ഡൽഹി മദ്യനയ അഴിമതി കേസ്; കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ. രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് പിസിസികൾക്ക് നിർദേശം നൽകി.

ബിജെപി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഭരണഘടനാ വിരുദ്ധ പ്രവർത്തികൾക്കെതിരെ ഇന്ത്യാ സഖ്യം ഒരുമിച്ച് പോരാടുമെന്നും ശരത് പവാർ അറിയിച്ചിട്ടുള്ളത്. അറസ്റ്റ് വിവരം അറിഞ്ഞ് ഞെട്ടിയെന്നായിരുന്നു തരൂരിന്റെ പ്രതികരണം.

എൻഫോഴ്‌സ്‌മെന്റ് സംഘം കഴിഞ്ഞ ദിവസം കെജ്രിവാളിന്റെ വീട്ടിലെത്തി പരിശോധനകൾ നടത്തിയിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് തടയണമെന്ന ഹർജിയിൽ ഹൈക്കോടതി ഇടപെടാതിരുന്നതിന് പിന്നാലെയായിരുന്നു ഇഡിയുടെ നീക്കം.

മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കൊണ്ട് ഇഡി അയച്ച ഒമ്പത് സമൻസുകളും കെജ്രിവാൾ തള്ളിയിരുന്നു. അറസ്റ്റിൽ നിന്നും മറ്റു നടപടികളിൽ നിന്നും ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ കെജ്രിവാൾ സമീപിച്ചിരുന്നെങ്കിലും ഹർജി കോടതി തള്ളി.