Politics (Page 39)

തിരുവനന്തപുരം: കോൺഗ്രസിന് തിരിച്ചടിയായി മറ്റൊരു നേതാവ് കൂടി പാർട്ടി വിട്ടു. കെ. കരുണാകരന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന മഹേശ്വരൻ നായരാണ് കോൺഗ്രസ് വിട്ടത്. കോൺഗ്രസ് വിട്ടതിന് പിന്നാലെ ബിജെപി അംഗത്വം സ്വീകരിച്ചു. കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറാണ് മഹേശ്വരൻ നായരെ ഷാളണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചത്.

തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവും കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു മഹേശ്വരൻ നായർ. അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം കോൺഗ്രസിന് വലിയ തിരിച്ചടി സൃഷ്ടിച്ചിരിക്കുകയാണ്. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ അടുത്തിടെ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. പത്മജ വേണുഗോപാലിനും പദ്മിനി തോമസിനും പിന്നാലെ കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് പോകുന്നത് കോൺഗ്രസിനുള്ളിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

തിരുവനന്തപുരം ഡിസിസി മുൻ ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും പദ്മിനി തോമസിനൊപ്പം ബിജെപിയിൽ ചേരുന്നിരുന്നു.

തിരുവനന്തപുരം: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിൽ സിപിഎം.-ബിജെപി ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണങ്ങളെ ഭയപ്പെടുന്ന പിണറായി കേരളത്തിൽ ബിജെപിക്ക് ഇല്ലാത്ത സ്പേസ് ഉണ്ടാക്കിക്കൊടുക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ആറ്റിങ്ങലിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മും ബിജെപിയും ഒന്നിച്ചാലും തൃശൂരിൽ യുഡിഎഫ് വിജയിക്കും. കേരളത്തിൽ ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് പോലും എത്തില്ല. സിപിഎം- ബിജെപി എന്നതുപോലെയാണ് നിരാമയ- വൈദേകം റിസോർട്ട്. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതാണ് നിരാമയ റിസോർട്ട് എന്നതിൽ എം വി ഗോവിന്ദന് എന്തെങ്കിലും സംശയമുണ്ടോ. പതിനൊന്ന് കൊല്ലം മുൻപ് കോവളത്ത് നടന്ന നിരാമയ റിസോർട്ട് ഉദ്ഘാടനത്തിൽ രാജീവ് ചന്ദ്രശേഖർ കുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുത്തിട്ടുണ്ട്. വൈദേകം റിസോർട്ടുമായി ഇ പി ജയരാജനും കുടുംബത്തിനും ബന്ധമുണ്ട്. അഡൈ്വസറാണെന്ന് ജയരാജൻ തന്നെ പറഞ്ഞിട്ടുണ്ട്. റിസോർട്ട് നടത്തിപ്പിന് അഡൈ്വസ് നൽകുന്നതിൽ ജയരാജൻ എന്നാണ് എക്‌സ്പെർട്ടായതെന്ന് വി ഡി സതീശൻ ചോദിക്കുന്നു.

വൈദേകത്തിന്റെ നടത്തിപ്പ് ചുമതല നിരാമയയ്ക്കാണ്. ഇപ്പോൾ ആ സ്ഥാപനത്തിന്റെ പേര് നിരാമയ-വൈദേകം റിസോർട്ട് എന്നാണ്. രാജീവ് ചന്ദ്രശേഖറിനെ കണ്ടിട്ടില്ലെന്നാണ് ഇ പി ജയരാജൻ പറഞ്ഞത്. രാജീവ് ചന്ദ്രശേഖറും ഇ പി ജയരാജനെ കണ്ടിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മിൽ കൂടിയാലോചന നടത്തിയെന്ന ആരോപണം തങ്ങളും ഉന്നയിച്ചിട്ടില്ല. പക്ഷെ രണ്ടു പേരുടെയും സ്ഥാപനങ്ങൾ തമ്മിൽ കരാറുണ്ട്. ആ കരാറിനെ തുടർന്നാണ് രണ്ട് സ്ഥാപനങ്ങളും ഒന്നായത്. സിപിഎം- ബിജെപി എന്നുപറയുന്നതു പോലെയാണ് നിരാമയ- വൈദേകം റിസോർട്ട് എന്ന പേര് മാറ്റം. ഇനിയും കൂടുതൽ തെളിവ് വേണമെങ്കിൽ കേസ് കൊടുക്കട്ടെ. കോടതിയിൽ മുഴുവൻ രേഖകളും ഹാജരാക്കാമെന്നും അദ്ദേഹം അറിയിച്ചു.

തൃശൂരിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കും. ബിജെപി അക്കൗണ്ട് തുറക്കില്ല. എവിടെ പോയി കരുവന്നൂരിലെ ഇഡി അന്വേഷണമെന്നും അദ്ദേഹം ചോദിക്കുന്നു. ഇഡിയെ ഉപയോഗിച്ച് സിപിഎമ്മുകാരെ വിരട്ടി നിർത്തിയിക്കുകയാണ്. ബിജെപിയും സിപിഎമ്മും ഒന്നിച്ചാലും തൃശൂരിൽ യുഡിഎഫ്. സ്ഥാനാർഥി വിജയിക്കും. കേരളത്തിൽ ഒരിടത്തും ബി.ജെ.പി. അക്കൗണ്ട് തുറക്കില്ല. രണ്ടാം സ്ഥാനത്ത് പോലും എത്തില്ല. മാസപ്പടി, ലാവലിൻ കേസുകളിലെ അന്വേഷണത്തെ ഭയപ്പെടുന്ന പിണറായി വിജയൻ ബിജെപിക്ക് ഇല്ലാത്ത സ്പേസ് ഉണ്ടാക്കിക്കൊടുക്കാൻ ശ്രമിക്കുകയാണ്. അത് കേരളത്തിൽ നടക്കില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

തിരുവനന്തപുരം: ക്യാഷ്‌ലസ് ഇക്കോണമിയെ ആദ്യം പരിഹസിച്ചവർക്കെല്ലാം ഇപ്പോൾ അംഗീകരിക്കേണ്ടി വന്നുവെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വിവര സാങ്കേതിക രംഗത്തെ മാറ്റങ്ങൾക്ക് കൂടി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വോട്ട് അഭ്യർത്ഥിക്കുന്നത്. മോദിയുടെ ഗ്യാരണ്ടിക്കൊപ്പം’ഇനി കാര്യം നടക്കുമെന്ന പരാമർശം കൂടി ഉൾപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ വോട്ട് അഭ്യർത്ഥന.

കഴിഞ്ഞ ദിവസം പഴവങ്ങാടി ക്ഷേത്രത്തിൽ രാജീവ് ചന്ദ്രശേഖർ ദർശനം നടത്തിയിരുന്നു. ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ വേളയിൽ അദ്ദേഹം ക്ഷേത്ര പരിസരത്ത് തേങ്ങ വിൽക്കുന്നവർക്കിടയിൽ ഗൂഗിൾ പേ സൗകര്യം കണ്ടത്. തുടർന്നാണ് അദ്ദേഹം യുപിഐ സേവനത്തെ കുറിച്ച് പരാമർശിച്ചത്. യുപിഐ കൊണ്ടുവന്ന സർക്കാരിന്റെ ഭാഗമായ സ്ഥാനാർഥിയാണ് താനെന്നായിരുന്നു രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.

പതിനഞ്ച് വർഷഷമായി തിരുവനന്തപുരത്ത് വികസനമല്ല, നാടകമാണ് നടന്നതെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. അതേസമയം, തിരുവനന്തപുരത്ത് രാജീവിന് വോട്ടെന്നാൽ മോദിക്കുള്ള വോട്ടെന്ന നിലക്കാണ് എൻഡിഎ പ്രചാരണം നടത്തുന്നത്.

ജഗത്യാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ‘ശക്തി’ പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിലെ ജഗത്യാലിൽ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി രാഹുൽ ഗാന്ധിയ്ക്ക് മറുപടി നൽകിയത്. ശക്തിയെ നശിപ്പിക്കുമെന്ന് ഇന്ത്യ സഖ്യം അവരുടെ മാനിഫെസ്റ്റോയിൽ പ്രഖ്യാപിച്ചുവെന്നും താൻ ആ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ശക്തിയുടെ അനുഗ്രഹം ആർക്കാണ് ലഭിക്കുന്നത് ജൂൺ നാലിന് അറിയാം. അമ്മാരുടെയും സഹോദരിമാരുടെയും സുരക്ഷയ്ക്കായി തന്റെ ജീവൻ താൻ ബലിയർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഞായറാഴ്ച മുംബൈയിൽ ഇന്ത്യ സഖ്യത്തിന്റെ റാലിയുണ്ടായിരുന്നു. റാലിയിൽ അവരുടെ മാനിഫെസ്റ്റോ പ്രഖ്യാപിച്ചു. അവരുടെ പോരാട്ടം ‘ശക്തി’ക്ക് എതിരെയാണെന്ന് അവർ പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം, ഓരോ അമ്മയും മകളും ശക്തിയുടെ രൂപമാണ്. അമ്മമാരെ, പെങ്ങന്മാരെ നിങ്ങളെ താൻ ശക്തിയായി ആരാധിക്കുന്നു. താൻ ഭാരതമാതാവിന്റെ പൂജാരിയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മുംബൈയിലെ ശിവാജി പാർക്കിൽ ഇന്ത്യ സഖ്യത്തിന്റെ റാലിയിൽ സംസാരിക്കവേയാണ് മോദിക്കും, ബിജെപിക്കും എതിരെ രാഹുൽ ഗാന്ധി ശക്തി പരാമർശം നടത്തിയത്. തിരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രവും, ഇഡിയും, സിബിഐയും, ആദായനികുതി വകുപ്പും ഇല്ലാതെ മോദിക്ക് ലോക്സഭാ തിരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തങ്ങളുടെ പോരാട്ടം മോദിക്കെതിരെ വ്യക്തിപരമായല്ല. ഒരു ശക്തിക്ക് വേണ്ടി ( അധികാരം) പ്രവർത്തിക്കുന്ന മുഖംമൂടിയാണ് മോദി. 56 ഇഞ്ച് നെഞ്ച് ഇല്ലാത്ത പൊള്ളയായ മനുഷ്യനാണ് മോദിയെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

കൽപറ്റ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചത് കേരളത്തിൽ സിപിഎമ്മിന് ഒരു സീറ്റും കിട്ടില്ലെന്ന് അറിഞ്ഞപ്പോഴുള്ള അങ്കലാപ്പിനെ തുടർന്നാണെന്ന് അദ്ദേഹം പറഞ്ഞു.

സിപിഎം എവിടെയാണ് ബിജെപിയെ എതിർക്കുന്നത്. കേരളത്തിലാണോ ബിജെപിയെ എതിർക്കുന്നത്. അതിന് കേരളത്തിലെവിടെയാണ് ബിജെപിയെന്ന് അദ്ദേഹം ചോദിക്കുന്നു. ന്യായ് യാത്രയുടെ സമാപനത്തിൽ ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളും പങ്കെടുത്തു. നിർഭാഗ്യവശാൽ സിപിഎം വന്നില്ല. അവർക്ക് ആത്മാർഥത ഇല്ല. സിപിഎം ഇന്ത്യ മുന്നണിയെ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പിന് മാത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഹുൽ ഗാന്ധി മുംബൈയിൽ നരേന്ദ്ര മോദിക്കെതിരെ നടത്തിയ പ്രസംഗം കേൾക്കണം. പിണറായി മോദിയെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. മുംബൈയിലെ യോഗത്തിൽ സിപിഎം പങ്കെടുക്കാത്തതിന് കാരണം നരേന്ദ്ര മോദിയെ പേടിയായതുകൊണ്ടാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സീറ്റുകളെ സംബന്ധിച്ച് തമിഴ്‌നാട്ടിൽ ഡിഎംകെയും-കോൺഗ്രസും തമ്മിൽ സീറ്റ് ധാരണയായി. ആഴ്ച്ചകൾ നീണ്ട തർക്കത്തിനൊടുവിലാണ് ഇരു പാർട്ടികളും തമ്മിൽ സീറ്റുകൾ സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്.

39 സീറ്റുകളാണ് തമിഴ്‌നാട്ടിൽ ആകെയുള്ളത്. ഒമ്പത് സീറ്റുകളിലായിരിക്കും കോൺഗ്രസ് മത്സരിക്കുന്നത്. പുതുച്ചേരിയിൽ ഒരു സീറ്റിലുമാണ് കോൺഗ്രസ് മത്സരിക്കുക. 2019ൽ മത്സരിച്ച മൂന്ന് സീറ്റുകൾ വീതം വെച്ചുമാറിയിട്ടുണ്ട്.

കോൺഗ്രസ് മത്സരിച്ച തേനിയും ആറണിയും ഡിഎംകെ ഏറ്റെടുത്തു. തിരുച്ചിറപ്പള്ളി സീറ്റ് വൈക്കോയുടെ പാർട്ടിയായ എംഡിഎംകെക്ക് നൽകി. പകരം ഡിഎംകെയുടെ സിറ്റിംഗ് സീറ്റുകളായ മയിലാടുതുറ , കടലൂർ , തിരുനെൽവേലി. എന്നിവ കോൺഗ്രസിന് നൽകി. കഴിഞ്ഞ തവണ എംഡിഎംകെ മത്സരിച്ച ഈറോഡിൽ ഇക്കുറി ഡിഎംകെ മത്സരിക്കും.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി ആകെ പത്ത് സീറ്റിലായിരിക്കും കോൺഗ്രസ് മത്സരിക്കുന്നത്.

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദി വെറും മുഖംമൂടിയാണെന്നും ബോളിവുഡിനെ വെല്ലുന്ന നടനാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഇല്ലെങ്കിൽ നരേന്ദ്രമോദി വിജയിക്കില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

ഭാരത് ജോഡോ ന്യായ് യാത്രാ നടത്തിയത് കോൺഗ്രസ് തനിച്ചല്ല. പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായാണ് ഭാരത് ജോഡോ ന്യായ് യാത്രയിൽ അണിനിരന്നത്. എല്ലാവരും മോദി എന്ന വ്യക്തിക്കെതിരെ പോരാടുകയല്ല. എല്ലാ കക്ഷികളും ചേർന്ന് ഒരു പാർട്ടിയെ എതിർക്കുകയുമല്ല. ഒരു ശക്തിക്കെതിരെയാണ് പോരാട്ടമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

ഇലക്ഷൻ കമ്മീഷനോട് ഇ വി എം മെഷീൻ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടു. വി വി പാറ്റ് കൂടി എണ്ണാനും ആവശ്യപ്പെട്ടു. പക്ഷെ അനുമതി ലഭിച്ചില്ല. അംബാനിയുടെ മകന്റെ കല്യാണത്തിന് ജാം നഗർ വിമാനത്താവളത്തിന് 10 ദിവസത്തേക്ക് ബിജെപി സർക്കാർ അന്താരാഷ്ട്ര പദവി കൊടുത്തു. എന്തുകൊണ്ട് രാജ്യത്തെ മറ്റു ജനവിഭാഗങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ലെന്ന ചോദ്യവും രാഹുൽ ഗാന്ധി മുന്നോട്ടുവെച്ചു. ഭാരത് ജോഡോ ന്യായ് യാത്ര സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മല്ലികാർജുൻ ഖർഗെ, ഫറൂഖ് അബ്ദുള്ള, ഡി കെ ശിവകുമാർ, പ്രിയങ്ക ഗാന്ധി, ഉദ്ധവ് താക്കറെ, എം കെ. സ്റ്റാലിൻ, സാദിഖ് അലി ശിഹാബ് തങ്ങൾ, രേവന്ത് റെഡ്ഡി, പ്രകാശ് അംബേദ്കർ, തേജസ്വി യാദവ് തുടങ്ങിയ നേതാക്കളെല്ലാം സമാപന സമ്മേളനത്തിൽ പങ്കെടുത്തു.

അതേസമയം, ഇന്ത്യ സഖ്യം അധികാരത്തിലെത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വ്യക്തമാക്കി. ഇലക്ട്രൽ ബോണ്ട് അഴിമതി ബിജെപിയുടെ അഴിമതി രാഷ്ട്രീയം പുറത്തുകൊണ്ട് വന്നുവെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു. ഇലക്ട്രോണിക് വോടിംഗ് മെഷീനിൽ കൃതിമം നടക്കുന്നുവെന്നായിരുന്നു ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ ആരോപണം. ബാലറ്റ് പേപ്പർ തെരഞ്ഞെടുപ്പിലേക്ക് രാജ്യം തിരികെയെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊച്ചി: മേജർ രവി എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ട്. ഒരു സ്വകാര്യ മാദ്ധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. സ്ഥാനാർത്ഥിയാകുന്നതിനോട് പാർട്ടി നേതൃത്വം സമ്മതം ചോദിച്ചുവെന്നും താൻ സമ്മതം അറിയിച്ചുവെന്നും മേജർ രവി പറഞ്ഞുവെന്നാണ് ഒരു സ്വകാര്യ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

ആരാണ് സ്ഥാനാർത്ഥിയാവുന്നതെന്ന് പാർട്ടിയാണ് തീരുമാനമെടുക്കുന്നതെന്നും മേജർ രവി വ്യക്തമാക്കിയിരുന്നു. അതേസമയം, പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിട്ടില്ല. ബിജെപി ഇതുവരെ എറണാകുളം, കൊല്ലം, ആലത്തൂർ, വയനാട് മണ്ഡലങ്ങളിൽ സ്ഥനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

കൊല്ലത്ത് കുമ്മനം രാജശേഖരനും പാർട്ടി ജില്ലാ സെക്രട്ടറി ബി ബി ഗോപകുമാറും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ആലത്തൂരിൽ പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ സരസ്വതി ടീച്ചറും പരിഗണനയിലുണ്ട്. ഇന്നോ നാളെയോ ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവരുമെന്നാണ് കരുതുന്നത്.

അതേസമയം, കഴിഞ്ഞദിവസം കോട്ടയം, ഇടുക്കി മണ്ഡലങ്ങളിലെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളെ സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ വൈസ് പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥും മത്സരിക്കും. ഇതോടെ ബി.ഡി.ജെ.എസ് മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായി.

തിരുവനന്തപുരം: ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത് വികസനവും കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടിയാണെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവ്‌ദേക്കർ. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 370ന് മുകളിൽ സീറ്റ് നേടുമെന്ന് അദ്ദേഹം പറഞ്ഞു. എൻഡിഎ സഖ്യം 400ന് മുകളിൽ സീറ്റ് നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മോദി സർക്കാർ തന്നെ മൂന്നാമതും വരുമെന്ന് എല്ലാ വോട്ടർമാർക്കും അറിയാം. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഇവിടെ ഇപ്പോൾ ആരും പറയുന്നില്ല. മുന്നിൽ നരേന്ദ്ര മോദിയെന്ന സമാനതകളില്ലാത്ത നേതാവുണ്ട്. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള കാഴ്ചപ്പാടുണ്ട്. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യവുമായി കേന്ദ്ര സർക്കാർ നല്ല ഭരണം നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു വിവേചനവുമില്ലാതെ എല്ലാ ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങൾ നരേന്ദ്ര മോദി കേരളീയർക്ക് എത്തിച്ചു. 1.5 കോടി പേർക്ക് സൗജന്യ അരി, 50 ലക്ഷം യുവാക്കൾക്കും സ്ത്രീകൾക്കും മുദ്ര ലോൺ, 35 ലക്ഷം കർഷകർക്ക് കിസാൻ സമ്മാൻ പദ്ധതി, 4 ലക്ഷം സൗജന്യ എൽപിജി കണക്ഷനുകൾ, 20 ലക്ഷം കുടുംബങ്ങൾക്ക് ജൽ ജീവൻ വാട്ടർ കണക്ഷൻ എന്നിവ ലഭ്യമാക്കി. ലോകത്തിൽ ഏറ്റവും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. ലോകം നമ്മളെ ഉറ്റുനോക്കുകയാണെന്നും പ്രകാശ് ജാവദേകർ അഭിപ്രായപ്പെട്ടു.

യുഡിഎഫിനും എൽഡിഎഫിനും ഭാവിയില്ല. അവർക്ക് പുതുതായി ഒന്നും വാഗ്ദാനം ചെയ്യാനില്ല. അതിനാൽ അവർ അപ്രസക്തമായ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്നു. 30 വർഷം വീതം കോൺഗ്രസും എൽഡിഎഫും പശ്ചിമ ബംഗാളിൽ ഭരിച്ചു. ഇപ്പോൾ ബംഗാൾ നിയമസഭയിൽ അവർ വട്ടപൂജ്യമാണ്. സമീപഭാവിയിൽ കേരളത്തിലും ഇതേ അവസ്ഥയാണുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്ര സമാപിച്ചു. മുംബൈയിൽ വെച്ചാണ് യാത്ര അവസാനിച്ചത്. ശനിയാഴ്ച വൈകുന്നേരം ദാദറിലെ ഡോ ബി ആർ അംബേദ്കറുടെ സ്മാരകമായ ചൈത്യഭൂമിയിൽ രാത്രി എട്ടുമണിയോടെയാണ് യാത്രയ്ക്ക് സമാപനം കുറിച്ചത്. പ്രിയങ്കാ ഗാന്ധിയും ജാഥയിൽ പങ്കുചേർന്നു.

ധാരാവിയിലെ സ്വീകരണത്തിനുശേഷം പ്രിയങ്കാ ഗാന്ധി ജാഥയിൽ പങ്കെടുത്തത്. മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തല, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങിയവരും ജാഥക്കൊപ്പമുണ്ടായിരുന്നു. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ ചൈത്യഭൂമിയിലെത്തി പ്രണാമമർപ്പിക്കുകയും ചെയ്തു.

ഞായറാഴ്ച മണിഭവനിൽ നിന്ന് മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് രാഹുൽഗാന്ധി ‘ന്യായ് സങ്കൽപ് പദയാത്ര’ നടത്തി. സാംസ്‌കാരിക സാമൂഹിക മേഖലകളിൽ നിന്നുള്ള പ്രമുഖർ പദയാത്രയിൽ അദ്ദേഹത്തോടൊപ്പം ചേർന്നിരുന്നു. അതിനുശേഷം, ഓഗസ്റ്റ് ക്രാന്തി മൈതാനത്തിനടുത്തുള്ള തേജ്പാൽ ഹാളിൽ പങ്കെടുക്കുന്നവരുമായി രാഹുൽഗാന്ധി സംവദിക്കും.