നരേന്ദ്ര മോദിയുടെ രീതികൾ ഇഷ്ടപ്പെട്ടു; കൂടുതൽ പഠിച്ചപ്പോഴാണ് കരുത്തനായ നേതാവെന്ന് മനസിലായതെന്ന് പത്മജ വേണുഗോപാൽ

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് വർഷമായി കോൺഗ്രസിനോട് അകന്ന് നിൽക്കുകയായിരുന്നുവെന്ന് പത്മജ വേണുഗോപാൽ. സ്വന്തം മണ്ഡലത്തിൽ പോലും പ്രർത്തിക്കാനാകാത്ത സാഹചര്യം ഉണ്ടാക്കിയെന്നും തൃശൂരിൽ നിന്ന് ഓടിക്കാൻ ചിലർ ശ്രമിച്ചുവെന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കി. പാർട്ടിക്ക് അകത്ത് എല്ലാ ദിവസവുമെന്ന പോലെ അപമാനിതയായെന്നും പത്മജ ചൂണ്ടിക്കാട്ടി.

കോൺഗ്രസിനകത്ത് അതൃപ്തി നേരത്തെ ഉള്ളതാണ്. നരേന്ദ്ര മോദിയുടെ രീതികൾ ഇഷ്ടപ്പെട്ടു. അദ്ദേഹത്തെ കുറിച്ച് കൂടുതൽ പഠിച്ചപ്പോഴാണ് കരുത്തനായ നേതാവെന്ന് മനസിലായത്. ഇത്രയധികം ആളുകൾ വിട്ട് പോയിട്ടും കോൺഗ്രസിന് കൊള്ളുന്നില്ലെന്നും പത്മജ വിമർശിച്ചു.

തനിക്കെതിരെ രൂക്ഷമായ ഭാഷയിൽ സംസാരിച്ചതിന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹൂൽ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കും. രാഹുലിനെ പോലെയുള്ളവരെ നേരത്തെ കോൺഗ്രസിൽ കാണാൻ കഴിയാറില്ലായിരുന്നു. താൻ ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് ആരും കരുതിയില്ല, അളമുട്ടിയാൽ ചേരയും കടിക്കുമെന്നാണല്ലോ താൻ പാമ്പൊന്നുമല്ല വെറും ചേരയാണ്, പക്ഷേ ചേര കടിച്ചാൽ മതിയല്ലോ അത്താഴം മുടങ്ങാൻ. കെ കരുണാകരൻ സ്മാരകം നിർമ്മിക്കാം എന്ന വാക്ക് പോലും കോൺഗ്രസ് നിറവേറ്റിയില്ല, കെപിസിസി പ്രസിഡന്റിന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞു, കെ കരുണാകരനെ അപമാനിക്കുന്നിടത്ത് നിൽക്കാൻ തോന്നിയില്ല, സോണിയാ ഗാന്ധിക്കോ രാഹുൽ ഗാന്ധിക്കോ പരാതി കേൾക്കാൻ സമയമില്ലെന്നും പത്മജ വേണുഗോപാൽ കൂട്ടിച്ചേർത്തു.

അതേസമയം, ബിജെപി അംഗത്വമെടുത്തതിന് ശേഷം പത്മജയ്ക്ക് ബിജെപി ഗംഭീര സ്വീകരണമൊരുക്കി. ബിജെപി സംസ്ഥാന നേതാക്കളായ കെ സുരേന്ദ്രൻ, വി മുരളീധരൻ എന്നിവരടക്കമാണ് സ്വീകരണമൊരുക്കിയത്.