യുവാക്കൾക്ക് 30 ലക്ഷത്തോളം തൊഴിലവസരങ്ങൾ; പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്

ജയ്പൂർ: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. യുവാക്കൾക്ക് 30 ലക്ഷത്തോളം തൊഴിലവസരങ്ങൾ ഉൾപ്പെടെ വാഗ്ദാനം ചെയ്തുള്ള പ്രകടന പത്രികയാണ് കോൺഗ്രസ് പുറത്തിറക്കിയിരിക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന 30 ലക്ഷത്തോളം സർക്കാർ തസ്തികകൾ നികത്തുമെന്നാണ് പ്രഖ്യാപനം.

സ്റ്റാർട്ടപ്പുകൾക്ക് 5000 കോടി, ബിരുദധാരികൾക്ക് അപ്രന്റീസ്ഷിപ്പ് തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലാണ് പ്രകടന പത്രിക പുറത്തിറക്കിയിട്ടുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഒഴിഞ്ഞുകിടക്കുന്ന ഏകദേശം 30 ലക്ഷം സർക്കാർ തസ്തികകൾ നികത്തുമെന്നും കർഷകർക്ക് വിളകളുടെ താങ്ങുവില നിയമപരമായി ഉറപ്പാക്കുമെന്നും രാഹുൽഗാന്ധി അറിയിച്ചു.

റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോരുന്നത് തടയാൻ നിയമം കൊണ്ടുവരും. താതകാലിക ജീവനക്കാർക്ക് സാമൂഹിക സുരക്ഷ, സ്റ്റാർട്ടപ്പുകൾക്ക് 5000 കോടി രൂപയുടെ ഫണ്ട് എന്നിവയാണ് മറ്റ് വാഗ്ദാനങ്ങൾ. ബിരുദദാരികൾക്ക് ഒരു വർഷം അപ്രന്റീസ്ഷിപ്പ് ലഭ്യമാക്കും. ഒരു ലക്ഷം രൂപയും ഇക്കാലയളവിൽ നൽകും. തൊഴിലിനുള്ള അവകാശം കോൺഗ്രസ് ഉറപ്പാക്കുമെന്നും ഗാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.