Politics (Page 42)

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ കേരളാ സന്ദർശനം. മാർച്ച് 15ന് പാലക്കാട് റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും പാലക്കാട് നഗരസഭാ മുൻ ഉപാധ്യക്ഷനുമായ സി.കൃഷ്ണകുമാറാണ് പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി. ഇത് നാലാം തവണയാണ് ഈ വർഷം പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ജനുവരി മാസം തൃശുരിൽ ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടി അദ്ദേഹം കേരളത്തിൽ എത്തിയിരുന്നു.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം പിന്നീട് കേരളത്തിലെത്തിയത്. കൊച്ചിയിലെ റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഫെബ്രുവരി മാസം അവസാനവും അദ്ദേഹം കേരളം സന്ദർശിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്. വിഎസ്എസ്സിയിലെ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിച്ചിരുന്നു.

ചെന്നൈ: രാഷ്ട്രീയത്തിൽ സജീവമാകാനൊരുങ്ങുന്ന വിജയ് പിന്തുടരുക തമിഴ് സ്വത്വരാഷ്ട്രീയം. വിജയ് രൂപീകരിച്ച പാർട്ടിയിൽ ചേരുന്നവർക്കുള്ള പ്രതിജ്ഞയിലും തമിഴ് വൈകാരിതയ്ക്ക് പ്രാധാന്യം നൽകിയിരിക്കുകയാണ്. തമിഴ് ഭാഷയെയും സംസ്‌കാരത്തെയും ഉയർത്തിക്കാട്ടുന്ന ദ്രാവിഡ പാർട്ടികളുടെ ശൈലിയാണ് വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകവും പയറ്റാനൊരുങ്ങുന്നതെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. തമിഴ് ഭാഷയെ സംരക്ഷിക്കാൻവേണ്ടി ജീവൻ ബലിയർപ്പിച്ച ഭാഷാപോരാളികളുടെ ലക്ഷ്യം നിറവേറ്റാൻ പ്രവർത്തിക്കുമെന്നാണ് തമിഴക വെട്രി കഴകത്തിന്റെ പ്രതിജ്ഞയിൽ പറയുന്നത്.

തമിഴ്നാട്ടിൽ ഡിഎംകെയുടെ വളർച്ചയ്ക്ക് ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെയുള്ള സമരങ്ങൾ നിർണായക പങ്കുവഹിച്ചിരുന്നു. കേന്ദ്രസർക്കാർ നടത്തുന്ന ഹിന്ദിപ്രചാരണങ്ങളെ എതിർത്ത് ഡിഎംകെ ഇപ്പോഴും എതിർത്ത് രംഗത്തെത്താറുണ്ട്. ഇതേ പാതയിൽ മുന്നോട്ട് പോകാനാണ് വിജയ് ലക്ഷ്യമിടുന്നത്.

തമിഴ് വൈകാരികതയും സമത്വവുമായിരിക്കും തമിഴക വെട്രി കഴകം പിന്തുടരുന്ന പാതയെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ വിജയ്.

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയും കോൺഗ്രസും തമ്മിൽ സീറ്റ് ധാരണ. തമിഴ്‌നാട്ടിൽ കോൺഗ്രസിന് 9 സീറ്റും, പുതുച്ചേരിയിൽ ഒരു സീറ്റും നൽകുമെന്ന് ഡിഎംകെ അറിയിച്ചു. 2019 ലെ ഫോർമുലയുടെ ആവർത്തനമാണ് ഇപ്പോഴും നടക്കുക. 2019 ൽ കോൺഗ്രസ് മത്സരിച്ച 10 സീറ്റിൽ 9 എണ്ണത്തിലും വിജയിച്ചിരുന്നു. തമിഴ്നാട്ടിൽ ഉള്ളത് ആകെ 39 ലോക്സഭാ സീറ്റാണ്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ടിഎൻസിസി മേധാവി കെ സെൽവപെരുന്തഗൈ എന്നിവർ തമ്മിൽ കഴിഞ്ഞ ദിവസം ചർച്ച നടന്നിരുന്നു. ഈ ചർച്ചയിലാണ് സീറ്റുവിഭജനം സംബന്ധിച്ച ധാരണയായത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാലും, അജോയ് കുമാറും ചർച്ചയിൽ പങ്കെടുത്തു.

അതേസമയം, കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള ബന്ധം അടിയുറച്ചതാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 40 സീറ്റിലും ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പുറപ്പെടുവിക്കുകയും ചെയ്തു.

ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെയുടെ താര പ്രചാരകനായി താൻ എത്തുമെന്ന് അദ്ദേഹം അറിയിച്ചു. ചെന്നൈയിൽ വച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കമലഹാസൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

താനും തന്റെ പാർട്ടി എംഎൻഎമ്മും ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. എന്നാൽ സഖ്യത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകും. തങ്ങൾ ഒരുമിച്ചത് ഏതെങ്കിലും പദവിക്ക് വേണ്ടിയല്ല രാജ്യത്തിനു വേണ്ടിയാണെന്നും അദ്ദേഹം അറിയിച്ചു. ഡിഎംകെ സഖ്യത്തിൽ മക്കൾ നീതിമയ്യം പാർട്ടി ഔദ്യോഗികമായി ചേരുന്നതിന്റെ ഭാഗമായാണ് സ്റ്റാലിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ബിജെപിയെ നേരിടുക എന്നതാണ് സഖ്യത്തിന്റെ പൊതുലക്ഷ്യം.

ചെന്നൈ: ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെയുടെ താര പ്രചാരകനായി താൻ എത്തുമെന്ന് അദ്ദേഹം അറിയിച്ചു. ചെന്നൈയിൽ വച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കമലഹാസൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

താനും തന്റെ പാർട്ടി എംഎൻഎമ്മും ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. എന്നാൽ സഖ്യത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകും. തങ്ങൾ ഒരുമിച്ചത് ഏതെങ്കിലും പദവിക്ക് വേണ്ടിയല്ല രാജ്യത്തിനു വേണ്ടിയാണെന്നും അദ്ദേഹം അറിയിച്ചു. ഡിഎംകെ സഖ്യത്തിൽ മക്കൾ നീതിമയ്യം പാർട്ടി ഔദ്യോഗികമായി ചേരുന്നതിന്റെ ഭാഗമായാണ് സ്റ്റാലിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ബിജെപിയെ നേരിടുക എന്നതാണ് സഖ്യത്തിന്റെ പൊതുലക്ഷ്യം.

തമിഴ്നാട്ടിലെ 30 ലോക്സഭാ സീറ്റുകളിലേക്കും പുതുച്ചേരിയിലെ ഒരു സീറ്റിലും ഡിഎംകെക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നാണ് കമൽഹാസൻ അറിയിച്ചത്. രാജ്യത്തിന്റെ നന്മയ്ക്ക് മുൻഗണന നൽകുന്ന ഏത് പാർട്ടിക്കും പിന്തുണ നൽകുമെന്ന് നേരത്തെ കമൽഹാസൻ പ്രഖ്യാപിച്ചിരുന്നു.

ശ്രീനഗർ: ഇന്ത്യ മുന്നണിയിൽ അതൃപ്തി പ്രകടിപ്പിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല. സഖ്യത്തിലെ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കായി സ്വന്തം പാർട്ടിയെ ദുർബലപ്പെടുത്തേണ്ടി വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമാകുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് വന്ന പാർട്ടിക്ക് ഒരു സീറ്റ് പോലും ചോദിക്കാൻ അർഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അനന്ത്നാഗ് സീറ്റ് പിഡിപിക്ക് വേണ്ടി വിട്ടുനൽകാൻ ഒമർ അബ്ദുല്ല തയ്യാറല്ലെന്നാണ് റിപ്പോർട്ട്. മണ്ഡലത്തിൽ സോണിയ ഗാന്ധിയോ, രാഹുൽ ഗാന്ധിയോ മത്സരിക്കുകയാണെങ്കിൽ മാത്രം സീറ്റ് വിട്ടുനൽകാമെന്ന നിലപാടിലാണ് അദ്ദേഹം.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയാണ് ലഡാക്ക്, ഉദ്ധംപുർ, ജമ്മു എന്നിവിടങ്ങളിൽ വിജയിച്ചത്. ബാരാമുള്ള, ശ്രീനഗർ, അനന്ത്നാഗ് എന്നിവിടങ്ങളിൽ നാഷണൽ കോൺഫറൻസും ജയിച്ചു. ആറു സീറ്റുകളിൽ പിഡിപി മത്സരിച്ചിരുന്നുവെങ്കിലും ഒരു സീറ്റിലും വിജയിച്ചില്ല. മൂന്നാം സ്ഥാനത്ത് നിൽക്കുന്ന പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ചോദിക്കാൻ അർഹതയില്ല. പിഡിപിക്കൊപ്പം ഇന്ന് എത്രപേരുണ്ടെന്ന് അദ്ദേഹം ചോദിക്കുന്നു. സഖ്യത്തിലെ മറ്റൊരു പാർട്ടിക്കായി സ്വന്തം പാർട്ടിയെ ദുർബലപ്പെടുത്തണമെന്ന് മുന്നണിയിൽ ചേരുന്നതിനു മുൻപ് പറഞ്ഞിരുന്നെങ്കിൽ വരില്ലായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് ഒമർ അബ്ദുല്ലയുടെ പിതാവും പാർട്ടി അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ല പ്രഖ്യാപിച്ചിരുന്നു. എന്നാൽ മുന്നണിയുമായി അഭിപ്രായവ്യത്യാസമില്ലെന്ന് പ്രഖ്യാപിച്ച് ഒമർ രംഗം ശാന്തമാക്കുകയായിരുന്നു.

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. ആലപ്പുഴയിൽ കെ സി വേണുഗോപാലും കണ്ണൂരിൽ കെ സുധാകരനും തിരുവനന്തപുരത്ത് ശശി തരൂരൂം ആറ്റിങ്ങലിൽ അടൂർ പ്രകാശും മത്സരിക്കും.

മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും പത്തംനംതിട്ടയിൽ ആന്റോ ആന്റണിയും എറണാകുളത്ത് ഹൈബി ഈഡനും ഇടുക്കിയിൽ ഡീൻ കുര്യാക്കോസും ചാലക്കുടിയിൽ ബെന്നി ബഹ്നാനും തൃശൂരിൽ കെ മുരളീധരനും ആലത്തൂരിൽ രമ്യ ഹരിദാസും പാലക്കാട് വി കെ ശ്രീകണ്ഠനും കോഴിക്കോട് എം കെ രാഘവനും മത്സരിക്കും.

വടകയിൽ ഷാഫി പറമ്പിലും കാസർഗോഡ് രാജ്‌മോഹൻ ഉണ്ണിത്താനുമാണ് സ്ഥാനാർത്ഥി.

ന്യൂഡൽഹി: കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പത്മജ ബിജെപിയിൽ ചേർന്നതിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവും അടുപ്പമുള്ള വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇതിന് പിന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈകാതെ തന്നെ ഇതുസംബന്ധിച്ച വിവരം പുറത്തു വരും. സിപിഎം നേതാക്കൾക്കായിരുന്നു പത്മജ ബിജെപിയിൽ പോയതിൽ ഏറ്റവും സന്തോഷം. കോൺഗ്രസിനെ ദുർബലമാക്കുക എന്ന ഉദ്ദേശത്തിലാണിത്. എന്നാൽ തെറ്റിപ്പോയി എന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവരോട് പറയാനുള്ളതെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.

വരുന്ന ദിവസങ്ങളിൽ ഇതിന് മറുപടി പറയും. ആരാണ് സംഘപരിവാറിനെതിരെ പോരാടുന്നതെന്നും ആരാണ് സംഘപരിവാറുമായി സന്ധി ചെയ്തതെന്നും കേരളത്തിലെ ജനങ്ങൾക്ക് ബോദ്ധ്യമാകും. ലോക്സഭാ സ്ഥാനാർത്ഥികളുടെ ലിസ്റ്റിൽ മാറ്റമുണ്ടാകാൻ സാദ്ധ്യതയില്ല. 16 മണ്ഡലങ്ങളിലും ഇതിനോടകം തീരുമാനമായവർ മത്സരിക്കും. പ്രഖ്യാപനത്തിന് ചില നടപടി ക്രമം മാത്രമേ അവസാനിക്കുന്നുള്ളു. കോൺഗ്രസ് നേതാക്കൾ ഇലക്ഷൻ പ്രചാരണത്തിന്റെ പേരിൽ പണം വാങ്ങിയെന്ന പത്മജയുടെ ആരോപണം വെറും കെട്ടുകഥ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈദരാബാദ്: വരാനിരിക്കുന്ന ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആന്ധ്രപ്രദേശിൽ ടിഡിപി-ബിജെപി സഖ്യത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ചയായിരുന്നു കൂടിക്കാഴ്ച്ച. അമിത് ഷായുമായി ഇത് രണ്ടാം തവണയാണ് അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുന്നത്.

2018-ലാണ് ടിഡിപി മുന്നണി വിടുന്നത്. അന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്നു നായിഡു. സംസ്ഥാനത്തിന് ലഭിക്കുന്ന സാമ്പത്തിക സഹായത്തെച്ചൊല്ലിയുള്ള തർക്കമായിരുന്നു സഖ്യം പിരിയുന്നതിലേക്ക് നയിച്ചത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

ആന്ധ്രയിലുള്ളത് 25 ലോക്സഭ സീറ്റും 175 നിയമസഭാ സീറ്റുകളുമാണ്. 8-10 പാർലമെന്റ് സീറ്റിൽ മത്സരിക്കാനാണ് ബിജെപി താൽപര്യപ്പെടുന്നത്. എന്നാൽ സഖ്യം സാധ്യമാകുന്ന പക്ഷം 5-6 സീറ്റുകളിൽ മത്സരിക്കാൻ ബിജെപി തയ്യാറാകും. മൂന്ന് സീറ്റുകളിൽ പവൻ കല്യാണിന്റെ ജനസേന പാർട്ടിയാകും മത്സരിക്കുക.

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് വർഷമായി കോൺഗ്രസിനോട് അകന്ന് നിൽക്കുകയായിരുന്നുവെന്ന് പത്മജ വേണുഗോപാൽ. സ്വന്തം മണ്ഡലത്തിൽ പോലും പ്രർത്തിക്കാനാകാത്ത സാഹചര്യം ഉണ്ടാക്കിയെന്നും തൃശൂരിൽ നിന്ന് ഓടിക്കാൻ ചിലർ ശ്രമിച്ചുവെന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കി. പാർട്ടിക്ക് അകത്ത് എല്ലാ ദിവസവുമെന്ന പോലെ അപമാനിതയായെന്നും പത്മജ ചൂണ്ടിക്കാട്ടി.

കോൺഗ്രസിനകത്ത് അതൃപ്തി നേരത്തെ ഉള്ളതാണ്. നരേന്ദ്ര മോദിയുടെ രീതികൾ ഇഷ്ടപ്പെട്ടു. അദ്ദേഹത്തെ കുറിച്ച് കൂടുതൽ പഠിച്ചപ്പോഴാണ് കരുത്തനായ നേതാവെന്ന് മനസിലായത്. ഇത്രയധികം ആളുകൾ വിട്ട് പോയിട്ടും കോൺഗ്രസിന് കൊള്ളുന്നില്ലെന്നും പത്മജ വിമർശിച്ചു.

തനിക്കെതിരെ രൂക്ഷമായ ഭാഷയിൽ സംസാരിച്ചതിന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹൂൽ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കും. രാഹുലിനെ പോലെയുള്ളവരെ നേരത്തെ കോൺഗ്രസിൽ കാണാൻ കഴിയാറില്ലായിരുന്നു. താൻ ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് ആരും കരുതിയില്ല, അളമുട്ടിയാൽ ചേരയും കടിക്കുമെന്നാണല്ലോ താൻ പാമ്പൊന്നുമല്ല വെറും ചേരയാണ്, പക്ഷേ ചേര കടിച്ചാൽ മതിയല്ലോ അത്താഴം മുടങ്ങാൻ. കെ കരുണാകരൻ സ്മാരകം നിർമ്മിക്കാം എന്ന വാക്ക് പോലും കോൺഗ്രസ് നിറവേറ്റിയില്ല, കെപിസിസി പ്രസിഡന്റിന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞു, കെ കരുണാകരനെ അപമാനിക്കുന്നിടത്ത് നിൽക്കാൻ തോന്നിയില്ല, സോണിയാ ഗാന്ധിക്കോ രാഹുൽ ഗാന്ധിക്കോ പരാതി കേൾക്കാൻ സമയമില്ലെന്നും പത്മജ വേണുഗോപാൽ കൂട്ടിച്ചേർത്തു.

അതേസമയം, ബിജെപി അംഗത്വമെടുത്തതിന് ശേഷം പത്മജയ്ക്ക് ബിജെപി ഗംഭീര സ്വീകരണമൊരുക്കി. ബിജെപി സംസ്ഥാന നേതാക്കളായ കെ സുരേന്ദ്രൻ, വി മുരളീധരൻ എന്നിവരടക്കമാണ് സ്വീകരണമൊരുക്കിയത്.