സ്വന്തം പാർട്ടിയെ ദുർബലപ്പെടുത്തേണ്ടി വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇന്ത്യ മുന്നണിയുടെ ഭാഗമാകുമായിരുന്നില്ല; ഒമർ അബ്ദുല്ല

ശ്രീനഗർ: ഇന്ത്യ മുന്നണിയിൽ അതൃപ്തി പ്രകടിപ്പിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല. സഖ്യത്തിലെ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കായി സ്വന്തം പാർട്ടിയെ ദുർബലപ്പെടുത്തേണ്ടി വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമാകുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് വന്ന പാർട്ടിക്ക് ഒരു സീറ്റ് പോലും ചോദിക്കാൻ അർഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അനന്ത്നാഗ് സീറ്റ് പിഡിപിക്ക് വേണ്ടി വിട്ടുനൽകാൻ ഒമർ അബ്ദുല്ല തയ്യാറല്ലെന്നാണ് റിപ്പോർട്ട്. മണ്ഡലത്തിൽ സോണിയ ഗാന്ധിയോ, രാഹുൽ ഗാന്ധിയോ മത്സരിക്കുകയാണെങ്കിൽ മാത്രം സീറ്റ് വിട്ടുനൽകാമെന്ന നിലപാടിലാണ് അദ്ദേഹം.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയാണ് ലഡാക്ക്, ഉദ്ധംപുർ, ജമ്മു എന്നിവിടങ്ങളിൽ വിജയിച്ചത്. ബാരാമുള്ള, ശ്രീനഗർ, അനന്ത്നാഗ് എന്നിവിടങ്ങളിൽ നാഷണൽ കോൺഫറൻസും ജയിച്ചു. ആറു സീറ്റുകളിൽ പിഡിപി മത്സരിച്ചിരുന്നുവെങ്കിലും ഒരു സീറ്റിലും വിജയിച്ചില്ല. മൂന്നാം സ്ഥാനത്ത് നിൽക്കുന്ന പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ചോദിക്കാൻ അർഹതയില്ല. പിഡിപിക്കൊപ്പം ഇന്ന് എത്രപേരുണ്ടെന്ന് അദ്ദേഹം ചോദിക്കുന്നു. സഖ്യത്തിലെ മറ്റൊരു പാർട്ടിക്കായി സ്വന്തം പാർട്ടിയെ ദുർബലപ്പെടുത്തണമെന്ന് മുന്നണിയിൽ ചേരുന്നതിനു മുൻപ് പറഞ്ഞിരുന്നെങ്കിൽ വരില്ലായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് ഒമർ അബ്ദുല്ലയുടെ പിതാവും പാർട്ടി അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ല പ്രഖ്യാപിച്ചിരുന്നു. എന്നാൽ മുന്നണിയുമായി അഭിപ്രായവ്യത്യാസമില്ലെന്ന് പ്രഖ്യാപിച്ച് ഒമർ രംഗം ശാന്തമാക്കുകയായിരുന്നു.