ബിജെപി പ്രവേശനം; പത്മജ വേണുഗോപാലിന് മുന്നിലുള്ളത് വലിയ വാഗ്ദാനങ്ങളെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ കുറിച്ചാണ് രാഷ്ട്രീയ ലോകത്തെ ഇപ്പോഴത്തെ ചർച്ചകൾ നടക്കുന്നത്. ഗവർണർ പദവിയടക്കമുള്ള വൻ വാഗ്ദാനങ്ങളാണ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തുന്ന പത്മജ വേണുഗോപാലിനെ കാത്തിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. കേന്ദ്രനേതൃത്വം നേരിട്ട് ഇടപെട്ടാണ് പത്മജ വേണുഗോപാലുമായി ചർച്ച നടത്തിയതെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഈ ചർച്ചകളിലാണ് പത്മജയ്ക്ക് വൻ വാഗ്ദാനങ്ങൾ ലഭിച്ചതെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ മത്സരിക്കാൻ സീറ്റു നൽകുമെന്ന വാഗ്ദാനവും ബിജെപി മുന്നോട്ട് വെച്ചതായാണ് റിപ്പോർട്ട്.

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ഉൾപ്പെടെയുള്ള നേതാക്കളുമായി നിരവധി തവണ കൂടിക്കാഴ്ച്ച നടന്നുവെന്നും ഇതിനായി പത്മജ പലതവണ ഡൽഹിയിൽ എത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ലോക്‌സഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കെയാണ് പത്മജയുടെ ബിജെപി പ്രവേശനം. പത്മജയുടെ എൻട്രി തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

അതേസമയം, ഉപാധികളൊന്നുമില്ലാതെയാണ് താൻ ബിജെപിയിൽ ചേരുന്നതെന്നാണ് പത്മജ വ്യക്തമാക്കുന്നത്. പത്മജ അധികം വൈകാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇതിലായിരിക്കും കാര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വ്യക്തത ഉണ്ടാവുകയെന്നുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്.