പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തുന്നു; റോഡ് ഷോയിൽ പങ്കെടുക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ കേരളാ സന്ദർശനം. മാർച്ച് 15ന് പാലക്കാട് റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും പാലക്കാട് നഗരസഭാ മുൻ ഉപാധ്യക്ഷനുമായ സി.കൃഷ്ണകുമാറാണ് പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി. ഇത് നാലാം തവണയാണ് ഈ വർഷം പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ജനുവരി മാസം തൃശുരിൽ ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടി അദ്ദേഹം കേരളത്തിൽ എത്തിയിരുന്നു.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം പിന്നീട് കേരളത്തിലെത്തിയത്. കൊച്ചിയിലെ റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഫെബ്രുവരി മാസം അവസാനവും അദ്ദേഹം കേരളം സന്ദർശിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്. വിഎസ്എസ്സിയിലെ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിച്ചിരുന്നു.