തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തിൽ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യത്തെ ദുർബലപ്പെടുത്തുന്നത് കേരള സർക്കാരാണ്. ജലനിരപ്പ് 152 അടിയാക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തിന് ഒപ്പമാണ് സംസ്ഥാന സർക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുല്ലപ്പെരിയാർ ഡാം സുരക്ഷിതമല്ലെന്നാണ് തങ്ങളുടെ നിലപാട്. എന്നാൽ വിഷയത്തിൽ അനാസ്ഥയുടെ പരമോന്നതിയിലാണ് സംസ്ഥാന സർക്കാർ. ബേബി ഡാം ശക്തിപ്പെടുത്താൻ മരം മുറിക്ക് അനുമതി നൽകിയത് തമിഴ്‌നാടിന് സഹായകരമായ നിലപാടാണ്. മന്ത്രിമാരെ ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രിയും ഓഫീസും ഈ തീരുമാനം എടുത്തത് എന്തിന് വേണ്ടിയാണെന്ന് അദ്ദേഹം ചോദിച്ചു.
വകുപ്പ് മന്ത്രിമാരെ ഇരുട്ടിൽ നിർത്തിയാണ് മുഖ്യമന്ത്രി തീരുമാനങ്ങൾ എടുക്കുന്നത്. സ്വന്തം വകുപ്പിലെ കാര്യങ്ങൾ അറിയാത്ത 2 മന്ത്രിമാർ എന്തിനാണ് സ്ഥാനത്ത് തുടരുന്നത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ പോലും സർക്കാരിന് ഇല്ല. മുല്ലപ്പെരിയാറിലെ മരം മുറി ബേബി ഡാം ശക്തിപ്പെടുത്താൻ ആണ്. അതിനു ശേഷം ജലനിരപ്പ് 152 അടിയാക്കാൻ ആണ് തമിഴ്‌നാടിന്റെ നീക്കം. മുഖ്യമന്ത്രി ഈ വിഷയത്തിൽ മിണ്ടുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു. അണക്കെട്ട് തകർന്നാൽ അഞ്ചു ജില്ലകളിലുള്ള ആളുകൾ അറബി കടലിൽ ഒഴുകി നടക്കും എന്നാണ് 10 വർഷങ്ങൾക്ക് മുൻപ് വി എസ് അച്യുതാനന്ദൻ പറഞ്ഞത്. അന്ന് എൽ.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ ചങ്ങലയുടെ ഒരറ്റത്ത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയോട് ഒരു ചോദ്യം 10 വർഷം കഴിഞ്ഞപ്പോൾ ഈ ഡാം ശക്തിപ്പെട്ടോവെന്നാണ് പ്രതിപക്ഷ നേതാവ് ചോദിക്കുന്നത്.

