത്തിയ സാമ്പത്തിക തട്ടിപ്പിനെ ന്യായീകരിച്ചാൽ നാറുമെന്നും ജനരോഷം തങ്ങൾക്കെതിരെയും ഉണ്ടാകുമെന്നുമുള്ള തിരിച്ചറിവിലാണ് പിണറായിയുടെ നാവായി പ്രവർത്തിച്ച എ കെ ബാലനെ പോലുള്ളവരുടെ ഉൾവലിയൽ. സിപിഎമ്മിലെ പതിവ് ന്യായീകരണ തൊഴിലാളികളായ നേതാക്കൾ പോലും മാസപ്പടിയിൽ പ്രതികരണത്തിന് തയാറാകാതെ അകലം പാലിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

പ്രതിരോധം തീർക്കുന്നതിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും യു ടേൺ അടിച്ചു. മാസപ്പടി കേസിൽ എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്ന കർണാടക ഹൈക്കോടതി വിധി പുറത്തുവന്നതിന് ശേഷം പിണറായി വിജയന് സിപിഎമ്മിൽ നിന്നുള്ള പിന്തുണ കുറയുകയാണ്. മുഖ്യമന്ത്രിക്ക് പ്രതിരോധം ഒരുക്കാൻ ചാടി വീഴുന്ന നേതാക്കളെ ആരെയും കാണാനില്ലെന്നത് സിപിഎമ്മിൽ പിണറായി യുഗത്തിന് അന്ത്യമാകുന്നുവെന്നതിന്റെ സൂചനയാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

കൊല്ലം: അഞ്ചാം തവണയാണ് ലോക്‌സഭയിലേക്ക് പാർട്ടി അവസരം നൽകുന്നതെന്ന് കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ. തന്നെപ്പോലെ പരിഗണന ലഭിച്ച ഒരാളും ഈ പാർട്ടിയിൽ ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആർഎസ്പി എന്ന ലേബലിലാണ് താൻ ഓരോ സ്ഥലത്തും ജയിച്ചത്. പാർട്ടിയുടെ തീരുമാനത്തിൽ 100 % കടപ്പാട് അറിയിക്കുന്നു. തീക്ഷ്ണമായ മത്സരം തന്നെ ഇടതുപക്ഷം കൊണ്ടുവരും. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം യുഡിഎഫിന് അനുകൂലമാണെന്നും രാഷ്ട്രീയ മത്സരം ആയി തന്നെയാണ് കാണുന്നതെന്നും അദ്ദേഹം അറിയിച്ചു.

കൊല്ലത്ത് വീണ്ടും മത്സരിക്കുന്നത് നല്ല ആത്മവിശ്വാസത്തോടെയാണ്. പ്രധാനമന്ത്രിയുടെ വിരുന്നുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദത്തിന് ആധാരമല്ലാത്ത വിഷയത്തെ പർവതീകരിക്കുകയാണ് സിപിഎം. ന്യൂനപക്ഷ വോട്ടുകളാണ് ലക്ഷ്യം. വരും ദിവസങ്ങളിൽ കൂടുതൽ ശക്തിയായി ആ ആരോപണം ഉണ്ടാകുമെന്ന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: വയനാട്ടിലെ ജനതയോട് ജനാധിപത്യ വിരുദ്ധസമീപനം സ്വീകരിച്ചാണ് പിണറായി വിജയൻ സർക്കാർ മുന്നോട്ട് പോകുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ജനം മരണത്തെ മുഖാമുഖം കാണുമ്പോൾ, പിണറായി പിആർ മുഖാമുഖം നടത്തുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മനുഷ്യ- വന്യജീവി സംഘർഷം നിലനിൽക്കുന്ന മേഖലകളിൽ ഒരുക്കേണ്ട ചികിത്സാ സൗകര്യങ്ങൾ സംബന്ധിച്ച കേന്ദ്രസർക്കാർ നിർദേശം വയനാട്ടിൽ പാലിക്കപ്പെട്ടില്ല. മാനന്തവാടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ മെഡിക്കൽ കോളജ് എന്ന് ബോർഡ് തൂക്കിയാൽ ചികിത്സ ലഭ്യമാകില്ല. കേന്ദ്രനിർദേശങ്ങൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നു പിണറായി വിജയൻ ജനത്തോടു വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ തന്നെ നാഷണൽ പാർക്കുകളിൽ നിന്ന് വന്യജീവികൾ ഇങ്ങനെ കൂട്ടത്തോടെ നാട്ടിൽ ഇറങ്ങുന്നില്ല. ലക്ഷങ്ങൾ മുടക്കി കോഴിക്കോട് മുഖാമുഖം എന്ന പേരിൽ പിആർ എക്‌സൈസ് നടത്തുന്ന പിണറായി വിജയൻ വയനാട്ടിലെത്തണം. ഗുരുതരമായ സാഹചര്യത്തിൽപ്പോലും സർവകക്ഷിയോഗത്തിനെത്താതിരുന്ന വനംമന്ത്രിയെ പുറത്താക്കണം. കോഴിക്കോട് ഗസ്റ്റ്ഹൗസിൽ ഇരുന്ന് ടിവി കാണുകയല്ല എ കെ. ശശീന്ദ്രൻ ചെയ്യേണ്ടത്. ഇത്രയും കഴിവുകെട്ട മന്ത്രിയെ പിണറായി വിജയൻ എന്തിനാണു സംരക്ഷിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വയനാട് രാഹുൽ ഗാന്ധിക്കെതിരെയും വി മുരളീധരൻ രൂക്ഷ വിമർശനം ഉന്നയിച്ചു. എന്തുകൊണ്ട് വയനാട് മെഡിക്കൽ കോളജ് പൂർണ സജ്ജമായില്ലെന്നു വിനോദസഞ്ചാരത്തിനെന്ന പോലെ എത്തിയ എംപിയും വിശദീകരിക്കണം. ഹ്രസ്വസന്ദർശനത്തിനു മണ്ഡലത്തിലെത്തിയ എംപി ജീപ്പിന്റെ ബോണറ്റിൽ കയറി കലാപരിപാടി നടത്തിയിട്ടു കാര്യമില്ല. വയനാടിനു വേണ്ടി രാഹുൽ ഗാന്ധി എന്താണ് ചെയ്യുന്നതെന്ന ചോദ്യവും വി മുരളീധരൻ ഉന്നയിച്ചു.

മാനന്തവാടി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര താൽക്കാലികമായി നിർത്തിവച്ചു. രാഹുൽ ഗാന്ധി കേരളത്തിലേക്ക് എത്തുന്നതിനാലാണ് ഭാരത് ന്യായ് യാത്ര താത്ക്കാലികമായി നിർത്തിവെച്ചത്. സ്വന്തം മണ്ഡലമായ വയനാട്ടിലേക്കാണ് അദ്ദേഹം എത്തുന്നത്. കോൺഗ്രസ് മാദ്ധ്യമവിഭാഗം മേധാവി ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്.

നിലവിൽ വയനാട്ടിലെ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം വേണമെന്ന ആവശ്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. ഭാരത് ന്യായ് യാത്ര ഉത്തർപ്രദേശിലാണ് ഇപ്പോഴുള്ളത്. വയനാട്ടിൽ നിന്നും രാഹുൽ മടങ്ങിയെത്തിയതിന് ശേഷം നാളെ വൈകീട്ട് മൂന്ന് മണിക്ക് മാത്രമേ ഭാരത് ന്യായ് യാത്ര പുനരാരംഭിക്കുകയുള്ളൂ. വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വാച്ചർ കൊല്ലപ്പെട്ട സാഹചര്യത്തിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഈ സമയത്ത് രാഹുൽ ഗാന്ധിയുടെ അസാന്നിദ്ധ്യത്തെ കുറിച്ചുള്ള പരാതികൾ ഉയർന്നിരുന്നു. ഇത് കണക്കിലെടുത്താണ് പുതിയ നടപടി.

അതേസമയം, ഭാരത് ന്യായ് യാത്ര കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിൽ പ്രവേശിച്ചത്. വാരണസയിൽ പദയാത്ര ആരംഭിച്ചതിന് പിന്നാലെ രാഹുൽ ക്ഷേത്ര ദർശനം ഉൾപ്പെടെ നടത്തിയിരുന്നു.

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് മത്സരവുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥി ചർച്ചകൾ ആരംഭിച്ച് സിപിഎം. കഴിഞ്ഞ തവണ നഷ്ടപ്പെട്ടതിൽ പരമാവധി സീറ്റുകൾ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎമ്മിന്റെ പ്രവർത്തനങ്ങൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎം മത്സരിക്കുന്നത് പതിനഞ്ച് മണ്ഡലങ്ങളിലാണ്.

നിലവിലെ എംപി എ എം ആരിഫ് തന്നെ ആലപ്പുഴയിൽ മത്സരിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. കണ്ണൂരിൽ കെ കെ ശൈലജയ്ക്കാണ് സാദ്ധ്യത കൂടുതലുള്ളത്. യുഡിഎഫിൽ നിന്ന് സീറ്റ് തിരിച്ചുപിടിക്കാൻ വടകരയിൽ ശൈലജയെ നിർത്തണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ചിലർ ഉന്നയിക്കുന്നുണ്ട്.

ചാലക്കുടിയിൽ സി രവീന്ദ്രനാഥും ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണനുമാണ് പരിഗണനയിലുള്ളത്. പൊന്നാനിയിൽ കെ ടി ജലീലിനെ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ട്. കോഴിക്കോട് എളമരം കരീമിനും വി വസീഫിനും സാധ്യതയുണ്ട്. പാലക്കാട്ട് എ വിജയരാഘവൻ, എം സ്വരാജ് തുടങ്ങിയവരുടെ പേരുകളാണ് ഉയരുന്നത്.

കൊല്ലത്ത് സി എസ് സുജാതയും മുകേഷും പി കെ ഗോപനുമാണ് പരിഗണയിലുള്ളവരെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കാസർകോട്ട് ടി വി രാജേഷിന്റേയും ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്റേയും പേരും ഉയർന്നു കേൾക്കുന്നുണ്ട്.

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടിക ഉടൻ പ്രഖ്യാപിക്കും. ഫെബ്രുവരി 27 ന് പട്ടിക പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ശനി, ഞായർ ദിവസങ്ങളിൽ സിപിഎം ജില്ലാ കമ്മിറ്റികൾ ചേരുന്നുണ്ട്. ബുധനാഴ്ച സംസ്ഥാന കമ്മിറ്റിയും ചേരും. ഇതിന് ശേഷമായിരിക്കും സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കുക. മന്ത്രിമാരും മുൻ മന്ത്രിമാരും സ്ഥാനാർഥി ലിസ്റ്റിൽ ഉണ്ടായേക്കുമെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

അതേസമയം, സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകളൊക്കെ ഇതിനകം തന്നെ നടന്നിട്ടുണ്ടെന്നും പരിഗണിക്കുന്നവുടെ പേരുകൾ നേതൃത്വം ജില്ലാ കമ്മിറ്റികൾക്ക് കൈമാറിയിട്ടുണ്ടെന്നുമുള്ള സൂചനകളും പാർട്ടി വൃത്തങ്ങൾ നൽകുന്നുണ്ട്. ചർച്ചകൾക്ക് ശേഷമായിരിക്കും സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം എടുക്കുന്നത്. മുൻ മന്ത്രിമാരായ തോമസ് ഐസക്, പി കെ ശ്രീമതി, കെ കെ ഷൈലജ ഉൾപ്പെടെയുള്ള നേതാക്കൾ പരിഗണയിലുണ്ടെന്നാണ് സൂചന.

വടകരയിൽ കെ കെ ഷൈലജ, കണ്ണൂരിൽ പി കെ ശ്രീമതി, കൊല്ലത്ത് ഐഷ പോറ്റി എന്നിവർ പരിഗണനയിലുണ്ടെന്നാണ് വിവരം. ആലപ്പുഴയിൽ സിറ്റിങ് എംപി ആരിഫ് തന്നെ മത്സരിച്ചേക്കാം. ആലത്തൂരിൽ കെ രാധാകൃഷ്ണനും പരിഗണയിലുണ്ടെന്നാണ് റിപ്പോർട്ട്.

കോഴിക്കോട്: ഗ്യാൻവ്യാപി വിഷയത്തിൽ പ്രതികരണം നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബാബരി മസ്ജിദ് കൊണ്ട് അവസാനിക്കും എന്നാണ് കരുതിയതെന്നും എന്നാലിത് വർഗീയ ധ്രുവീകരണം നടത്തി വോട്ട് ഉണ്ടാക്കാനുള്ള ഹീനമായ ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ അത് കേരളത്തിലും തുടങ്ങി. തൃശ്ശൂരിൽ ക്രിസ്ത്യൻ പള്ളിക്ക് പിന്നാലെ ഹിന്ദു ഐക്യവേദി ഉണ്ട്. കോൺഗ്രസ് ഇതിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് ഏതു സമയത്തു തീരുമാനിച്ചാലും അപ്പോൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിയും. ലീഗ് ഉൾപ്പെടെ പല കക്ഷികളും പല ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. അതൊക്കെ പരിഗണിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നവകേരള സദസിനും മുഖ്യമന്ത്രിക്കുമെതിരെയും വി ഡി സതീശൻ വിമർശനം ഉന്നയിച്ചു. നവകേരള സദസ്സിന്റെ കാര്യത്തിൽ വ്യാപകമായി പിരിച്ചു. ഇതിനു കണക്കില്ല. മുഖ്യമന്ത്രിയുടെ അടുത്ത പരിപാടിക്കും പിരിവ് നടത്തുകയാണ്. ഉദ്യോഗസ്ഥരെ വെച്ച് കള്ള പിരിവ് നടത്തുകയാണ്. ഉദ്യോഗസ്ഥരെ പിരിവിനായി കയറൂരി വിട്ടു ജനങ്ങളെ പീഡിപ്പിക്കുകയാണെന്ന് വി ഡി സതീശൻ വിമർശിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണങ്ങളോടും അദ്ദേഹം പ്രതികരിച്ചു. മുല്ലപ്പള്ളിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കും. അദ്ദേഹത്തിന്റെ വീട്ടിൽ പോയി സംസാരിക്കാനും തയ്യാറാണ്. അദ്ദേഹം പാർട്ടിയുടെ പ്രധാനപെട്ട നേതാവാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി മുൻ നേതാവും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) അധ്യക്ഷനുമായ ഗുലാം നബി ആസാദ്. കോൺഗ്രസ് പാർട്ടി ചിലരുടെ ദൗർബല്യവും ധാർഷ്ട്യവും മൂലം ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ പാർട്ടി വിട്ടത് കോൺഗ്രസിന് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിന് അശോക് ചവാൻ നിർണായക സംഭാവന നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് കോൺഗ്രസിന്റെ വലിയ നേതാവും കേന്ദ്രമന്ത്രിയുമായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടി വിടുമെന്നാണ് തനിക്ക് ലഭിച്ച വിവരം. പാർട്ടിക്ക് ഇത് വലിയ തിരിച്ചടിയാണെന്നും കോൺഗ്രസിനെക്കുറിച്ച് കൂടുതലൊന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിൽ നിന്നാണ് തന്റെ നിയമസഭാ ജീവിതം ആരംഭിച്ചത്. അവിടെ നിന്നും ലോക്‌സഭാംഗമായി. മഹാരാഷ്ട്രയിൽ നിന്നാണ് താൻ ആദ്യമായി രാജ്യസഭയിലെത്തിയതും. ഇന്ത്യയിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഒരേയൊരു സംസ്ഥാനമേയുള്ളൂ, അത് മഹാരാഷ്ട്രയാണ്. യുപി, ബംഗാൾ തുടങ്ങിയ വലിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏതാണ്ട് അവസാനിച്ചു. ചുരുക്കം ചിലരുടെ ദൗർബല്യവും അഹങ്കാരവും കൊണ്ട് കോൺഗ്രസ് പാർട്ടി ഇല്ലാതായിക്കൊണ്ടിരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേർത്തു.