ലോക്സഭാ തിരഞ്ഞെടുപ്പ്; കന്നി മത്സരത്തിന് തയ്യാറെടുത്ത് പ്രിയങ്കാ ഗാന്ധി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കന്നി മത്സരത്തിന് തയ്യാറെടുത്ത് പ്രിയങ്കാ ഗാന്ധി. റായ്ബറേലിയിൽ നിന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുക. കോൺഗ്രസ് ശക്തികേന്ദ്രവും മാതാവ് സോണിയാ ഗാന്ധിയുടെ സിറ്റിംഗ് സീറ്റുമായിരുന്നു റായ്‌ബേലി. രാഹുൽ ഗാന്ധി രണ്ടിടത്ത് നിന്ന് മത്സരിക്കും. വയനാട്ടിനൊപ്പം അമേഠിയിൽ നിന്നും രാഹുൽ ഗാന്ധി മത്സരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്നും മത്സരിച്ച രാഹുൽ ഗാന്ധി ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടാണ് രാഹുൽ പരാജയപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയിൽ നിന്ന് പ്രിയങ്ക മത്സരിക്കുമോ എന്ന ഊഹാപോഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. ഉത്തർപ്രദേശിൽ നിലവിൽ കോൺഗ്രസിനുള്ള ഏക സീറ്റാണ് റായ്‌ബേലിയിലേത്. സോണിയ ഗാന്ധി രാജ്യസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പ്രിയങ്ക റായ്ബറേലിയിൽ മത്സരിക്കാൻ തീരുമാനിച്ചത്.

അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇപ്പോൾ മദ്ധ്യപ്രദേശിൽ പര്യടനം നടത്തുകയാണ്. യാത്ര നാളെ ഗുജറാത്തിലേക്ക് യാത്ര പ്രവേശിക്കും.