സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ല; സത്യം പറഞ്ഞ പൊലീസുകാരെ സിപിഎം തിരുത്തിയെന്ന് വി മുരളീധരൻ

കോട്ടയം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പെരിങ്ങര സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വി മുരളീധരൻ സിപിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചത്. സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും ആദ്യം സത്യം പറഞ്ഞ പൊലീസുകാരെ സിപിഎം തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ പ്രതികൾക്ക് സിപിഎമ്മുമായാണ് ബന്ധമുള്ളത്. പ്രതികളിൽ ഒരാളെ യുവമോർച്ച നേരത്തെ പുറത്താക്കിയതാണ്. പോാലീസിനെ കൊണ്ട് സിപിഎം റിമാൻഡ് റിപ്പോർട്ട് തിരുത്തിയെഴുതിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പെരിയയിൽ തോറ്റതിന് തിരുവല്ലയിൽ കണക്കുതീർക്കാൻ വരരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്ദീപിനെ ബിജെപി- ആർഎസ്എസ് പ്രവർത്തകർ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമർശം. കേസിൽ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സി പി എമ്മുകാർ മരിച്ചാൽ വ്യാജ പ്രചാരണം നടത്തുകയെന്നതാണ് ബിജെപിയുടെ പതിവ് രീതി. ആർഎസ്എസ് നടത്തുന്ന കൊലപാതകങ്ങൾ അവർ ഏറ്റെടുക്കാറില്ല. സന്ദീപിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമാധാനത്തിനായിട്ടാണ് സി പി എം നിലകൊള്ളുന്നത്. സി പി എമ്മിനെ ഇല്ലാതാക്കാമെന്ന് ആരും കരുതണ്ട. അക്രമപാതയിൽ നിന്ന് ആർ എസ് എസ് പിന്തിരിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.