തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സുധാകരനെ പ്രതിയാക്കിയതിൽ ഗൂഢാലോചനയുണ്ടെന്നും നിയപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും എതിരെ കോതമംഗലത്ത് പോലീസ് സ്വീകരിച്ച നടപടി കിരാതമാണ്. ജനകീയ വിഷയത്തിലാണ് അവർ ഇടപെട്ടത്. സർക്കാർ നിഷ്ക്രിയമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോലീസാണ് ഇന്നലെ മൃതദേഹത്തോട് അനാദരവ് കാണിച്ചത്്. അവരാണ് മൃതശരീരം റോഡിൽ വലിച്ചിഴച്ചു കൊണ്ടുപോയത്. ഡിസിസി പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത രീതി ശരിയായില്ല. ഷിയാസിനെ ഒന്നരമണിക്കൂറോളം പോലീസ് ജീപ്പിൽ കറക്കി. പോലീസിനെ വെച്ച് പേടിപ്പിച്ച് സമരം ഒതുക്കി കളയാം എന്ന് കരുതണ്ട. പോലീസിന് എന്തും ചെയ്യാനുള്ള അധികാരം നൽകിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജാവിനെക്കാളും വലിയ രാജഭക്തിയാണ് പൊലീസ് കാണിക്കുന്നത്. മാത്യൂ കുഴൽനാടനോടുള്ള വിരോധം തീർക്കാൻ കിട്ടുന്ന ഒരു അവസരവും പിണറായി വിജയൻ കളയുന്നില്ല. വൈകാരികമായ പ്രതിഷേധമാണ് കോതമംഗലത്ത് നടന്നത്. കളക്ടർ ചർച്ചയ്ക്ക് വരുന്നത് മന്ത്രി പി രാജീവ് വിലക്കി. പ്രശ്നം വഷളാക്കാനാണ് മന്ത്രി ശ്രമിച്ചത്. കള്ള കേസുകൾ നേരിടും. പ്രതിഷേധം നടത്തിയില്ലായിരുന്നുവെങ്കിൽ മന്ത്രിയോ, ഉദ്യോഗസ്ഥരോ വരുമായിരുന്നോയെന്ന ചോദ്യവും വി ഡി സതീശൻ മുന്നോട്ടുവെച്ചു.

