ലോക്സഭ തെരഞ്ഞെടുപ്പ്; ആന്ധ്രപ്രദേശിൽ ടിഡിപി-ബിജെപി സഖ്യത്തിന് സാധ്യത

ഹൈദരാബാദ്: വരാനിരിക്കുന്ന ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആന്ധ്രപ്രദേശിൽ ടിഡിപി-ബിജെപി സഖ്യത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ചയായിരുന്നു കൂടിക്കാഴ്ച്ച. അമിത് ഷായുമായി ഇത് രണ്ടാം തവണയാണ് അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുന്നത്.

2018-ലാണ് ടിഡിപി മുന്നണി വിടുന്നത്. അന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്നു നായിഡു. സംസ്ഥാനത്തിന് ലഭിക്കുന്ന സാമ്പത്തിക സഹായത്തെച്ചൊല്ലിയുള്ള തർക്കമായിരുന്നു സഖ്യം പിരിയുന്നതിലേക്ക് നയിച്ചത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

ആന്ധ്രയിലുള്ളത് 25 ലോക്സഭ സീറ്റും 175 നിയമസഭാ സീറ്റുകളുമാണ്. 8-10 പാർലമെന്റ് സീറ്റിൽ മത്സരിക്കാനാണ് ബിജെപി താൽപര്യപ്പെടുന്നത്. എന്നാൽ സഖ്യം സാധ്യമാകുന്ന പക്ഷം 5-6 സീറ്റുകളിൽ മത്സരിക്കാൻ ബിജെപി തയ്യാറാകും. മൂന്ന് സീറ്റുകളിൽ പവൻ കല്യാണിന്റെ ജനസേന പാർട്ടിയാകും മത്സരിക്കുക.