യുപിയിൽ നിന്നും ബിജെപിയെ തുടച്ചു നീക്കും; മമത നയിക്കുന്ന ബദൽ രാഷ്ട്രീയ മുന്നണിയിൽ ചേരാനുള്ള താത്പര്യം പ്രകടിപ്പിച്ച് അഖിലേഷ് യാദവ്

ലക്‌നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ നിർണായക നീക്കങ്ങളുമായി സമാജ് വാദി പാർട്ടി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഇതിന്റെ ഭാഗമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നയിക്കുന്ന ബദൽ രാഷ്ട്രീയ മുന്നണിയിൽ ചേരാനുള്ള താത്പര്യം അദ്ദേഹം പ്രകടിപ്പിച്ചു. ബംഗാളിലേത് പോലെ യുപിയിൽ നിന്നും ബിജെപിയെ തുടച്ചു നീക്കുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി.

കോൺഗ്രസിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ജനങ്ങൾ കോൺഗ്രസിനെ തള്ളിയെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും കിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. 2017 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് – എസ്പി സഖ്യം ഒരുമിച്ചാണ് ബിജെപിയെ നേരിട്ടത്. എന്നാൽ ഇത് നല്ല അനുഭവമായിരുന്നില്ലെന്നും ഉത്തർപ്രദേശ് കോൺഗ്രസിനെ തള്ളിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപിയെയും അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പൂർവാഞ്ചൽ എക്സ്പ്രസ് വേയുടെ പേരിലായിരുന്നു വിമർശനം. തന്റെ പാർട്ടി ആരംഭിച്ച പദ്ധതികളുടെ ക്രെഡിറ്റ് ബിജെപി ഏറ്റെടുക്കുകയാണ്. സമാജ് വാദി പാർട്ടിക്ക് 22 മാസത്തിനുള്ളിൽ എക്സ്പ്രസ് വേ നിർമ്മിക്കാൻ കഴിയുമെങ്കിൽ, അതേ ജോലി ചെയ്യാൻ ബിജെപി 4.5 വർഷം എടുത്തതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. യുപിയിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ അവർ ആഗ്രഹിക്കുന്നില്ല എന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.