തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മത്സരവുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥി ചർച്ചകൾ ആരംഭിച്ച് സിപിഎം. കഴിഞ്ഞ തവണ നഷ്ടപ്പെട്ടതിൽ പരമാവധി സീറ്റുകൾ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎമ്മിന്റെ പ്രവർത്തനങ്ങൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം മത്സരിക്കുന്നത് പതിനഞ്ച് മണ്ഡലങ്ങളിലാണ്.
നിലവിലെ എംപി എ എം ആരിഫ് തന്നെ ആലപ്പുഴയിൽ മത്സരിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. കണ്ണൂരിൽ കെ കെ ശൈലജയ്ക്കാണ് സാദ്ധ്യത കൂടുതലുള്ളത്. യുഡിഎഫിൽ നിന്ന് സീറ്റ് തിരിച്ചുപിടിക്കാൻ വടകരയിൽ ശൈലജയെ നിർത്തണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ചിലർ ഉന്നയിക്കുന്നുണ്ട്.
ചാലക്കുടിയിൽ സി രവീന്ദ്രനാഥും ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണനുമാണ് പരിഗണനയിലുള്ളത്. പൊന്നാനിയിൽ കെ ടി ജലീലിനെ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ട്. കോഴിക്കോട് എളമരം കരീമിനും വി വസീഫിനും സാധ്യതയുണ്ട്. പാലക്കാട്ട് എ വിജയരാഘവൻ, എം സ്വരാജ് തുടങ്ങിയവരുടെ പേരുകളാണ് ഉയരുന്നത്.
കൊല്ലത്ത് സി എസ് സുജാതയും മുകേഷും പി കെ ഗോപനുമാണ് പരിഗണയിലുള്ളവരെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കാസർകോട്ട് ടി വി രാജേഷിന്റേയും ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്റേയും പേരും ഉയർന്നു കേൾക്കുന്നുണ്ട്.

