ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 100 സീറ്റ് പോലും തികയ്ക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ. 400 സീറ്റ് നേടുകയെന്ന ബിജെപിയുടെ പദ്ധതി നടക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുടെ അമേഠിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നിരവധി തവണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച മണ്ഡലങ്ങളാണ് അമേഠിയും റായ്ബറേലിയും. എന്നാൽ ഇവിടെ ജനങ്ങളിൽ ശത്രുത വിതയ്ക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസിന്റെ കാലത്ത് അമേഠിയിൽ കോടികളുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും അവയിൽ ഭൂരിഭാഗവും പൂർത്തിയായിരുന്നില്ല. എന്തുകൊണ്ടാണ് ആ പദ്ധതികൾ ഇപ്പോഴും പൂർത്തിയാകാത്തതെന്ന് ബിജെപിയോടു ചോദിക്കാൻ തനിക്ക് ആഗ്രഹമുണ്ട്. അമേഠിയിലും റായ്ബറേലിയിലും പ്രവർത്തിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങൾക്കു ഗാന്ധി കുടുംബവുമായി ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും ഖാർഗെ അഭിപ്രായപ്പെട്ടു.
രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കഠിനമായി ജോലിയെടുത്ത മണ്ണാണ് ഇതെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു. 100 സീറ്റു പോലും നേടാനാകാതെ ബിജെപി അധികാരത്തിൽ നിന്നും പുറത്തുപോകുമെന്നും അദ്ദേഹം അറിയിച്ചു.

