Politics (Page 41)

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നിയമത്തെ ശക്തമായി എതിർക്കുന്നുവെന്ന് വ്യക്തമാക്കി സിപിഎം പോളിറ്റ് ബ്യൂറോ. സിഎഎ പൗരത്വത്തെ മതപരമാക്കുന്നതാണെന്ന് സിപിഎം അറിയിച്ചു.

അയൽ രാജ്യങ്ങളിലെ മുസ്ലിം വിഭാഗത്തോട് വിവേചനപരമായാണ് ചട്ടങ്ങൾ ഉണ്ടാക്കിയത്. പൗരത്വ ഭേദഗതി നിയമം എൻആർസിയുമായി ബന്ധപ്പെട്ടതാണ്. പൗരത്വ നടപടികളിൽ നിന്ന് സംസ്ഥാന സർക്കാരുകൾ ഒഴിവാക്കപ്പെട്ടുവെന്നും സിപിഎം വ്യക്തമാക്കി. വാർത്താക്കുറിപ്പിലൂടെയാണ് സിപിഎം പോളിറ്റ് ബ്യൂറോ ഇക്കാര്യം അറിയിച്ചത്.

അതേസമയം, പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ശ്രമിക്കുന്നതിലൂടെ രാഷ്ട്രീയ ലക്ഷ്യം നേടാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ആ നിയമം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല. വർഗീയ ധ്രുവീകരണത്തിലുടെ കോർപ്പറേറ്റ് താൽപര്യം സംരക്ഷിക്കാനാണ് ശ്രമം. രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കാനുള്ള നീക്കമാണിത്. ബിജെപിക്ക് എതിരെ ശക്തമായ നിലപാടെടുക്കാൻ കോൺഗ്രസിനാകുന്നില്ല. ആലപ്പുഴയിൽ കെ സി വേണുഗോപാൽ മത്സരിക്കുന്നത് ബിജെപിക്ക് അനുകൂലമാണ്.കേന്ദ്രത്തിനെതിരെ കേരളം നൽകിയ വായ്പാ പരിധി കേസിൽ നിർണായക നിലപാടാണ് സുപ്രീംകോടതിയിൽനിന്നും ഉണ്ടായത്. കോടതിയുടെ മൂന്ന് നിരീക്ഷണങ്ങളും സർക്കാരിന് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നൈ: പൗരത്വ ഭേദഗതി നിയമം വിജ്ഞാപനം ചെയ്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ വിമർശനവുമായി തമിഴ് നടനും തമിഴക വെട്രി കഴകം പാർട്ടി പ്രസിഡന്റുമായ വിജയ്. പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകർക്കുമെന്ന് വിജയ് പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ഐക്യത്തെ തകർക്കുന്ന പൗരത്വ ഭേദഗതി നിയമം പോലെയുള്ള ഒരു നിയമങ്ങളും നടപ്പാക്കരുത് എന്ന് വിജയ് ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷ പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും രംഗത്തെത്തി. ബിജെപിക്ക് തിരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്ന് സ്റ്റാലിൻ പറഞ്ഞു. ഇത്രയും കാലം സിഎഎ ഫ്രീസറിൽ വച്ചതായിരുന്നു. തെരഞ്ഞെടുപ്പ് ലാഭം മാത്രം മുന്നിൽ വച്ചാണ് ഇപ്പോൾ ഇത് പുറത്തെടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുങ്ങുന്ന കപ്പലിനെ താങ്ങി നിർത്താൻ ഉള്ള ശ്രമമായേ ഇതിനെ കണക്കാക്കാൻ കഴിയൂ. മതവികാരം ഉണർത്തി തെരഞ്ഞെടുപ്പിൽ ലാഭം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആട്ടിയോടിക്കപ്പെട്ടവർക്ക് പൗരത്വം കൊടുക്കില്ലെന്ന് പറയാൻ കേരളം പിണറായി വിജയന് സ്ത്രീധനമായി കിട്ടിയതല്ലെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് എൽഡിഎഫും യുഡിഎഫും ചെയ്യുന്നതെന്ന് അദ്ദേഹം വിമർശിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേരളത്തിലെ മുസ്ലിം സമുദായത്തെ കബളിപ്പിക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ പൗരൻമാർക്ക് വേണ്ടിയല്ല. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ മതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേണ്ടിയാണ് ആ നിയമം നിർമിച്ചത്. അതു നമ്മുടെ രാജ്യത്തിന്റെ ബാധ്യതയാണ്. ആരുടെയും പൗരത്വം എടുത്തുകളയാൻ വേണ്ടിയല്ല ഈ നിയമമെന്ന് മനസ്സിലാക്കിയിട്ടും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പൗരത്വം കൊടുക്കില്ലെന്ന് പറയാൻ പിണറായി വിജയനെ ആരെങ്കിലും പൗരത്വത്തിന് വേണ്ടി സമീപിച്ചിട്ടുണ്ടോയെന്ന് സുരേന്ദ്രൻ ചോദിക്കുന്നു.

പൗരത്വത്തിന്റെ കാര്യമെല്ലാം ജില്ലാ കലക്ടർമാർ ചെയ്തുകൊള്ളും. അത് ആലോചിച്ച് മുഖ്യമന്ത്രി വിഷമിക്കണ്ട. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്താണ് കാര്യം. കേരളം പിണറായി വിജയന് സ്ത്രീധനമായി കിട്ടിയതല്ല. സിഎഎ നമ്മുടെ നാട്ടിൽ നിയമമായി കഴിഞ്ഞു. ഇനി ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. കൊല്ലത്ത് ഡിറ്റൻഷൻ സെന്റർ തുടങ്ങിയ ആളാണ് കേരള മുഖ്യമന്ത്രി. ഇന്ത്യയിൽ ആദ്യമായി അനധികൃത കടന്നുകയറ്റക്കാരെ പാർപ്പിക്കാൻ ക്യാംപ് തുടങ്ങിയത് കേരളത്തിലാണ്. ആദ്യം സിഎഎ നടപ്പാക്കുന്ന സംസ്ഥാനവും കേരളമായിരിക്കും. മോദി സർക്കാരിന്റെ ഗ്യാരന്റിയാണ് സിഎഎ. വാഗ്ദാനങ്ങൾ പാലിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. സിഎഎക്കെതിരെ കേരളത്തിൽ സമരം ചെയ്യാൻ യുഡിഎഫിനും എൽഡിഎഫിനും ധൈര്യമുണ്ടോ. പാകിസ്ഥാനിലോ ബംഗ്ലാദേശിലോ മതത്തിന്റെ പേരിൽ മുസ്ലിംകൾ പീഡിപ്പിക്കപ്പെടുന്നില്ല എന്നിരിക്കെ എന്തിനാണ് മുസ്ലിംങ്ങളെയും സിഎഎയിൽ ഉൾപ്പെടുത്തണമെന്ന് പറയുന്നത്. ഇന്ത്യ’ മുന്നണി വന്നാൽ സിഎഎ അറബിക്കടലിൽ എറിയുമെന്നാണ് കെ സുധാകരൻ പറയുന്നത്. എന്നാൽ രാഹുൽ ഗാന്ധിയൊ മറ്റു പിസിസി അധ്യക്ഷൻമാരോ എന്താണ് ഇങ്ങനെ പറയാത്തതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

ചെന്നൈ: തമിഴ്‌നടൻ ശരത് കുമാറിന്റെ പാർട്ടി സമത്വ മക്കൾ കക്ഷി എൻഡിഎയിൽ ലയിച്ചു. സമത്വ മക്കൽ കക്ഷി ബിജെപിയോടൊപ്പമാണെന്ന വാർത്ത നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇന്ന് നടന്നത് ഔദ്യോഗിക ലയനമാണ്. രാജ്യതാൽപര്യം കണക്കിലെടുത്താണ് ലയനം സംബന്ധിച്ച തീരുമാനമെടുത്തതെന്ന് ശരത് കുമാർ വ്യക്തമാക്കി. ഇങ്ങനെയൊരു രാഷ്ട്രീയ നിലപാട് എടുക്കുന്നതിലേക്ക് നയിച്ചത് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യമാണെന്ന് നേരത്തെ ശരത് കുമാർ പ്രതികരിച്ചിരുന്നു.

തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും ശരത് കുമാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം, തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ കമൽ ഹാസനും വിജയും രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സജീവമാണ്.

ഇത്തവണ കമൽ ഹാസൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. ഡിഎംകെയ്ക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന നിലപാടിലാണ് കമൽ ഹാസൻ.

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മത്സരിക്കില്ലെന്ന് റിപ്പോർട്ട്. കർണാടക കോൺഗ്രസിന്റെ ആവശ്യം ഖാർഗെ നിരസിച്ചു. സ്വന്തം പ്രചാരണ പ്രവർത്തനങ്ങളിൽ ഒതുങ്ങാതെ രാജ്യത്താകെ കോൺഗ്രസിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് ഈ ഘട്ടത്തിൽ മുൻഗണന നൽകേണ്ടതെന്ന നിലപാടിലാണ് ഖാർഗെ. സാധാരണയായി പൊതുതിരഞ്ഞെടുപ്പിൽ നിന്നു പാർട്ടി അധ്യക്ഷന്മാർ മാറിനിൽക്കുന്ന പതിവ് കോൺഗ്രസിനുള്ളിൽ ഇല്ല. സോണിയ ഗാന്ധിയും രാഹുലും അദ്ധ്യക്ഷ സഥാനത്തിരിക്കുമ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.

ഖർഗെയുടെ പേര് മാത്രമാണ് കർണാടകയിലെ ഗുൽബർഗ മണ്ഡലത്തിൽ കോൺഗ്രസ് നിർദേശിച്ചിരുന്നത്. എന്നാൽ മണ്ഡലത്തിൽ മത്സരിക്കാൻ മരുമകനായ രാധാകൃഷ്ണൻ ദൊഡ്ഡമണിയെ ഖാർഗെ നിർദ്ദേശിക്കുമെന്നാണ് വിവരം. ഗുൽബർഗയിൽ രണ്ടു തവണ ഖാർഗെ മത്സരിച്ച് വിജയിച്ചിട്ടുണ്ട്. എന്നാൽ, 2019 ൽ അദ്ദേഹം മണ്ഡലത്തിൽ പരാജയപ്പെട്ടിരുന്നു.

നിലവിൽ രാജ്യസഭാംഗമാണ് മല്ലികാർജുൻ ഖാർഗെ. നാല് വർഷത്തെ കാലാവധി കൂടി അദ്ദേഹത്തിന് അവശേഷിക്കുന്നുണ്ട്. അതേസമയം, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, അസം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് പ്രഖ്യാപിച്ചേക്കും. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതി സ്ഥാനാർഥി നിർണയ ചർച്ച നടത്തിയിരുന്നു.

തൃശൂർ: തന്നെ സിപിഎം പാർട്ടി അംഗമാകാൻ ക്ഷണിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി പത്മജ വേണുഗോപാൽ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു കാലത്തു എൽഡിഎഫിലെ ഉന്നതനിൽ നിന്നു പാർട്ടി മാറാൻ ക്ഷണമുണ്ടായിരുന്നുവെന്ന് പത്മജ പറഞ്ഞു. അതു കോടിയേരിയല്ല, ഉന്നത നേതാക്കളാണെന്നും പേരു വെളിപ്പെടുത്തില്ലെന്നും പത്മജ വ്യക്തമാക്കി.

തന്റെ സഹോദരൻ കെ മുരളീധരൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ സുഖമായി ജയിക്കുമായിരുന്നു. എന്തിനാണു തൃശൂരിൽ കൊണ്ടു നിർത്തിയതെന്നു മനസ്സിലാകുന്നില്ലെന്നും പത്മജ പ്രതികരിച്ചു. മുരളീധരന്റെ കാലു വാരാൻ തൃശൂരിൽ ഒരുപാടു പേരുണ്ടെന്നും ബിജെപി സ്ഥാനാർഥിയായ സുരേഷ് ഗോപി ജയിക്കുമെന്നാണു തോന്നുന്നത്. തന്നെ തോൽപിക്കാൻ ശ്രമിച്ച രണ്ടു പേർ കഴിഞ്ഞ ദിവസം മുരളിയേട്ടന്റെ കൂടെ പ്രചാരണ ജീപ്പിന്റെ അപ്പുറവും ഇപ്പുറവും നിൽക്കുന്നതു കണ്ടു. രണ്ടാം തവണ തൃശൂരിൽ തോൽപ്പിച്ചപ്പോൾ മുതൽ പാർട്ടി വിട്ടുപോകാൻ തീരുമാനിച്ചിരുന്നു. തോൽപിക്കാൻ പ്രവർത്തിച്ച മറ്റാളുകളും ഉണ്ട്. പേരുകൾ ഘട്ടം ഘട്ടമായി വെളിപ്പെടുത്തുമെന്ന് പത്മജ പറഞ്ഞു.

തന്നെ പിന്നിൽ നിന്നു കുത്തിയത് തന്റെ കൂടെ ഊണു കഴിച്ചവർ തന്നെയാണ്. ചന്ദനക്കുറി തൊട്ടപ്പോൾ താൻ വർഗീയ വാദിയാണെന്ന് അവർ പറഞ്ഞു. അച്ഛനങ്ങനെ ചെയ്തിരുന്നില്ലല്ലോ എന്നായിരുന്നു ചോദ്യം. അതുകൊണ്ടു തന്നെ ഞാൻ ചന്ദനക്കുറി തൊടുന്നതു നിർത്തി. അച്ഛൻ കുറച്ചുകാലം കൂടിയുണ്ടായിരുന്നെങ്കിൽ പാർട്ടി വിട്ടു പോകുമായിരുന്നുവെന്നും പത്മജ കൂട്ടിച്ചേർത്തു.

കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്. 42 സ്ഥാനാർത്ഥികളെയാണ് പശ്ചിമബംഗാളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യാ സഖ്യത്തെ തകർത്തുകൊണ്ടാണ് മമതയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം.

പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ എംപിയായിരുന്ന മഹുവാ മൊയ്ത്ര തുടങ്ങിയവർ സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ട്. അഭിഷേക് ബാനർജി ഡയമണ്ട് ഹാർബറിൽ നിന്നാണ് മത്സരിക്കുക. മുൻ ക്രിക്കറ്റ് താരം യൂസഫ് പത്താനും സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ബഹറം പൂരിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. മുൻ ക്രിക്കറ്റ് താരം കീർത്തിയാസാദ് ദുർഗാപൂരിലും സിനിമാതാരം ശത്രുഘ്നൻ സിൻഹ അസൻസോളിലും മത്സരിക്കും.

ജാഥ പൂരിൽ സയോനി ഘോഷാണ് സ്ഥാനാർത്ഥി. ശ്രീരാം പുരിയിൽ കല്യാൺ ബാനർ മത്സരിക്കും. ഡാർക്ക് ലിങ്കിൽ ഗോപായും മുർഷിദാബാദിൽ അബു താഹിർ ഖാനും ജനവിധി തേടും. അതേസമയം ബംഗാളിനും പുറമേ അസമിലും തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും എന്നാണ് മമതാ ബാനർജി പ്രഖ്യാപിച്ചത്. ഇതിനിടെ ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കത്തിൽ അതിർത്തി രേഖപ്പെടുത്തി കോൺഗ്രസ് രംഗത്തെത്തിയിരുന്നു.

കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ പ്രശംസിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഷാഫി പറമ്പിൽ യുഡിഎഫിന്റെ ട്രബിൾ ഷൂട്ടറാണെന്ന് അദ്ദേഹം പറഞ്ഞു. ഷാഫിയുടെ കഴിഞ്ഞ നിയോഗം പാലക്കാട്ടായിരുന്നു, ഇപ്പോൾ വടകരയിലാണ്. പാലക്കാട് ബിജെപിയെ തടുത്തത് ഷാഫിയാണെന്നും വടകരയിൽ ഷാഫിക്ക് ജയം ഉറപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഷാഫിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരാമർശം.

ബിജെപിയെ തടയാൻ വേണ്ടിയാണ് കെ മുരളീധരൻ തൃശൂരിലേക്ക് പോയത്. പുലിയെ അതിന്റെ മടയിൽ പോയി പിടിക്കണം. അതാണ് മുരളീധരൻ ചെയ്യുന്നത്. യുഡിഎഫ് അല്ലാതെ ബിജെപിയെ തടയാൻ ആരുമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

കോട്ടയം: കോൺഗ്രസിനെയും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്നത്തെ കോൺഗ്രസിൽ നിൽക്കുന്ന ഏതൊരാളും ബിജെപിയിൽ ചേരുമെന്നും കോൺഗ്രസ് എംപിമാർ ഏതു നിമിഷവും ബിജെപിയിൽ ചേരാമെന്നും ബിനോയ് വിശ്വം വിമർശിച്ചു. ഗാന്ധിയെ കൈവിട്ടാണ് കോൺഗ്രസ് ബിജെപിക്കൊപ്പം പോവുന്നത്. ഗാന്ധി – നെഹ്‌റുവിയൻ ആശയങ്ങൾ അവർ കൈവിട്ടു. കോൺഗ്രസ് നേതാക്കളിൽ പലരും ബിജെപി പാളയത്തിൽ ചേക്കേറി. ഇതേക്കുറിച്ച് ആത്മപരിശോധന നടത്താൻ കോൺഗ്രസ് തയ്യാറല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതാണ് തങ്ങളുടെ ഗ്യാരണ്ടി, ലെഫ്റ്റ് ഗ്യാരണ്ടി. തങ്ങളുടെ മുൻ എംഎൽഎ, മുൻമന്ത്രി, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒക്കെ ബിജെപിയിലേക്ക് പോയിട്ടുണ്ട്. അത് സമ്മതിക്കുന്നു. പക്ഷേ അതുപോലെയാണോ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക്. മറ്റ് സംസ്ഥാനങ്ങളിൽ തങ്ങളുടെ പിന്തുണയിൽ ജയിക്കുന്ന കോൺഗ്രസ് എം പിമാർ ബിജെപിയിലേക്ക് പോകാതിരിക്കാൻ തങ്ങൾ അണകെട്ടുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

എത്ര പണം തരാമെന്ന് പറഞ്ഞാലും ഒരൊറ്റ എൽഡിഎഫ് എംപിമാർ പോലും ബിജെപിയിലേക്ക് പോകില്ല. ഇലക്ഷൻ കമ്മീഷനെ ബിജെപി കളിപ്പാവയാക്കി. സുപ്രീം കോടതി നിബന്ധനകൾ തള്ളി കളഞ്ഞിരിക്കുകയാണ്. നിലവിലെ ഒഴിവുകളിൽ ബിജെപി അനുകൂലികളെ നിയമിക്കാൻ നീക്കം നടക്കുന്നുണ്ട്. സ്വതന്ത്രവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ: സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മാസപ്പടിയായും വാർഷികപ്പടിയായും കിട്ടുന്ന നോട്ടുകെട്ടുകൾ നിറച്ച കിടക്കയിലുറങ്ങുന്ന പിണറായി വിജയനെന്ന നാണംകെട്ടവനെ ചുമക്കുന്ന സിപിഎം എന്ന പാർട്ടി അധഃപതനത്തിന്റെ നെല്ലിപ്പലകയിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവന്റെ ക്ഷേമപെൻഷനിൽനിന്ന് കയ്യിട്ടുവാരി പോസ്റ്ററടിക്കുന്ന പിണറായി വിജയനെയോർത്ത് തലകുനിക്കാത്ത ഒരു മലയാളിപോലും ഇന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.

കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം കഴിഞ്ഞതോടെ വിറളിപിടിച്ചതുകൊണ്ടാണ് കോൺഗ്രസിനെ അപമാനിച്ചു കൊണ്ട് പിണറായി പ്രസംഗിച്ചത്. എന്നാൽ ഇത്രയും ഗംഭീരമായ ഒരു സ്ഥാനാർത്ഥി നിർണയം സമീപകാലത്തൊന്നും യുഡിഎഫിൽ ഉണ്ടായിട്ടില്ല. തൃശൂരിൽ ഇടതുപക്ഷ- ബിജെപി സഖ്യത്തെ കെ. മുരളീധരൻ ഒറ്റദിവസംകൊണ്ടാണ് പൊളിച്ചടുക്കിയത്. തന്റെ യോഗത്തിന് ആളില്ലെന്നു പറഞ്ഞ് സുരേഷ് ഗോപി തിരുവനന്തപുരത്തേക്കുള്ള വണ്ടികയറാൻ നിൽക്കുകയാണ്. ആലപ്പുഴയിൽ സിപിഎമ്മിന്റെ ഏക കനലിനെ കെ സി വേണുഗോപാൽ ഊതിക്കെടുത്തിക്കഴിഞ്ഞു. വടകരയിൽ കോൺഗ്രസിന്റെ യുവതുർക്കി ഷാഫി പറമ്പിൽ സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. 20 മണ്ഡലങ്ങളിലും ഇതാണ് സ്ഥിതി. ടി പി ചന്ദ്രശേഖരനെയും ഷുഹൈബിനെയും കൃപേഷിനെയും ശരത്ലാലിനെയും ഏറ്റവുമൊടുവിൽ സിദ്ധാർത്ഥനെയും കൊലയ്ക്കുകൊടുത്ത അഭിനവ ഹിറ്റ്ലറാണ് പിണറായി. എകെജിയും പി കൃഷ്ണപിള്ളയും ഇഎംഎസും പകർന്നു തന്ന കമ്യൂണിസ്റ്റ് മൂല്യങ്ങളെല്ലാം പിണറായി ആറടി മണ്ണിൽ കുഴിച്ചുമൂടിയെന്നും അദ്ദേഹം വിമർശിച്ചു.

തലകുത്തി നിന്നാൽ പോലും ബിജെപി കേരളത്തിൽ ഒരു സീറ്റിലും വിജയിക്കില്ലെന്ന് കോൺഗ്രസ് ഉറപ്പാക്കിയിട്ടുണ്ട്. അങ്ങനെയൊരു നിലപാടെടുക്കാൻ സി.പി.എമ്മിനു സാധിക്കുമോ. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പു മുതൽ പ്രവർത്തിച്ചുവരുന്ന സിപിഎം.-ബിജെപി. കൂട്ടുകെട്ട് 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ കൂടുതൽ സുദൃഢമായിട്ടുണ്ട്. സംഘപരിവാർ ശക്തികൾക്കെതിരേ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന പോരാട്ടങ്ങൾക്കുനേരേ കണ്ണടയ്ക്കുന്ന പിണറായി വിജയൻ, ആർഎസ്എസിനെ ചെറുക്കുന്നത് അവർ മാത്രമാണെന്ന് അവകാശപ്പെടുന്നതും കോൺഗ്രസിന്റെ പോരാട്ടവും തമ്മിൽ ആനയും ആടും പോലെയുള്ള വ്യത്യാസമുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

ബിജെപിയിലേക്ക് ആരെങ്കിലും പോയാൽ സുരേന്ദ്രനേക്കാൾ ആർത്തുല്ലസിക്കുന്ന സംഘപരിവാർ മനസ്സാണ് പിണറായി വിജയന്റേത്. ബിജെപിയെ കേരളത്തിൽ മുഖ്യപ്രതിപക്ഷമായി ഉയർത്തിക്കൊണ്ടുവരാനുള്ള അച്ചാരം വാങ്ങിയ സിപിഎം നേതാവും പിണറായി വിജയനാണ്. കോൺഗ്രസിനെ നശിപ്പിക്കണമെന്നും തകർക്കണമെന്നുമാണ് സിപിഎമ്മും ബിജെപിയും ആഗ്രഹിക്കുന്നത്. ഇതിന് മോദിയുടെയും അമിത്ഷായുടെയും അനുചരന്മാരായ ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഇടനിലക്കാരായി നിയോഗിച്ചിരിക്കുകയാണ്. കോൺഗ്രസിൽ നിന്ന് അടർത്തിയെടുത്ത ചില നേതാക്കളെയും ഇതിനായി വിനിയോഗിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.