ഭാഷയിൽ മിതത്വം പാലിക്കണമെന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ; പി സി ജോർജിന് മറുപടിയുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: പി സി ജോർജിന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിക്കെതിരെ പരസ്യമായി പ്രതികരിച്ചതിനാണ് പി സി ജോർജിനെതിരെ കെ സുരേന്ദ്രൻ രംഗത്തെത്തിയത്. പി സിക്കെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്നും ഭാഷയിൽ മിതത്വം പാലിക്കണമെന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി എല്ലാം മനസിലാക്കുന്നു. അനിൽ ആന്റണിയെ അറിയാത്ത ആരും കേരളത്തിൽ ഇല്ല. മികച്ച സ്ഥാനാർത്ഥിയാണ്, അദ്ദേഹം വിജയിക്കും. പൊതു പ്രവർത്തകർ സംസാരിക്കുമ്പോൾ മിതത്വം പാലിക്കണം. ഏന്തെങ്കിലും ഫെയ്‌സ് ബുക്കിലൂടെ പറയുന്നവർക്കെതിരെ നടപടിയുണ്ടാകും. പി സി ജോർജ് ഇപ്പോൾ വന്നല്ലേയുള്ളൂ. നിലവിൽ നടപടിയെടുത്തത് വർഷങ്ങളായി പാർട്ടിയിലുള്ളവർക്കു നേരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.