ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ അടയ്ക്കാൻ വൈകിയതിന്റെ പേരിൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് സ്റ്റേ ചെയ്യണമെന്ന പാർട്ടിയുടെ ആവശ്യം തള്ളി ആദായനികുതി ട്രിബ്യൂണൽ. ഹൈക്കോടതിയിൽ പോകാനായി പത്തു ദിവസത്തേക്ക് കോൺഗ്രസ് സ്റ്റേ ആവശ്യപ്പെട്ടെങ്കിലും ആദായനികുതി ട്രിബ്യൂണൽ ഇത് തള്ളുകയായിരുന്നു. സാങ്കേതിക വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഫെബ്രുവരി 16-നാണ് കോൺഗ്രസ് ആദായനികുതിവകുപ്പ് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 115 കോടി രൂപ മരവിപ്പിച്ചെന്ന വിവരം പുറത്തുവിടുന്നത്. 2018-19 സാമ്പത്തിക വർഷത്തിലെ കുടിശ്ശികയും പിഴയുമടക്കം 210 കോടി രൂപ നികുതിയടക്കാനുണ്ടെന്ന കാരണം പറഞ്ഞായിരുന്നു പണം മരവിപ്പിച്ചത്. തുടർന്ന് കോൺഗ്രസ് ഇൻകംടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ച് പരാതി നൽകി. അക്കൗണ്ട് മരവിപ്പിച്ചാൽ ബില്ലുകൾ മാറാൻ സാധിക്കില്ലെന്നും ശമ്പളം നൽകാൻ കഴിയില്ലെന്നുമായിരുന്നു കോൺഗ്രസ് അറിയിച്ചത്.
വാദം കേൾക്കാനിരിക്കെ ആദായനികുതി വകുപ്പ് കോൺഗ്രസിന്റെ മൂന്ന് അക്കൗണ്ടുകളിൽ നിന്ന് 65 കോടി രൂപ പിൻവലിച്ചുവെന്ന് കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ ആരോപിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികൾ വരുമാന നികുതി അടയ്ക്കുന്നത് സാധാരണമാണോ. ബിജെപി വരുമാന നികുതി അടയ്ക്കുന്നുണ്ടോ, ഇല്ല, പിന്നെ എന്തുകൊണ്ടാണ് 210 കോടി രൂപ കോൺഗ്രസിനോട് നികുതി അടയ്ക്കാൻ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

