ന്യൂഡൽഹി: കോൺഗ്രസിന് താത്ക്കാലിക ആശ്വാസം. ആദായ നികുതി വകുപ്പ് മരവിപ്പിച്ച അക്കൗണ്ടുകൾ കോൺഗ്രസിന് തൽക്കാലം ഉപയോഗിക്കാം. ആദായ നികുതി വകുപ്പ് അപ്പല്ലേറ്റ് അതോറിറ്റിയാണ് ഇതിന് അനുമതി നൽകിയിരിക്കുന്നത്. ഫെബ്രുവരി 21 ന് കോൺഗ്രസിന്റെ പരാതി അതോറിറ്റി പരിഗണിക്കുമെന്നാണ് എംപി വിവേക് തൻഖ വ്യക്തമാക്കിയിട്ടുള്ളത്.
കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. അഞ്ച് കൊല്ലം മുമ്പ് ആദായ നികുതി റിട്ടേൺ അടയ്ക്കാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി പാർട്ടി ട്രഷറർ അജയ് മാക്കനാണ് അറിയിച്ചത്. കൊടുത്ത ചെക്കുകൾ ബാങ്കുകൾ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോൺഗ്രസിൽ നിന്നും യൂത്ത് കോൺഗ്രസിൽ നിന്നുമായി 210 കോടി രൂപ തിരിച്ചുപിടിക്കണമെന്നാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൗഡ്ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണമാണ് അക്കൗണ്ടിലുള്ളതെന്നും തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തെ മരവിപ്പിക്കുന്നതിന് തുല്യമായ നടപടിയാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

