തിരുവനന്തപുരം: വയനാട്ടിലെ ജനതയോട് ജനാധിപത്യ വിരുദ്ധസമീപനം സ്വീകരിച്ചാണ് പിണറായി വിജയൻ സർക്കാർ മുന്നോട്ട് പോകുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ജനം മരണത്തെ മുഖാമുഖം കാണുമ്പോൾ, പിണറായി പിആർ മുഖാമുഖം നടത്തുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മനുഷ്യ- വന്യജീവി സംഘർഷം നിലനിൽക്കുന്ന മേഖലകളിൽ ഒരുക്കേണ്ട ചികിത്സാ സൗകര്യങ്ങൾ സംബന്ധിച്ച കേന്ദ്രസർക്കാർ നിർദേശം വയനാട്ടിൽ പാലിക്കപ്പെട്ടില്ല. മാനന്തവാടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ മെഡിക്കൽ കോളജ് എന്ന് ബോർഡ് തൂക്കിയാൽ ചികിത്സ ലഭ്യമാകില്ല. കേന്ദ്രനിർദേശങ്ങൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നു പിണറായി വിജയൻ ജനത്തോടു വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ തന്നെ നാഷണൽ പാർക്കുകളിൽ നിന്ന് വന്യജീവികൾ ഇങ്ങനെ കൂട്ടത്തോടെ നാട്ടിൽ ഇറങ്ങുന്നില്ല. ലക്ഷങ്ങൾ മുടക്കി കോഴിക്കോട് മുഖാമുഖം എന്ന പേരിൽ പിആർ എക്‌സൈസ് നടത്തുന്ന പിണറായി വിജയൻ വയനാട്ടിലെത്തണം. ഗുരുതരമായ സാഹചര്യത്തിൽപ്പോലും സർവകക്ഷിയോഗത്തിനെത്താതിരുന്ന വനംമന്ത്രിയെ പുറത്താക്കണം. കോഴിക്കോട് ഗസ്റ്റ്ഹൗസിൽ ഇരുന്ന് ടിവി കാണുകയല്ല എ കെ. ശശീന്ദ്രൻ ചെയ്യേണ്ടത്. ഇത്രയും കഴിവുകെട്ട മന്ത്രിയെ പിണറായി വിജയൻ എന്തിനാണു സംരക്ഷിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വയനാട് രാഹുൽ ഗാന്ധിക്കെതിരെയും വി മുരളീധരൻ രൂക്ഷ വിമർശനം ഉന്നയിച്ചു. എന്തുകൊണ്ട് വയനാട് മെഡിക്കൽ കോളജ് പൂർണ സജ്ജമായില്ലെന്നു വിനോദസഞ്ചാരത്തിനെന്ന പോലെ എത്തിയ എംപിയും വിശദീകരിക്കണം. ഹ്രസ്വസന്ദർശനത്തിനു മണ്ഡലത്തിലെത്തിയ എംപി ജീപ്പിന്റെ ബോണറ്റിൽ കയറി കലാപരിപാടി നടത്തിയിട്ടു കാര്യമില്ല. വയനാടിനു വേണ്ടി രാഹുൽ ഗാന്ധി എന്താണ് ചെയ്യുന്നതെന്ന ചോദ്യവും വി മുരളീധരൻ ഉന്നയിച്ചു.

