ലോക്സഭാ തെരഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ ഡിഎംകെയും കോൺഗ്രസും തമ്മിൽ സീറ്റ് ധാരണ

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയും കോൺഗ്രസും തമ്മിൽ സീറ്റ് ധാരണ. തമിഴ്‌നാട്ടിൽ കോൺഗ്രസിന് 9 സീറ്റും, പുതുച്ചേരിയിൽ ഒരു സീറ്റും നൽകുമെന്ന് ഡിഎംകെ അറിയിച്ചു. 2019 ലെ ഫോർമുലയുടെ ആവർത്തനമാണ് ഇപ്പോഴും നടക്കുക. 2019 ൽ കോൺഗ്രസ് മത്സരിച്ച 10 സീറ്റിൽ 9 എണ്ണത്തിലും വിജയിച്ചിരുന്നു. തമിഴ്നാട്ടിൽ ഉള്ളത് ആകെ 39 ലോക്സഭാ സീറ്റാണ്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ടിഎൻസിസി മേധാവി കെ സെൽവപെരുന്തഗൈ എന്നിവർ തമ്മിൽ കഴിഞ്ഞ ദിവസം ചർച്ച നടന്നിരുന്നു. ഈ ചർച്ചയിലാണ് സീറ്റുവിഭജനം സംബന്ധിച്ച ധാരണയായത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാലും, അജോയ് കുമാറും ചർച്ചയിൽ പങ്കെടുത്തു.

അതേസമയം, കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള ബന്ധം അടിയുറച്ചതാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 40 സീറ്റിലും ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പുറപ്പെടുവിക്കുകയും ചെയ്തു.

ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെയുടെ താര പ്രചാരകനായി താൻ എത്തുമെന്ന് അദ്ദേഹം അറിയിച്ചു. ചെന്നൈയിൽ വച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കമലഹാസൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

താനും തന്റെ പാർട്ടി എംഎൻഎമ്മും ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. എന്നാൽ സഖ്യത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകും. തങ്ങൾ ഒരുമിച്ചത് ഏതെങ്കിലും പദവിക്ക് വേണ്ടിയല്ല രാജ്യത്തിനു വേണ്ടിയാണെന്നും അദ്ദേഹം അറിയിച്ചു. ഡിഎംകെ സഖ്യത്തിൽ മക്കൾ നീതിമയ്യം പാർട്ടി ഔദ്യോഗികമായി ചേരുന്നതിന്റെ ഭാഗമായാണ് സ്റ്റാലിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ബിജെപിയെ നേരിടുക എന്നതാണ് സഖ്യത്തിന്റെ പൊതുലക്ഷ്യം.