Politics (Page 37)

ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ടെന്നിസ് താരം സാനിയ മിർസയെ ഹൈദരാബാദിൽ സ്ഥാനാർഥിയാക്കാനൊരുങ്ങി കോൺഗ്രസ്. ഇതുസംബന്ധിച്ച ആലോചനകൾ കോൺഗ്രസ് നടത്തുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്ക് എതിരേ സാനിയയെ മത്സരിപ്പിക്കാൻ നീക്കമെന്നാണ് സൂചന.

ബുധനാഴ്ച കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗം ചേർന്നിരുന്നു. ഗോവ, തെലങ്കാന, യുപി, ഝാർഖണ്ഡ്, ദാമൻ-ദിയു എന്നിവിടങ്ങളിലെ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിന് വേണ്ടിയാണ് യോഗം ചേർന്നത്. സാനിയ മിർസയുടെ സ്ഥാനാർഥിത്വം സംബന്ധിച്ചും യോഗത്തിൽ ചർച്ച നടന്നുവെന്നാണ് റിപ്പോർട്ടുകൾ. 18 സ്ഥാനാർഥികളുടെ പേരുകൾക്ക് ഈ യോഗത്തിൽ അന്തിമ രൂപം നൽകി.

സാനിയയുടെ പേര് മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ ആണ് മുന്നോട്ടുവെച്ചതെന്നാണ് വിവരം. സാനിയയുടെ ജനപ്രീതി ഉപയോഗപ്പെടുത്തി ഹൈദരാബാദിൽ ഒരു തിരിച്ചുവരവിനുള്ള ശ്രമം കോൺഗ്രസ് നടത്തുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.

തിരുവനന്തപുരം: സിപിഎം നേതാക്കളെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ സിപിഎമ്മുകാരെ ‘ജയ് ഹിന്ദ്’ എന്നുച്ചരിക്കാൻ വെല്ലുവിളിക്കുകയാണെന്നും അതിനവരെ ചൈനക്കാർ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മുകാർക്കു ‘ജയ് ചൈന’യാണ്. ഇന്ത്യയിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമെല്ലാം ദേശീയവാദികളാണെന്നും അദ്ദേഹം അറിയിച്ചു.

ആദ്യമായി ‘ഭാരത് മാതാ കി ജയ്’ വിളിച്ചതിന്റെ ക്രെഡിറ്റ് വേണമെങ്കിൽ പിണറായി എടുത്തോട്ടെ. അതല്ല ഈ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത്. എട്ടു വർഷം തന്റെ സർക്കാർ എന്തു ചെയ്തുവെന്നാണ് പിണറായി ജനങ്ങളോടു പറയേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.

നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരിക ചരിത്രം പ്രകാശപൂർണമാക്കുന്നതിൽ മുസ്ലിം ഭരണാധികാരികളും സംസ്‌കാരിക പ്രവർത്തകരും ഉദ്യോഗസ്ഥരുമെല്ലാം വലിയ പങ്കാണ് വഹിച്ചതെന്നും. ഇതെല്ലാം ഇല്ലാതാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ‘ഭാരത് മാതാ കീ ജയ്’ എന്ന് ആദ്യം വിളിച്ചത് അസിമുള്ളഖാനാണ്. ‘സാരേ ജഹാം സേ അച്ഛാ’ എന്നു പാടിയത് കവി മുഹമ്മദ് ഇഖ്ബാലാണ്. അതുകൊണ്ട് ആ മുദ്രാവാക്യം ഒഴിവാക്കുമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയത്.

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നുള്ള പാർട്ടി നേതൃത്വത്തിന്റെ ആവശ്യം നിരസിച്ചുവെന്ന് വ്യക്തമാക്കി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ഇതിനുള്ള കാരണവും ധനമന്ത്രി വെളിപ്പെടുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടപ്പോൾ അതേക്കുറിച്ച് പത്ത് ദിവസത്തോളം ചിന്തിച്ചുവെന്നും അതിന് ശേഷമാണ് നിരസിച്ചതെന്നും മന്ത്രി അറിയിച്ചു.

ആന്ധ്രപ്രദേശിലെയോ തമിഴ്നാട്ടിലേയോ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്നാണ് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ ആവശ്യപ്പെട്ടത്. എന്നാൽ തന്റെ കൈവശം അതിനുള്ള പണമില്ലാത്തതിനാലാണ് നേതൃത്വത്തിന്റെ ആവശ്യം നിരസിച്ചതെന്നും നിർമല സീതാരാമൻ പറഞ്ഞു. ആന്ധ്രപ്രദേശിൽ മത്സരിക്കണോ അതോ തമിഴ്നാട്ടിൽ മത്സരിക്കണോ എന്നതും തനിക്ക് തീരുമാനിക്കാൻ കഴിഞ്ഞില്ല. തന്റെ തീരുമാനത്തെ പാർട്ടി നേതൃത്വം അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ത്യയുടെ ധനമന്ത്രിയുടെ കയ്യിൽ പണമില്ലെന്നാണോ പറയുന്നതെന്ന് ചോദ്യത്തിനും നിർമ്മലാ സീതാരാമൻ മറുപടി നൽകി. രാജ്യത്തിന്റെ പണം ഇന്ത്യയുടെ ജനങ്ങളുടെ സ്വത്താണെന്നും അതിൽ തനിക്ക് ഒരു അവകാശവും ഇല്ലെന്നുമാണ് മന്ത്രി അഭിപ്രായപ്പെട്ടത്. തന്റെ സ്വത്ത് സമ്പാദ്യം എന്നിവ മാത്രമാണ് തനിക്ക് അവകാശപ്പെട്ടത്. അല്ലാതെ രാജ്യത്തിന്റെ പൊതുസ്വത്തിൽ മന്ത്രിക്ക് ഒരു അവകാശവുമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രിമാരായ നിരവധി രാജ്യസഭാ അംഗങ്ങൾ മത്സരിക്കുന്നുണ്ട്. അവർക്കായി പ്രചാരണത്തിൽ പങ്കെടുക്കുമെന്നും അതിലാണ് ഇപ്പോൾ ശ്രദ്ധയെന്നും നിർമ്മലാ സീതാരാമൻ കൂട്ടിച്ചേർത്തു.

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രവർത്തകർ. ചന്ദനത്തോപ്പ് ഐടിഐയിൽ വോട്ട് അഭ്യർത്ഥിക്കാൻ വേണ്ടി എത്തിയ കൃഷ്ണകുമാറിനെയാണ് എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞത്. കൃഷ്ണ കുമാർ കോളേജിൽ എത്തി സറ്റേജിൽ കയറി പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം.

കൃഷ്ണകുമാറിനെ തടഞ്ഞതോടെ എബിവിപിയും എസ്എഫ്‌ഐയും തമ്മിൽ സംഘർഷം ഉണ്ടായി. പോലീസ് എത്തിയതോടെയാണ് സംഘർഷം അവസാനിച്ചത്. കോളേജിൽ എത്തിയ കൃഷ്ണകുമാറിനെ എസ്എഫ്‌ഐക്കാർ തടഞ്ഞ ശേഷം ഈ കോളേജിലേക്ക് പ്രവേശനമില്ലെന്നും നരേന്ദ്രമോദിയുടെ സ്ഥാനാർഥിക്ക് പ്രവേശനമില്ലെന്നും പറയുകയുമായിരുന്നു.

സംഭവത്തിൽ പ്രതികരണവുമായി കൃഷ്ണകുമാർ രംഗത്തെത്തി. ഇവിടെ നടക്കുന്നതാണ് യഥാർഥ ഫാസിസമെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് അഭ്യർഥിച്ച് പല സ്ഥലങ്ങളിലും പോയിരുന്നു. അതിന്റെ ഭാഗമായാണ് കോളേജിലുമെത്തിയത്. ഫാസിസം എന്ന് പറഞ്ഞ് യുപിയിലോട്ടും ഗുജറാത്തിലോട്ടും നോക്കുന്നവർ ഇവിടെ എന്താണ് നടത്തുന്നത്. ഇതാണ് റിയൽ ഫാസിസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയാണിപ്പോൾ. അതിനാൽ തന്നെ സ്ഥാനാർത്ഥികളെല്ലാം പ്രചാരണത്തിരക്കിലാണ്. ശക്തമായ മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. പന്ന്യൻ രവീന്ദ്രനാണ് തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ഗാനം ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.

ബിനോയ് വിശ്വമാണ് പ്രചാരണവേദികളിൽ പന്ന്യൻ രവീന്ദ്രന് വേണ്ടി തെരഞ്ഞെടുപ്പ് ഗാനം എഴുതിയിരിക്കുന്നത്. ബിനോയ് വിശ്വം മുമ്പും പാട്ടെഴുത്തിൽ തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നേതാവാണ്. പന്ന്യന് വേണ്ടി മാത്രമല്ല, സിപിഐ മത്സരിക്കുന്ന എവിടെയും ഈ ഗാനം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.

തെരഞ്ഞടുപ്പ് പാട്ടെഴുത്ത് അത്ര നിസാരമല്ലെന്നും, ചിലപ്പോഴെങ്കിലും രാഷ്ട്രീയഭാവിയുടെ പ്രവചനം പോലും വരികളിൽ അങ്ങനെ കടന്നുകൂടാമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ഏപ്രിൽ 26 നാണ് കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 20 ലോക്സഭാ സീറ്റുകളാണ് കേരളത്തിലുള്ളത്.

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ബിജെപിയാണ് മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. മലപ്പുറത്ത് വെച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗം ചട്ടലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഭരണഘടനാ സംരക്ഷണ സമിതി നടത്തിയ ഭരണഘടനാ സംരക്ഷണ റാലിയിൽ പങ്കെടുത്തിരുന്നു. ഈ പരിപാടിയിൽ വെച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയാണ് ബിജെപിയുടെ പരാതി.

ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എക്‌സിക്യൂട്ടീവ് അംഗവുമായ കെ സുരേന്ദ്രൻ ആണ് പരാതി നൽകിയത്. മതത്തിന്റെ പേരിൽ മുഖ്യമന്ത്രി പ്രചാരണം നടത്തിയെന്നും തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നതെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് രാവിലെ 10.30 ന് മലപ്പുറം മച്ചിങ്ങൽ ബൈപ്പാസിന് സമീപം നടന്ന ബഹുജനറാലിയിൽ ആണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്ലിംങ്ങളെ രണ്ടാം തരം പൗരന്മാരായി മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഈ സമ്മേളനത്തിൽ പറഞ്ഞിരുന്നു. നിഷ്‌കസനം ചെയ്യേണ്ട വിഭാഗമായാണ് അവരെ ആർഎസ്എസ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ വിഭാഗക്കാരും ഒറ്റ മനസോടെയായിരുന്നു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് പോരാടിയത്. എന്നാൽ ഇന്ത്യയുടെ ആ സാംസ്‌കാരിക ചരിത്രത്തെ ഇല്ലാതാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. എൻഡിഎ കേന്ദ്ര സർക്കാർ ആർഎസ്എസിന്റെ അജണ്ട നടപ്പാക്കുകയാണ്. ഹിറ്റ്ലറുടെ ആശയങ്ങളാണ് ആർഎസ്എസിന്റേത്. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെ ഇല്ലാതാകുന്നതിൽ ജർമനി സ്വീകരിച്ച നടപടികൾ മാതൃകപരമാണെന്ന് ആർഎസ്എസ് മുമ്പ് പറഞ്ഞിട്ടുണ്ട്. സംഘടന രീതിക്ക് രൂപം കൊടുക്കാൻ ആർഎസ്എസ് നേതാക്കൾ പണ്ട് മുസോളിനിയെ പോയി കണ്ടിട്ടുമുണ്ട്. ആ രീതികൾ രാജ്യത്ത് നടപ്പാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള 5-ാം ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപിച്ച് ബിജെപി. കെ സുരേന്ദ്രനും ജി കൃഷ്ണകമാറും ഉൾപ്പെടെയുള്ളവർ സ്ഥാനാർത്ഥി പട്ടികയിലുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വയനാട്ടിലാണ് മത്സരിക്കുക.

സി കൃഷ്ണകുമാർ കൊല്ലത്തും കെ എ സ് രാധാകൃഷ്ണൻ എറണാകുളത്തും ടി എൻ സരസു ആലത്തൂരിലും മത്സരിക്കും. ഇതോടെ കേരളത്തിലെ എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായി.

രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ തന്നെ വയനാട്ടിൽ മത്സരിപ്പിക്കുന്നത്. ഇത്തവണ മത്സരിക്കില്ലെന്ന് നിലപാടിലായിരുന്നു കെ സുരേന്ദ്രൻ. കേന്ദ്ര നിർദേശം പ്രകാരമാണ് ഇത്തവണ കെ സുരേന്ദ്രൻ മത്സരിക്കുന്നത്.

അതേസമയം, നടി കങ്കണ റണാവത്ത് ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും. മനേക ഗാന്ധി സുൽത്താൻ പൂരിലാണ് മത്സരിക്കുക.

പറവൂർ: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎം നേതാക്കളെല്ലാം ബിജെപിക്ക് സ്‌പേസ് ഉണ്ടാക്കിക്കൊടുക്കാനുള്ള തിരക്കിലാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയെ ഭയന്നാണ് കേരളത്തിലെ സിപിഎം നിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിജെപി നിരവധി സ്ഥലങ്ങളിൽ രണ്ടാംസ്ഥാനത്ത് എത്തുമെന്നും മിടുക്കരായ സ്ഥാനാർഥികളുണ്ടെന്നുമാണ് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞത്. ഇപ്പോൾ രാജ്യത്തുതന്നെ കോൺഗ്രസിന്റെ മയ്യത്തെടുക്കാൻ പോകുകയാണെന്നാണ് മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗമായ എ കെ ബാലൻ പറഞ്ഞിരിക്കുന്നത്. അന്വേഷണം ഉണ്ടാക്കിയ അനിശ്ചിതത്വത്തെ തുടർന്നുള്ള ഭയം കൊണ്ടാണ് പിണറായി വിജയൻ അനുയായികളെക്കൊണ്ട് ബിജെപിയെ സന്തോഷിപ്പിക്കുന്ന പ്രസ്താവനകൾ പുറപ്പെടുവിപ്പിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

കോൺഗ്രസ് പരാജയപ്പെട്ടാൽ പിന്നെ ആര് ജയിക്കുമെന്നാണ് ബാലൻ പറയുന്നത്. പത്തോ പതിനെട്ടോ സീറ്റിൽ മാത്രം മത്സരിക്കുന്ന സിപിഎം അല്ലല്ലോ ജയിക്കുന്നത്. ബിജെപി ജയിക്കുമെന്നാണ് സിപിഎം നേതാവ് പറയുന്നത്. സിപിഎം മത്സരിക്കുന്നത് പാർട്ടിയുടെ അംഗീകാരവും ചിഹ്നവും സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നാണ് എ കെ ബാലൻ പറയുന്നത്. കേരളത്തിൽ മാത്രം അവശേഷിക്കുന്ന സിപിഎം വംശനാശം നേരിടുകയാണ്. ഇവർ മത്സരിക്കുന്നത് ബിജെപിയെ പരാജയപ്പെടുത്താനല്ല. അംഗീകാരവും കൊടിയും ചിഹ്നവും നഷ്ടപ്പെടാതിരിക്കാൻ സിപിഎം മത്സരിക്കുമ്പോൾ, വർഗീയ ഫാസിസ്റ്റ് ശക്തികളെ താഴെയിറക്കി അധികാരത്തിലേറാനാണ് കോൺഗ്രസ് മത്സരിക്കുന്നതെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

ഈനാംപേച്ചിയുടെയും മരപ്പട്ടിയുടെയും ചിഹ്നത്തിൽ മത്സരിക്കേണ്ടി വരുമെന്ന് അണികളെ ബോധ്യപ്പെടുത്തേണ്ട ഗതികേടിലേക്ക് സിപിഎം നേതാക്കൾ അധഃപതിച്ചു. ബംഗാളിൽ നാലും അഞ്ചും സ്ഥാനത്താണ് സിപിഎം സ്ഥാനാർഥികൾ. ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആ പാർട്ടിയാണ് കോൺഗ്രസിന്റെ മയ്യത്തെടുക്കാൻ നടക്കുന്നത്. തങ്ങളുടെ പ്രവർത്തകരെ മർദ്ദിക്കുകയും കൊല്ലുകയും ജയിലിലാക്കുകയും ചെയ്യുന്ന ക്രൂരന്മാരുടെ പാർട്ടിയാണ് കേരളത്തിലെ സിപിഎം. മുഖ്യമന്ത്രി എന്തിനാണ് ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയത്. മധ്യസ്ഥത വഹിച്ച ശ്രീ എമ്മിന് ഭൂമി പതിച്ച് കൊടുത്തത് എന്തിനാണ്. ഇതിനൊന്നും മറുപടിയില്ല. എന്നിട്ടാണ് ബിജെപിയുടെ ബി ടീമായി സിപിഎം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ കിറ്റിന് അടിമകളായി എന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. ജനങ്ങൾ കിറ്റിന് അടിമകളായെന്നും അതിൽ നിന്ന് മോചനം വേണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തൃശൂർ ലത്തീൻ പള്ളിയിലെ ഓശാന പെരുന്നാൾ ചടങ്ങുകളിൽ സുരേഷ് ഗോപി പങ്കെടുത്തു. രാവിലെ തന്നെ അദ്ദേഹം പള്ളിയിലെത്തിയിരുന്നു. പ്രദക്ഷിണത്തിൽ വിശ്വാസികൾക്കൊപ്പം അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. കുരുത്തോലയുമേന്തി പ്രദക്ഷിണത്തിൽ പങ്കെടുത്ത വിശ്വാസികളോട് അദ്ദേഹം ക്ഷേമാന്വേഷണം നടത്തി.

വിശ്വാസികൾക്കും പുരോഹിതർക്കും ഓശാന പെരുന്നാൾ ആശംസകൾ നേർന്ന ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ന്യൂഡൽഹി: ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിലും അമേഠിയിലും മത്സരിക്കാൻ വിസമ്മതിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ അമേഠി, റായ്ബറേലി മണ്ഡലങ്ങൾ ഉൾപ്പെട്ടിട്ടില്ല. ഇത് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

സോണിയ ഗാന്ധി മത്സര രംഗത്ത് നിന്നും മാറിയ സാഹചര്യത്തിൽ പ്രിയങ്ക എത്തിയില്ലെങ്കിൽ റായ്ബറേലിയും കൈവിട്ടുപോകുമെന്നാണ് പ്രവർത്തകർ ആശങ്കപ്പെടുന്നത്. 12 ഇടങ്ങളിലെ 46 സീറ്റുകളിലേക്കുള്ള പട്ടികയാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രഖ്യാപിച്ചത്. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉത്തർപ്രദേശ് പിസിസി അധ്യക്ഷൻ അജയ് റായ് കോൺഗ്രസ് സ്ഥാനാർഥിയാകും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും വാരണാസിയിൽ മോദിക്കെതിരെ അജയ് റായ് ആയിരുന്നു കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചത്.

അസം, ആൻഡമൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മിസോറാം, രാജസ്ഥാൻ, തമിഴ്നാട്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിൽ നിന്നായി 46 സ്ഥാനാർഥികളെയാണ് നാലാംഘട്ട പട്ടികയിൽ കോൺഗ്രസ് പ്രഖ്യാപിച്ചത്. സിക്കം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 18 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്നും കാർത്തി ചിദംബരം മത്സരിക്കും.

ബിഎസ്പി വിട്ട് കോൺഗ്രസിലേക്കെത്തിയ ഡാനിഷ് അലി ഉത്തർപ്രദേശിലെ അംറോഹയിൽ മത്സരിക്കും. പ്രാദേശിക ഘടകത്തിന്റെ എതിർപ്പ് തള്ളിയാണ് ഡാനിഷ് അലിയെ കോൺഗ്രസ് സ്ഥാനാർഥിയാക്കുന്നത്. മധ്യപ്രദേശിലെ രാജ്ഗഡിൽ നിന്നും ദിഗ് വിജയ് സിങും മത്സരിക്കും.