അനിൽ ആന്റണിക്ക് ആരുമായും ബന്ധമില്ല; കേരളത്തിൽ ബിജെപി പ്രവർത്തകരുടെ ഇടയിൽ പോലും പ്രശസ്തനല്ലെന്ന് പി സി ജോർജ്

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി അനിൽ ആന്റണിയെ തെരഞ്ഞെടുത്തതിൽ പ്രതികരണവുമായി മുതിർന്ന നേതാവ് പി സി ജോർജ്. അനിൽ ആന്റണിക്ക് ആരുമായും ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആന്റണിയുടെ മകൻ എന്ന് പറഞ്ഞു മനസ്സിലാക്കണം. ആ ചെറുപ്പക്കാരൻ കോൺഗ്രസിന്റ മീഡിയ പ്രവർത്തനവുമായി ഡൽഹിയിലായിരുന്നു. പിന്നീടാണ് ബിജെപിയിൽ ചേർന്നത്. കേരളത്തിൽ ബിജെപി പ്രവർത്തകരുടെ ഇടയിൽ പോലും പ്രശസ്തനായ ഒരാളല്ലെന്ന് പി സി ജോർജ് അഭിപ്രായപ്പെട്ടു.

പത്തനംതിട്ടയിൽ ബിജെപി നേതൃത്വം ഒരു അന്വേഷണം നടത്തിയപ്പോൾ 95 ശതമാനം ആളുകളും സ്ഥാനാർഥിയായി പി.സി. ജോർജിന്റെ പേരാണ് പറഞ്ഞത്. അല്ലാതെ താൻ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. പത്തനംതിട്ട മണ്ഡലത്തിൽനിന്ന് തന്നെ ഒഴിവാക്കുന്നതിനായി പ്രവർത്തിച്ച തുഷാർ വെള്ളാപ്പള്ളിക്കും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ദൈവം കൊടുക്കും. പത്തനംതിട്ട സീറ്റ് കിട്ടാത്തതിൽ നഷ്ടബോധം ഇല്ല. നിന്നാൽ ജയിക്കുമായിരുന്നെന്ന് നൂറു ശതമാനം ഉറപ്പുണ്ട്. തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിക്കും എന്ന് കേൾക്കുന്നു. ജയിപ്പിക്കാൻ പറ്റുമോ എന്ന് നോക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും നടത്തിയ ഗൂഢാലോചനയിൽ തുഷാർ വെള്ളാപ്പള്ളി പങ്കെടുക്കാൻ പാടില്ലായിരുന്നു. തുഷാർ കോട്ടയത്തു നിന്നാൽ ജയിപ്പിക്കാൻ ശ്രമിക്കും. ബിജെപിയുടെ സ്ഥാനാർഥി ആരായാലും ജയിപ്പിക്കാൻ പരമാവധി ശ്രമിക്കും. ദൈവം സാക്ഷിയായി പറയുകയാണ്. ഞാനൊരിക്കലും ആരോടും സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ബിജെപിയിൽ ചേർന്നത് ജനുവരി 31നാണ്. പാർട്ടിയിൽ ചേർന്ന ഉടനെ സീറ്റ് വേണമെന്ന് പറയുന്നത് മര്യാദയല്ലെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.