കേരളത്തിലെത്തുമ്പോൾ കേന്ദ്ര ഏജൻസികൾ മൗനം പാലിക്കുന്നു; പ്രതിപക്ഷ നേതാവ്

കണ്ണൂർ: പിണറായി സർക്കാരിനെതിരായ ആരോപണങ്ങൾ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇഡി പോലുള്ള കേന്ദ്ര ഏജൻസികൾ പിണറായി സർക്കാരിനെ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെത്തുമ്പോൾ കേന്ദ്ര ഏജൻസികൾ മൗനം പാലിക്കുന്നു, പിണറായി സർക്കാരിനോടുള്ള മൃദുസമീപനമാണിതെന്നും വി ഡി സതീശൻ അറിയിച്ചു. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കെജ്രിവാളിന്റെ അറസ്റ്റ് വിചിത്രമായ സംഭവമാണ്. എങ്ങനെയും ഇന്ത്യ മുന്നണിയെ തകർക്കുക എന്ന ലക്ഷ്യമാണ് മോദി സർക്കാരിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എതിർ ശബ്ദങ്ങളെ കള്ളക്കേസുകളിൽ കുടുക്കി ഇല്ലാതാക്കാം എന്നത് ഏകാധിപതികളുടെ സ്വപ്നമാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനും പറഞ്ഞു. കേന്ദ്രത്തിൽ നരേന്ദ്രമോദിയും കേരളത്തിൽ പിണറായി വിജയനും പ്രതിപക്ഷ നേതാക്കളെ യാതൊരു അടിസ്ഥാനവുമില്ലാത്ത കേസുകളിൽ പ്രതിചേർത്ത് വേട്ടയാടുകയാണ്. ഏറ്റവും ഒടുവിലായി പ്രതിപക്ഷ നിരയിലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

നരേന്ദ്രമോദിയോട് ഇഷ്ടം കാണിക്കുന്ന മുഖ്യമന്ത്രിമാരെ എത്ര അഴിമതികൾ ഉണ്ടെങ്കിലും സംരക്ഷിക്കുകയും എതിർക്കുന്നവരെ മാത്രം അകാരണമായി തുറുങ്കിലടക്കുകയും ചെയ്യുന്ന അധാർമിക രാഷ്ട്രീയമാണ് ബിജെപി നടപ്പിലാക്കുന്നത്. ഈ അനീതികൾക്കെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉണ്ടാകും ജനാധിപത്യ രീതിയിൽ തന്നെ ഈ ഏകാധിപതികളെ കാലത്തിന്റെ ചവറ്റുകൊട്ടയിൽ ഒഴുക്കും. നരേന്ദ്രമോദി വേട്ടയാടുന്ന ഇന്ത്യാ സഖ്യത്തിന്റെ മുന്നണി പോരാളി അരവിന്ദ് കെജ്രിവാളിന് ഐക്യദാർഢ്യം അറിയക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.