Politics (Page 47)

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഭക്ഷണം കഴിച്ചതിന് ഭരണപക്ഷം എൻ കെ പ്രേമചന്ദ്രൻ എംപിയെ കുറ്റപ്പെടുത്തിയതിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രിയങ്കരനും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിയെ മുഖ്യമന്ത്രി വിരുന്നിനു വിളിച്ചെന്ന് അദ്ദേഹം പറഞ്ഞു. എൻ കെ പ്രേമചന്ദ്രനെതിരേ വിരൽചൂണ്ടുന്നവർ മറ്റു നാലുവിരലും സ്വന്തം നെഞ്ചിലേക്കാണെന്ന് ഓർക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വസതിയിൽ 2018 ജൂൺ 11-ന് ഒരു അതിഥി ഉണ്ടായിരുന്നു. ആർഎസ്എസ് കാര്യാലയമുള്ള നാഗ്പുരിലെ എംപിയും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിയും കുടുംബവും. അതിനെ ഞങ്ങൾ വിമർശിച്ചോയെന്ന് അദ്ദേഹം ചോദിച്ചു. ഗഡ്കരി കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് വന്നപ്പോൾ മുഖ്യമന്ത്രിയെ പരിചയമുള്ളതിനാൽ ഭക്ഷണം കഴിക്കാൻ വന്നു. അതിൽ തങ്ങൾ തെറ്റു കാണുന്നില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

ശ്രീ എമ്മുമായി മസ്‌ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി രഹസ്യ ചർച്ചനടത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ എമ്മിന് നാലേക്കർ എഴുതിക്കൊടുത്തെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

കണ്ണൂർ: പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഒരു പദവി മാത്രമാണ് ആഗ്രഹിക്കുന്നത് എന്ന് അറിയിച്ചിട്ടുണ്ട്. കണ്ണൂരിൽ കോൺഗ്രസ്സിന് വെല്ലുവിളി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കണ്ണൂരിലെ സ്ഥാനാർഥിയെ കണ്ടെത്തൽ കീറാമുട്ടിയായതോടെ കെ സുധാകരൻ വീണ്ടും മത്സരിക്കട്ടെയെന്ന അഭിപ്രായം കോൺഗ്രസിൽ സജീവമായിരരിക്കുകയാണ്. അര ഡസനോളം പേർ സ്ഥാനാർഥിത്വത്തിൽ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ചർച്ച സുധാകരനിലേക്ക് എത്തിനിൽക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സുധാകരനല്ലാതെ മറ്റൊരാൾക്ക് ജയിച്ചുകയറുക എളുപ്പമല്ലെന്ന് ചിന്തിക്കുന്ന ഏറെ പേർ കോൺഗ്രസിലുണ്ട്. ലോക്‌സഭാംഗത്വം ഇല്ലാതാകുന്നതോടെ കെപിസിസി പ്രസിഡന്റിനെതിരായ നിലവിലെ രാഷ്ട്രീയപ്രേരിതമായ കേസുകളിലെല്ലാം പ്രിവിലേജ് നഷ്ടമാകും എന്ന് മുന്നിൽ കാണുന്നവരുമുണ്ട്. ഈ കാരണങ്ങളാലാണ് കെ സുധാകരൻ തന്നെ തുടരട്ടെയെന്ന വാദം ചിലർ ശക്തമായി മുന്നോട്ടുവെയ്ക്കുന്നത്.

കോട്ടയം: വിദേശ സർവകലാശാലയെ സിപിഎം അനുകൂലിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇക്കാര്യം പരിശോധിക്കാമെന്നു മാത്രമാണ് ബജറ്റിൽ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് എംജി സർവകലാശാല എംപ്ലോയീസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മൂലധനം നേരത്തെ ആരംഭിച്ചതാണ്. സ്വകാര്യ മേഖലയെ ഫലപ്രദമായി ഏങ്ങനെ ഉപയോഗിക്കണമെന്നതിലാകണം ശ്രദ്ധ. പൊതുവിദ്യാഭ്യാസം നിലനിർത്തണം. 1957 മുതൽ തുല്യതയും സുതാര്യതയും വേണമെന്നാണ് പാർട്ടി നയം. സിപിഎം പറയുന്നത് നടപ്പാക്കാൻ കഴിയുന്ന സർക്കാരല്ല പിണറായിയുടേത്. സർക്കാരും പാർട്ടിയും രണ്ടും ഒന്നല്ല. പാർട്ടിയുടെ മുഴുവൻ നയങ്ങളും നടപ്പാക്കാൻ കഴിയുന്ന ഒരു സോഷ്യലിസ്റ്റ് ഭരണക്രമമല്ല ഇവിടെ നിലനിൽക്കുന്നത്. ആ പരിമിതിയുണ്ട്. പരിശോധിക്കാമെന്ന് സർക്കാർ പറഞ്ഞത് സ്വകാര്യ സർവകലാശാലയെ പറ്റി തുറന്ന ചർച്ച ഉണ്ടാകട്ടെയെന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം അറിയിച്ചു.

ഏഴ് വർഷത്തിനിടയിൽ കേരളത്തിന് കിട്ടേണ്ട 1,07,500 കോടി രൂപയാണ് കേന്ദ്ര സർക്കാർ നിഷേധിച്ചത്. പണമില്ലാത്തത് കൊണ്ട് സപ്ലൈകോ, പെൻഷൻ പദ്ധതികളൊക്കെ അവതാളത്തിലായി. ഇവിടുത്തെ പ്രതിസന്ധി കേന്ദ്ര സർക്കാർ മൂലമാണെന്ന് ജനം അറിയരുതെന്ന നിലപാടാണ് യുഡിഎഫിന്. മോദിസർക്കാർ ജുഡീഷ്യറിയെപ്പോലും എക്സിക്യൂട്ടിവിന്റെ ഭാഗമാക്കിയെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: എൻ കെ പ്രേമചന്ദ്രൻ എംപിയ്ക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത എൻ കെ പ്രേമചന്ദ്രനെതിരെ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രേമചന്ദ്രന് പിന്തുണയുമായി ശശി തരൂർ രംഗത്തെത്തിയത്. പ്രധാനമന്ത്രി ക്ഷണിച്ചപ്പോൾ അദ്ദേഹത്തോടൊപ്പമിരുന്ന് ഭക്ഷണം കഴിച്ച പ്രേമചന്ദ്രന്റെ നടപടിയിൽ തെറ്റില്ലെന്ന് ശശി തരൂർ വ്യക്തമാക്കി.

തന്നെ പ്രധാനമന്ത്രി ക്ഷണിച്ചാലും പോകും. 10 കൊല്ലത്തിനിടെ ആദ്യമായാണ് പ്രധാനമന്ത്രി ഇങ്ങനെയൊരു മര്യാദ കാണിക്കുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ച് നൽകിയ വിരുന്നിന്റെ പേരിൽ എൻ കെ പ്രേമചന്ദ്രനെതിരെ വലിയ വിമർശനമാണ് ഉയർന്നത്.

പാർലമെന്റിലെ എട്ട് എപിമാരെയാണ് മോദി ഭക്ഷണത്തിന് കൂടെ കൂട്ടിയത്. യുഡിഎഫ് എംപി എൻകെ പ്രേമചന്ദ്രൻ, ബിജെപി എംപിമാരായ ഹീന ഗാവിത്, എസ് ഫാങ്നോൺ കൊന്യാക്, ജംയാങ് സെറിങ് നങ്യാൽ, എൽ മുരുഗൻ, ടിഡിപി എംപി രാംമോഹൻ നായിഡു, ബിഎസ്പി എംപി റിതേഷ് പാണ്ഡെ, ബിജെഡി എംപി സസ്മിത് പത്ര എന്നിവരെയാണ് പ്രധാനമന്ത്രി ഉച്ചഭക്ഷണത്തിന് ക്ഷണിച്ചത്.

തിരുവനന്തപുരം: സ്പീക്കർ എൻ എൻ ഷംസീറിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. എഴുതിക്കൊടുത്ത അഴിമതി ആരോപണം ബഡ്ജറ്റിന്റെ പൊതുചർച്ചയ്ക്കിടെ സഭയിൽ ഉന്നയിക്കാനുള്ള ശ്രമം സ്പീക്കർ തടഞ്ഞതിൽ അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. ഒരു അംഗത്തിന്റെ അവകാശം നിഷേധിക്കുകയാണ് സ്പീക്കർ കഴിഞ്ഞദിവസം സഭയിൽ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജനാധിപത്യം കശാപ്പു ചെയ്ത് വീണ്ടും മുഖ്യമന്ത്രിക്ക് പരിച തീർക്കുന്നതിനുവേണ്ടി സ്പീക്കർ തന്റെ നില വിട്ട് പെരുമാറിയെന്നും മാത്യു കുഴൽനാടൻ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരായി അഴിമതിയാരോപണം ഉന്നയിക്കാനുള്ള കോൺഗ്രസ് അംഗം മാത്യു കുഴൻനാടന്റെ നീക്കം സ്പീക്കർ എ എൻ ഷംസീർ തടഞ്ഞത്. ബജറ്റ് ചർച്ചയ്ക്കിടെ പ്രസംഗിക്കേണ്ട മാത്യു, അഴിമതി ആരോപണം ഉന്നയിക്കുന്ന കാര്യം മുൻകൂട്ടി സ്പീക്കറെ അറിയിച്ചിരുന്നു. പ്രസംഗത്തിനിടെ അഴിമതി ആരോപണം ഉന്നയിക്കുന്നുവെന്നു മാത്യു കുഴൽനാടൻ പറഞ്ഞതോടെ സ്പീക്കർ രോക്ഷാകുലനായി. മൈക്ക് ഓഫ് ചെയ്യാൻ സ്പീക്കർ ഉച്ചത്തിൽ വിളിച്ചു പറയുകയായിരുന്നു.

ഭരണപക്ഷ ബെഞ്ചുകളിൽ നിന്നു മാത്യുവിനെതിരെ ബഹളം ഉയർന്നു. മൈക്ക് ഓഫ് ചെയ്തതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. പിന്നീട് പ്രതിപക്ഷം സ്പീക്കർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും തുടർന്ന് വോക്കൗട്ട് ചെയ്യുകയും ചെയ്തു. അഴിമതിയുമായി ബന്ധപ്പെട്ട ഒരു വിഷയം സഭയിൽ ഉന്നയിക്കാൻ അനുവാദം നൽകണമെന്നു ആവശ്യപ്പെട്ടു താൻ താങ്കളുടെ അനുമതി തേടിയിരുന്നു. അതു താൻ ഉന്നയിക്കുകയാണെന്നു പറഞ്ഞാണു മാത്യു കുഴനാടൻ എക്സാലോജിക് വിഷയം നിയമസഭയിൽ ഉന്നയിക്കാൻ തുടങ്ങിയത്.

അത് നിരസിക്കുന്നുവെന്നും ചെയർ അനുമതി തരില്ലെന്നു പറഞ്ഞതാണെന്നും സ്പീക്കർ വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷ എംഎൽഎമാർ എഴുന്നേറ്റുനിന്നു ബഹളംവച്ചു. മാത്യു കുഴൽനാടൻ സംസാരിക്കാൻ ശ്രമിക്കുന്നതിനിടെ ”മൈക്ക് ഓഫ് ചെയ്യ്…ബഹുമാനപ്പെട്ട അംഗത്തിന്റെ മൈക്ക് ഓഫു ചെയ്യൂ…” എന്നു സ്പീക്കർ വ്യക്തമാക്കി. രേഖകൾ ഹാജരാക്കണമെന്നു വളരെ ക്ലീയറായി ചെയർ പറഞ്ഞ കാര്യമാണ്. ഹാജരാക്കിയ രേഖകളിൽ ചെയർ തൃപ്തനല്ല. അതുകൊണ്ട് സഭയിൽ ആരോപണം ഉന്നയിക്കാൻ അനുവദിക്കില്ലെന്നും സ്പീക്കർ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. കാരണമില്ലാതെയാണ് തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് അദ്ദേഹം ആരോപിച്ചു. സമരാഗ്‌നി യാത്രയിലേക്ക് തന്നെ ക്ഷണിച്ചില്ലെന്നും കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തന്നോട് മര്യാദ കാണിച്ചില്ലെന്നും അദ്ദേഹം അറിയിച്ചു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോൺഗ്രസിൽ ശുദ്ധീകരണം നടന്ന ശേഷം മാത്രമേ ഇനി കെപിസിസി ഓഫീസിൽ കയറൂ. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കാരണമില്ലാതെ തന്നെ നീക്കിയതിന്റെ നൊമ്പരം ഇപ്പോഴും മനസിലുണ്ട്. വ്യക്തമായ കാരണങ്ങളില്ലാതെയായിരുന്നു ആ തീരുമാനം. പാർട്ടിയെ സ്നേഹിക്കുന്നതുകൊണ്ടാണ് രാജിവയ്ക്കാതിരുന്നത്. പ്രാണനെപ്പോലെയാണ് പാർട്ടിയെ സ്നേഹിക്കുന്നത്. അതുകൊണ്ടാണ് അവഗണനയും അവഹേളനവും സഹിച്ചുകൊണ്ട് കോൺഗ്രസ് പ്രവർത്തനം നടത്തുന്നതെന്നും അദ്ദേഹം വിശദമാക്കി.

സമരാഗ്‌നിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കെപിസിസി നേതാക്കൾക്ക് സൗമനസ്യം ഉണ്ടാകേണ്ടതായിരുന്നു. ഇത് ഫോണിൽ വിളിച്ച് വഴിപാട് പോലെ ക്ഷണിക്കേണ്ട ഒന്നല്ല. ഔപചാരികത എന്നൊന്നുണ്ട്. പാർട്ടി മര്യാദ നേതാക്കൾ കാണിച്ചില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ബിജെപിയ്ക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിലെ കോൺഗ്രസിന് ബിജെപിയോട് അവിശുദ്ധ ചങ്ങാത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ സമരം നരേന്ദ്ര മോദി സർക്കാരിനുള്ള മറുപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ കോൺഗ്രസുകാർ സമരത്തിനെതിരെ ബിജെപിയെ പോലെ സംസാരിച്ചു. ജനം ഇതിനെ അംഗീകരിക്കാൻ പോകുന്നില്ല. ബിജെപി – കോൺഗ്രസ് ബാന്ധവത്തെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തോൽപ്പിക്കും. ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കും എന്നാണ് നവകേരള യാത്രയിലും ഡൽഹി സമരത്തിലും കണ്ട വിശ്വാസം. കേന്ദ്രസർക്കാർ സംസ്ഥാനത്തെ ധനപ്രതിസന്ധിയിലാക്കുകയാണ്. കേന്ദ്രത്തിന്റെ ഒന്നാം നമ്പർ ശത്രു കേരളമാണ്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഐക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റും പ്രധാനമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ എല്ലാ സീറ്റിലും ഉചിതമായ സ്ഥാനാർഥികൾ ഉണ്ടാകും. തിരഞ്ഞെടുപ്പിനെ നേരിടാൻ സിപിഐ സജ്ജമാണ്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ ചില പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് കോൺഗ്രസിനു മറുപടി നൽകേണ്ടിവരുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സർക്കാരിന് പാർട്ടി നിലപാടുകൾ മുഴുവൻ നടപ്പിലാക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിയും സർക്കാരും ഒന്നല്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ധനമന്ത്രി ബജറ്റിൽ പറഞ്ഞത് വിദേശ സർവകലാശാല വിഷയം പരിശോധിക്കുമെന്ന് മാത്രമാണ്. വിദ്യാഭ്യാസരംഗത്തെ സ്വകാര്യ മൂലധന നിക്ഷേപം നേരത്തെ ആരംഭിച്ചതാണ്. ഇക്കാര്യം കേരളം ചർച്ച ചെയ്യണം. വിദേശ സർവകലാശാല ഉൾപ്പെടെയുള്ളവയെ സിപിഎം അംഗീകരിക്കില്ല. സിപിഎം നിലപാട് അതേപടി നടപ്പാക്കാൻ ഇടതുമുന്നണിക്ക് കഴിയില്ല. എല്ലാവരുമായി ചർച്ച വേണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. പൊതുവിദ്യാഭാസത്തോടുള്ള പ്രതിബദ്ധതയും സുതാര്യതയും തുല്യതയും നിലനിർത്തിക്കൊണ്ടാവും ചർച്ച നടത്തുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എക്സാലോജിക് വീണ്ടുമുയർത്തുന്നത് രാഷ്ട്രീയ പ്രേരിതമാണ്. തെരഞ്ഞെടുപ്പ് അടുത്തുവന്നതോടെ മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കാനായാണ് നീക്കം. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. മുഖ്യമന്ത്രിയിലേക്ക് കേസ് എത്തിക്കാനാണ് ശ്രമം. പിന്നിൽ കൃത്യമായ അജണ്ടയാണ്. കേസുമായ ബന്ധപ്പെട്ട് ഹൈക്കോടതിയിൽ പരാതി നൽകിയത് ഷോൺ ജോർജ് ആണ്. എസ്എഫ്‌ഐഒ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷോൺ കത്ത് കൊടുത്തത്. പി സി ജോർജും മകൻ ഷോൺ ജോർജും ബിജെപിയിൽ ചേർന്നതിന് പിന്നാലെ കേന്ദ്രം എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചു. ബിജെപിയുടെ രാഷ്ട്രീയ ഇടപെടൽ ഇതിൽ വ്യക്തമാകുമെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് വരുന്നതോടെ ഇത്തരം കള്ളക്കഥകൾ ഉയർന്നുവരും. തെരഞ്ഞെടുപ്പ് അജണ്ടായിട്ടാണ് കേന്ദ്രവും കേരളത്തിലെ യുഡിഎഫും ഇതിനെ കൈകാര്യം ചെയ്യുന്നത്. കേരളത്തിനെതിരായ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളം ഡൽഹിയിൽ നടത്തിയ സമരം ദേശീയ ശ്രദ്ധയാകർഷിച്ചു. കേന്ദ്രസർക്കർ ബിജെപി ഇതര സർക്കാരുകളോട് കാണിക്കുന്ന സാമ്പത്തിക ഉപരോധം രാജ്യം മുഴുവൻ ചർച്ചയാക്കാൻ സമര പരിപാടിയിലൂടെ സാധിച്ചു. കേരളത്തോടുള്ള സാമ്പത്തിക ഉപരോധം രാഷ്ട്രീയ താൽപര്യമാണെന്ന് ഇടതുപക്ഷം ആദ്യം മുതൽ വ്യക്തമാക്കിയതാണ്. എന്നാൽ ബിജെപി സർക്കാരിനെ കേരളത്തിലെ യുഡിഎഫുകാർ ന്യായീകരിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം കേന്ദ്രസർക്കാരിനെതിരെ കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സമരം കേരളത്തിലെ കോൺഗ്രസിന്റെ പാപ്പരത്വം തുറന്നു കാട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കില്ലെന്ന് മനസിലായ ബിജെപി പലകക്ഷികളെയും തങ്ങളിലേക്ക് അടുപ്പിക്കുകയാണ്. ബിഹാറിൽ നിതീഷ് കുമാർ ബിജെപിയിലെത്തിയതും മധ്യപ്രദേശിൽ കമൽ നാഥുമായുള്ള ചർച്ചയുമെല്ലാം ഇതിന്റെ ഭാഗമാണ്. പ്രേമചന്ദ്രൻ എംപിയെ മോദിയോടൊപ്പം ഭക്ഷണ വിരുന്നിന് ക്ഷണിച്ചതും ഈ നിലയിൽ വേണം കാണൻ. ഭക്ഷണത്തിന് വിളിച്ചാൽ പോകാതിരിക്കാനുള്ള സംസ്‌കാരം ഇല്ലെന്നാണ് പ്രേമചന്ദ്രൻ പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി ക്രിസ്തുമസ് വിരുന്നിന് ക്ഷണിച്ചപ്പോൾ പോവാതിരുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് പ്രേമചന്ദ്രനും യുഡിഎഫും വ്യക്തമാക്കണം. ഈ വിഷയത്തിൽ കോൺഗ്രസ് അഭിപ്രായം പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ: മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ചവാൻ ബിജെപി അംഗത്വം സ്വീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിന് മുന്നോടിയായി അദ്ദേഹം മഹാരാഷ്ട്ര നിയമസഭാ അംഗത്വം രാജിവെച്ചു.കോൺഗ്രസിൽ നിന്നും അദ്ദേഹം രാജിവെച്ചതായാണ് വിവരം. അശോക് ചവാൻ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ അടുത്തിടെ കോൺഗ്രസ് വിടുന്ന മൂന്നാമത്തെ നേതാവാണ് അശോക് ചവാൻ.

മഹാരാഷ്ട്രയിൽ മുൻകേന്ദ്ര മന്ത്രി മിലിന്ദ് ദേവ്റയും മുൻമന്ത്രി ബാബ സിദ്ദിഖും ദിവസങ്ങൾക്ക് മുൻപാണ് കോൺഗ്രസ് വിട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കവെയാണ് മഹാരാഷ്ട്രയിൽ വലിയ രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നത്.

അന്തരിച്ച എസ് ബി ചവാന്റെ മകനാണ് അശോക് ചവാൻ. രണ്ട് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയും രാജീവ് ഗാന്ധി മന്ത്രിസഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്നു എസ് ബി ചവാൻ. അതേസമയം, ജമ്മു കശ്മീർ മുൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും (എംഎൽസി) മുൻ നാഷണൽ കോൺഫറൻസ് നേതാവുമായിരുന്ന ഡോ ഷെഹനാസ് ഗനായി ബിജെപി അംഗത്വം സ്വീകരിച്ചു.

ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ചാണ് ഷഹനാസ് ഗനായി ബിജെപിയിൽ ചേർന്നത്. ജമ്മു കാശ്മീരിന്റെ ചുമതലയുള്ള മുതിർന്ന ബിജെപി നേതാവ് തരുൺ ചുഗ്, കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. തീർത്തും രാഷ്ട്രീയ പ്രേരിതം എന്ന് വസ്തുതകൾ നിരത്തി വിശദീകരിച്ചതാണ്. മുഖ്യമന്ത്രിയിലേക്ക് ആരോപണം എത്തിക്കാനാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം. എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട ഷോൺ ജോർജ്ജിന്റെ നടപടി കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് കേസുമായി കോടതിയിൽ പോയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അപവാദ കള്ള പ്രചരണത്തെ എതിർക്കുമെന്നും മുഖ്യമന്ത്രിയെയാണ്. ബിജെപി ലക്ഷ്യമിടുന്നത് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.കേസിന് പിന്നിൽ കൃത്യമായ അജണ്ടയാണ്. പി സി ജോർജിന്റെ മകനാണല്ലോ ഇടപെട്ടത്, രണ്ടാളും ഇപ്പോൾ ബിജെപിയിലാണല്ലോവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും.തെരഞ്ഞെടുപ്പിന് മുൻപ് എന്തൊക്കെ കാണാനിരിക്കുന്നു. കേസിന് പിന്നിൽ കൃത്യമായ തിരക്കഥയാണെന്നും തെരഞെടുപ്പ് അജണ്ടയുടെ ഭാഗമായി ഉത്തരേന്ത്യയിലെ നേതാക്കളെ ശേഖരിക്കാൻ ബിജെപിക്ക് അറിയാമെന്നും തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കില്ലെന്ന ഭയമാണ് ബിജെപിക്കെന്നും എം വി ഗോവിന്ദൻ അറിയിച്ചു.

കൃത്യമായ തിരക്കഥയിലാണ് കാര്യങ്ങൾ പോകുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇനി എന്തെല്ലാം കാണണം. എസ്എഫ്ഐഒ അന്വേഷണത്തെ രാഷ്ട്രീയമായി ചെറുക്കും, പ്രതിരോധിക്കും. കെഎസ്ഐഡിസിയുടെ ദൈനംദിന കാര്യങ്ങളിൽ സർക്കാർ ഇടപെടാറില്ല. തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമായി ബിജെപി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നു. പണവും സ്വാധീനവും ഉപയോഗിച്ച് വശത്താക്കുന്നു. പ്രേമചന്ദ്രനെ പ്രധാനമന്ത്രി വിരുന്ന് പങ്കാളിയാക്കിയതും അതിന്റെ ഭാഗം തന്നെയാണ്. ആഹാരത്തിന് ക്ഷണിച്ചാൽ പോകാതിരിക്കുന്നത് സംസ്‌കാരമല്ലെന്നാണ് പ്രേമചന്ദ്രനും യുഡിഎഫും പറയുന്നത്. മുഖ്യമന്ത്രി ക്ഷണിച്ച ക്രിസ്മസ് വിരുന്നിന് പ്രതിപക്ഷം എത്താതിരുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ചോദിക്കുന്നു.