Politics (Page 38)

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. അസം, ആൻഡമൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മിസോറാം, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിൽ നിന്നായി 46 സ്ഥാനാർഥികളെയാണ് നാലാംഘട്ട പട്ടികയിൽ കോൺഗ്രസ് പ്രഖ്യാപിച്ചത്. സിക്കം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 18 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.

തമിഴ്‌നാട്ടിലെ ശിവഗംഗയിൽ നിന്നും കാർത്തി ചിദംബരം മത്സരിക്കും. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉത്തർപ്രദേശ് പിസിസി അധ്യക്ഷൻ അജയ് റായ് കോൺഗ്രസ് സ്ഥാനാർഥിയാകും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വാരണാസിയിൽ മോദിക്കെതിരെ അജയ് റായ് ആയിരുന്നു കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചത്.

ബിഎസ്പി വിട്ട് കോൺഗ്രസിലേക്കെത്തിയ ഡാനിഷ് അലി ഉത്തർപ്രദേശിലെ അംറോഹയിൽ മത്സരിക്കും. പ്രാദേശിക ഘടകത്തിന്റെ എതിർപ്പ് തള്ളിയാണ് ഡാനിഷ് അലിയെ കോൺഗ്രസ് സ്ഥാനാർഥിയാക്കുന്നത്. മധ്യപ്രദേശിലെ രാജ്ഗഡിൽ നിന്നും ദിഗ് വിജയ് സിങും മത്സരിക്കും.

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വനംകൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകൾ. വീരപ്പൻ-മുത്തു ലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളും വിദ്യാ റാണിയാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. വിദ്യാറാണി അഭിഭാഷകയാണ്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നിന്നും നാം തമിഴർ കക്ഷിയുടെ സ്ഥാനാർത്ഥിയായിട്ടാണ് വിദ്യാറാണി മത്സരിക്കുന്നത്.

ബിജെപിയിലായിരുന്ന വിദ്യാ റാണി അടുത്തിടെയാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. ആദിവാസി വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തക കൂടിയാണിവർ. 2020 ഫെബ്രുവരിയിലാണ് ഇവർ ബിജെപിയിൽ ചേർന്നത്. അച്ഛന്റെ ആഗ്രഹം ജനങ്ങളെ സേവിക്കുക എന്നതാണ്, എന്നാൽ അതിന് അദ്ദേഹം തിരഞ്ഞെടുത്ത വഴി തെറ്റായിരുന്നു. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി സേവനം നടത്താനാണ് ബിജെപിയിൽ ചേർന്നതെന്ന് അന്ന് വിദ്യാറാണി പറഞ്ഞിരുന്നു. പിന്നീട് വിദ്യാറാണി ബിജെപിയിൽ നിന്നും രാജിവെച്ചു.

നാം തമിഴർ കക്ഷിയിൽ ഇവർ അംഗത്വം സ്വീകരിക്കുകയും ചെയ്തു. 1990-2000 കാലഘട്ടത്തിൽ തമിഴ്‌നാട്, കേരളം, കർണ്ണാടക വനമേഖലയെ ഭരിച്ചിരുന്ന കാട്ടുകള്ളനായിരുന്നു വീരപ്പൻ. 2004ൽ പ്രത്യേക ഓപ്പറേഷനിലൂടെ വീരപ്പനെ തമിഴ്‌നാട് പോലീസ് കൊലപ്പെടുത്തി.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് അരവിന്ദ് കെജ്രിവാളിന്റെ അവസ്ഥ വരുമെന്ന് മുന്നറിയിപ്പ് നൽകി പി സി ജോർജ്. കെജ്രിവാൾ അകത്ത് പോയപ്പോൾ ഏറ്റവും വലിയ നെഞ്ചിടിപ്പ് പിണറായിക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. കളവും പിടിച്ചുപറിയും നടത്തുമ്പോൾ ഓർക്കണമായിരുന്നു. ഏഴ് തവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്നാൽ അറസ്റ്റ് ചെയ്യുകയല്ലാതെ ഉമ്മ വയ്ക്കണമോയെന്നും പി സി ജോർജ് ചോദിക്കുന്നു. മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കെജ്രിവാളിന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് സുപ്രീം കോടതി ഇടപെടാതിരുന്നത്. തെറ്റ് ചെയ്തതിനാണ് അറസ്റ്റ്. എന്തിന് മദ്യനയം തിരുത്തിയെന്ന് കെജ്രിവാൾ മറുപടി പറയണം. 2029ൽ കേരളത്തിൽ ബിജെപി മുഖ്യമന്ത്രി ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്ന നല്ല കാര്യങ്ങൾ ജനങ്ങളിലെത്തിക്കാൻ മാദ്ധ്യമങ്ങൾ തയ്യാറാകുന്നില്ലെന്നും പി സി ജോർജ് ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ വെള്ളിയാഴ്ചയാണെന്ന് പറഞ്ഞ് എല്ലാവരും ഇറങ്ങി. അതിന് എൽഡിഎഫും യുഡിഎഫും പിന്തുണ നൽകി. പന്ത്രണ്ടര വരെയല്ലേ ജുമാ ഉള്ളൂ. ക്രിസ്ത്യാനികളുടെ പ്രമാണങ്ങളിലുള്ള ദിനമാണ് ഞായറാഴ്ച. അന്ന് തിരഞ്ഞെടുപ്പ് നടക്കാറുണ്ട്. അതിനെ ആരും എതിർക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ: പിണറായി സർക്കാരിനെതിരായ ആരോപണങ്ങൾ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇഡി പോലുള്ള കേന്ദ്ര ഏജൻസികൾ പിണറായി സർക്കാരിനെ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെത്തുമ്പോൾ കേന്ദ്ര ഏജൻസികൾ മൗനം പാലിക്കുന്നു, പിണറായി സർക്കാരിനോടുള്ള മൃദുസമീപനമാണിതെന്നും വി ഡി സതീശൻ അറിയിച്ചു. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കെജ്രിവാളിന്റെ അറസ്റ്റ് വിചിത്രമായ സംഭവമാണ്. എങ്ങനെയും ഇന്ത്യ മുന്നണിയെ തകർക്കുക എന്ന ലക്ഷ്യമാണ് മോദി സർക്കാരിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എതിർ ശബ്ദങ്ങളെ കള്ളക്കേസുകളിൽ കുടുക്കി ഇല്ലാതാക്കാം എന്നത് ഏകാധിപതികളുടെ സ്വപ്നമാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനും പറഞ്ഞു. കേന്ദ്രത്തിൽ നരേന്ദ്രമോദിയും കേരളത്തിൽ പിണറായി വിജയനും പ്രതിപക്ഷ നേതാക്കളെ യാതൊരു അടിസ്ഥാനവുമില്ലാത്ത കേസുകളിൽ പ്രതിചേർത്ത് വേട്ടയാടുകയാണ്. ഏറ്റവും ഒടുവിലായി പ്രതിപക്ഷ നിരയിലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

നരേന്ദ്രമോദിയോട് ഇഷ്ടം കാണിക്കുന്ന മുഖ്യമന്ത്രിമാരെ എത്ര അഴിമതികൾ ഉണ്ടെങ്കിലും സംരക്ഷിക്കുകയും എതിർക്കുന്നവരെ മാത്രം അകാരണമായി തുറുങ്കിലടക്കുകയും ചെയ്യുന്ന അധാർമിക രാഷ്ട്രീയമാണ് ബിജെപി നടപ്പിലാക്കുന്നത്. ഈ അനീതികൾക്കെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉണ്ടാകും ജനാധിപത്യ രീതിയിൽ തന്നെ ഈ ഏകാധിപതികളെ കാലത്തിന്റെ ചവറ്റുകൊട്ടയിൽ ഒഴുക്കും. നരേന്ദ്രമോദി വേട്ടയാടുന്ന ഇന്ത്യാ സഖ്യത്തിന്റെ മുന്നണി പോരാളി അരവിന്ദ് കെജ്രിവാളിന് ഐക്യദാർഢ്യം അറിയക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ. രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് പിസിസികൾക്ക് നിർദേശം നൽകി.

ബിജെപി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഭരണഘടനാ വിരുദ്ധ പ്രവർത്തികൾക്കെതിരെ ഇന്ത്യാ സഖ്യം ഒരുമിച്ച് പോരാടുമെന്നും ശരത് പവാർ അറിയിച്ചിട്ടുള്ളത്. അറസ്റ്റ് വിവരം അറിഞ്ഞ് ഞെട്ടിയെന്നായിരുന്നു തരൂരിന്റെ പ്രതികരണം.

എൻഫോഴ്‌സ്‌മെന്റ് സംഘം കഴിഞ്ഞ ദിവസം കെജ്രിവാളിന്റെ വീട്ടിലെത്തി പരിശോധനകൾ നടത്തിയിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് തടയണമെന്ന ഹർജിയിൽ ഹൈക്കോടതി ഇടപെടാതിരുന്നതിന് പിന്നാലെയായിരുന്നു ഇഡിയുടെ നീക്കം.

മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കൊണ്ട് ഇഡി അയച്ച ഒമ്പത് സമൻസുകളും കെജ്രിവാൾ തള്ളിയിരുന്നു. അറസ്റ്റിൽ നിന്നും മറ്റു നടപടികളിൽ നിന്നും ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ കെജ്രിവാൾ സമീപിച്ചിരുന്നെങ്കിലും ഹർജി കോടതി തള്ളി.

ന്യൂഡൽഹി: കോൺഗ്രസ് ഏറ്റുമുട്ടുന്നത് അസുര ശക്തിക്കെതിരെയെന്ന് രാഹുൽഗാന്ധി. വെറുപ്പിന്റെ അസുരശക്തിക്കെതിരായാണ് കോൺഗ്രസിന്റെ പോരാട്ടമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഡൽഹിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഭാരത് ജോഡോ ന്യായ് യാത്രയിൽ മഹാരാഷ്ട്രയിൽ വെച്ച് രാഹുൽ ഗാന്ധി നടത്തിയ ശക്തി പരാമർശം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ശക്തി പരാമർശവുമായി രാഹുൽ രംഗത്തെത്തിയിരിക്കുന്നത്.

ശക്തി പരാമർശം ഹിന്ദു വിരുദ്ധമാണെന്നും സ്ത്രീ വിരുദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചിരുന്നു. രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകിയിരുന്നു. മോദിക്ക് പിന്നിലുള്ള ശക്തിക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന രാഹുൽ നടത്തിയ പരാമർശമാണ് വിവാദത്തിലായത്.

മുംബൈയിലെ ശിവാജി പാർക്കിൽ ഇന്ത്യ സഖ്യത്തിന്റെ റാലിയിൽ സംസാരിക്കവേയാണ് മോദിക്കും, ബിജെപിക്കും എതിരെ രാഹുൽ ഗാന്ധി ശക്തി പരാമർശം നടത്തിയത്. തിരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രവും, ഇഡിയും, സിബിഐയും, ആദായനികുതി വകുപ്പും ഇല്ലാതെ മോദിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തങ്ങളുടെ പോരാട്ടം മോദിക്കെതിരെ വ്യക്തിപരമായല്ല. ഒരു ശക്തിക്ക് വേണ്ടി ( അധികാരം) പ്രവർത്തിക്കുന്ന മുഖംമൂടിയാണ് മോദി. 56 ഇഞ്ച് നെഞ്ച് ഇല്ലാത്ത പൊള്ളയായ മനുഷ്യനാണ് മോദിയെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

കൊച്ചി: ട്വന്റി 20 പാർട്ടി ആരംഭിക്കാനുള്ള കാരണം വ്യക്തമാക്കി ചെയർമാൻ സാബു എം ജേക്കബ്. വിവിധ രാഷ്ട്രീയ പാർട്ടികൾ മാറിമാറി കൊള്ളയടിച്ച് കേരളത്തെ നശിപ്പിക്കുന്നതും സാധാരണക്കാരുടെ നിസ്സഹായാവസ്ഥ കണ്ടു മനം തകർന്നുമാണ് ട്വന്റി20 പാർട്ടി ആരംഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ നന്മയും നാടിന്റെ സമഗ്രമായ വികസനവും മാത്രമാണു ട്വന്റി20യുടെ ഏക ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

ട്വന്റി 20യെ വിശ്വസിച്ച് അധികാരം ഏൽപിക്കാൻ ജനങ്ങൾ തയാറാകുന്ന പക്ഷം, ഭക്ഷ്യസുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്നും അദ്ദേഹം വിശദമാക്കി. ട്വന്റി20 പാർട്ടിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ പട്ടിമറ്റം, മഴുവന്നൂർ, ഐക്കരനാട് എന്നീ സ്ഥലങ്ങളിൽ നടന്നിരുന്നു. ഈ കൺവെൻഷനിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മാർച്ച് 20 ബുധനാഴ്ച വൈകിട്ട് അഞ്ചു മുതൽ എട്ടു വരെയാണ് കൺവെൻഷൻ നടന്നത്. സാബു എം ജേക്കബാണ് കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തിയത്.

ഇന്ന് പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ ട്വന്റി 20 പാർട്ടിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ പാർട്ടി ചെയർമാൻ സാബു എം ജേക്കബിന്റെ നേതൃത്വത്തിൽ നടക്കും.

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിലെ ഡിഎംകെയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. 21 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഡിഎംകെ പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥി പട്ടികയിൽ 11 പുതുമുഖങ്ങളുണ്ട്. കനിമൊഴി, ടി ആർ ബാലു, എ രാജ, ദയാനിധി മാരൻ തുടങ്ങിയവർ പുതുമുഖങ്ങളാണ്. കനിമൊഴി തൂത്തുക്കുടിയിലും ദയാധിനിധി മാരൻ സെൻട്രൽ ചെന്നൈയിലും കലാനിധി വീരസാമി നോർത്ത് ചെന്നൈയിലും ടി ആർ ബാലു ശ്രീപെരുംപുത്തൂരിലുമാണ് മത്സരിക്കുന്നത്.

അതേസമയം, പ്രകടന പത്രികയും ഡിഎംകെ പുറത്തിറക്കി. വലിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. ഗവർണർ പദവി എടുത്തുകളയുമെന്നും, ക്രിമിനൽ നടപടികളിൽ നിന്ന് ഗവർണർക്ക് പരിരക്ഷ നൽകുന്ന ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്യുമെന്നും പ്രകടന പത്രികയിലുണ്ട്. പുതുച്ചേരിക്ക് സംസ്ഥാന പദവി നൽകും. പെട്രോൾ വില 75 രൂപയും ഡീസൽ വില 65ഉം രൂപയായി കുറയ്ക്കുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു.

നീറ്റ് പരീക്ഷ ഒഴിവാക്കും. യുസിസി, സിഎഎ എന്നിവ നടപ്പാക്കില്ല. തിരുക്കുറൽ ദേശീയ ഗ്രന്ഥമാക്കും. സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകും. പാചകവാതകം 500 രൂപയ്ക്ക് ലഭിക്കും. ദേശീയ പാതയിലെ ടോൾ ഗേറ്റുകൾ ഇല്ലാതാക്കും തുടങ്ങിയവയാണ് മറ്റ് പ്രധാനപ്പെട്ട വാഗ്ദാനങ്ങൾ.

ന്യൂഡൽഹി: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി സിപിഎം മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ. ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. കുറച്ചു നാളുകളായി സിപിഐഎമ്മുമായി രാജേന്ദ്രൻ അകൽച്ചയിലാണ്. പ്രകാശ് ജാവദേക്കറിനെ സന്ദർശിച്ചതിൽ പ്രതികരണവുമായി രാജേന്ദ്രൻ രംഗത്തെത്തിയിട്ടുണ്ട്. സൗഹൃദ സന്ദർശനം മാത്രമാണെന്നും ബിജെപിയിൽ ചേരാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്ലാന്റേഷൻ വിഷയവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹം വിശദമാക്കി. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിപിഐഎമ്മുമായുള്ള അഭിപ്രായ വ്യത്യാസം പരിഹരിച്ച ശേഷം അംഗത്വം പുതുക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥിയായിരുന്ന എ രാജക്കെതിരേ പ്രവർത്തിച്ചു എന്ന പേരിലായിരുന്നു രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നത്.

എന്നാൽ ഇത് കെട്ടിച്ചമച്ച വാർത്തയാണെന്നും തന്നെ സംബന്ധിച്ച വിഷയങ്ങൾ സംസാരിച്ച് ഒത്തുതീർപ്പിലെത്താൻ പാർട്ടിക്ക് സമയം ലഭിച്ചിരുന്നും രാജേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു.